ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Google+ Followers

Tuesday, June 3, 2008

പേര്‍ഷ്യാപര്‍വ്വം

'ബാന്ദ്രേ അബ്ബാസിന്‍' വേലിയേറ്റത്തില്‍
തിരതീണ്ടിയ പരദേശി നീ,
അമീര്‍ ജഹാംഗീര്‍ ചാച്ചാ.....

കല്ലിച്ച അകപ്പൂഞ്ഞകളില്‍ സ്വപ്നം കുതിര്‍ന്ന മണല്‍പ്പച്ചകള്‍...
മദ്ധ്യധരണ്യാഴിയിലെ സ്വയം ഭൂവായ ഒട്ടകച്ചാലുകളിലൂടെ,
കടല്‍ കാമിച്ച് വറ്റിച്ച്, ഒടുവില്‍
ശിരോപാദം എണ്ണപ്പുഴകളെ സുരതം ചെയ്ത
മഞ്ഞത്താഴ്വരകളിലേക്ക്
താങ്കളടങ്ങിയ സാറ്ത്ഥവാഹക സംഘം.

കരുത്തുറ്റ പേശിയും വെയിലുരുക്കാത്ത കണ്ണുകളുമുണ്ടെങ്കില്‍
പൊക്കിള്‍കയറിനും കൊടിയടയാളങ്ങള്‍ക്കുമെന്തു പ്രസക്തി?
എന്നു നിരൂപിച്ചു കുതിച്ച യൗവ്വനം.
ഞാനീമണ്ണിന്റെ കനിവ്;
ഒടുവിലതിലെനിക്കൊരു പെട്ടി!
എന്നൊരു മദ്ധ്യപര്‍വ്വം
ഋതുവിന്‍ പീള ചേറ്ത്തടഞ്ഞ പ്രവാസത്തിന്‍റ്റെ
ഒറ്റമുറിയിലൊരു സായം കാലം.

വരണ്ട കണ്ണുകളിലെ തീക്കാറ്റിന്
ചത്വര തണുപ്പിന്റെ ഭൗതികച്ചുമരുകളില്‍
ഒരു നേര്‍ത്ത വിള്ളലേല്പ്പിക്കാന്‍പോലുമാകില്ല.

പ്രവാസത്തില്‍ ചുരുങ്ങിയ ചുമരുകളില്‍
നിന്നടര്‍ന്ന മണ്‍കട്ടക്കിടയിലൂടെ
സ്വത്വകല്പ്പനയുടെ ഏത് കറുത്ത മേഘങ്ങളാണ്‌
താങ്കള്‍ക്ക് കുളിരു തന്നിരുന്നത്?
(നഗരമോടിയുടെ വെളുത്ത കാവല്‍ക്കാര്‍
കമ്പി കെട്ടിയ വണ്ടിയിലേക്ക്
താങ്കളെ വലിച്ചിഴക്കുന്നത് വരെ)

കവിള്‍ത്തീരങ്ങളില്‍ കീറിപ്പടര്‍ന്ന
കപ്പല്‍ചാലുകളിലെവിടെയോ ഭൂതകാലത്തിന്റെ
പായക്കപ്പലുകള്‍ നങ്കൂരമിട്ടുവോ?


ഏലവും തേക്കും പൂത്ത പനന്തടുക്കില്‍ നിന്ന്
താങ്കളടര്‍ന്നപ്പോള്‍
അതിനെന്റെ തുറമുഖത്തിന്റെ അണ്ടിയെണ്ണയുടെ ഗന്ധം

ഇടിഞ്ഞു കുതിര്‍ന്ന ചുണ്ടുകളില്‍
ദ്രാവിഡ ചുംബനത്തിന്റെ കരിവളപ്പൊട്ടുകള്‍

നീ കുടിച്ചു തുഴഞ്ഞ ആര്യകുംബത്തിന്റെ
മുലക്കണ്ണുകളുടെ തീരസ്മൃതികളില്‍
അസുരകാലത്തിന്റെ അണുവിന്യാസമാണ്‌.

ആശ്രിതപ്രേതാത്മാക്കള്‍ക്കായ്
അറേബ്യാധീശ സ്നാനഘട്ടങ്ങളില്‍
നഗരമോടിയുടെ നാക്കിലയില്‍ ബലിതര്‍പ്പണം.

പക്ഷേ അതിന്റെ ബലിച്ചോറുപോലും
കടല്‍കടന്ന നരച്ച ബലിക്കാക്കകള്‍ക്കന്യം.

__________________________________________________________________
"ബാന്ദ്രേ അബ്ബാസ്" : "ബന്തര്‍പോസ്ത്" , "ബന്തറ‍ബോസ്" എന്നൊക്കെ വാമൊഴിയില്‍
അറിയപ്പെടുന്ന ഇറാനിലെ പ്രശസ്തമായ തുറമുഖം.

സമര്‍പ്പണം : അമീര്‍ ജഹംഗീര്‍ ചാച്ചായ്ക്ക്,
എഴുപതുകളിലും അതിനു മുന്‍പും ലോഞ്ചുകളിലും, ഒട്ടകപ്പുറത്തേറിയുമൊക്കെ
ഇറാനില്‍ നിന്നും മറ്റു അറബ് പ്രവിശ്യകളില്‍ നിന്നുമൊക്കെയായി ഇവിടെയെത്തി
ഇവിടെയെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍
മതിയായ താമസരേഖകളില്ലാത്തതിനാല്‍ നാടു കടത്താന്‍
വിധിക്കപ്പെട്ടവരുടെ ഒരു പ്രധിനിധി
പിന്നെ അനുദിനം കുടിയിറക്ക് ഭീഷണി നേരിടേണ്ടി വരുന്ന പാവം പ്രവാസികള്‍ക്കും.

13 comments:

Ranjith chemmad said...

പ്രവാസത്തില്‍ ചുരുങ്ങിയ ചുമരുകളില്‍
നിന്നടര്‍ന്ന മണ്‍കട്ടക്കിടയിലൂടെ
സ്വത്വകല്പ്പനയുടെ ഏത് കറുത്ത മേഘങ്ങളാണ്‌
താങ്കള്‍ക്ക് കുളിരു തന്നിരുന്നത്?
(നഗരമോഡിയുടെ വെളുത്ത കാവല്‍ക്കാര്‍
കമ്പി കെട്ടിയ വണ്ടിയിലേക്ക്
താങ്കളെ വലിച്ചിഴക്കുന്നത് വരെ)

തണല്‍ said...

രഞ്ജിത്തേ,
ഞാന്‍ പകരം വീട്ടുന്നു.ഇതാ എന്റെ വക നാടമുറിക്കല്‍!നഗരമോ‘ടി‘യാണോന്ന് വര്‍ണ്ണത്തിലാശങ്ക..പിന്നൊരു കാര്യം കൂ‍ടി-നമ്മളിലെവിടെയാ രഞ്ജിത്തേ സ്വാര്‍ത്ഥത?ഈ പ്രവാസത്തിന്റെ തീക്കാറ്റിനൊപ്പം വരികള്‍ക്കും തീ പിടിക്കുന്നല്ലോ ഭായീ!:)

Ranjith chemmad said...

മോടി തന്നെയാണ്‌ ശരി, മോടി മാത്രമാണ്‌ ശരി
നന്ദി, തിരുത്തിയതിന്‌...
തേങ്ങയുടച്ചതിന്‌..

പാമരന്‍ said...

കനമുള്ള വരികള്‍..

പല ബിംബങ്ങളും പരിചിതമല്ല. അരിച്ചെടുക്കാന്‍ കഴിഞ്ഞതൊക്കെ പൊന്നു തന്നെ.

ജ്യോനവന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

അയ്യോ! പിന്നെ വന്നു വായിച്ചപ്പോഴാണ്
ഒരക്ഷരം വള്ളിപോയി മലര്�ന്നുകിടക്കുന്നു!
തിരക്കുകൊണ്ടാവണം. മാപ്പ്.
ഡിലീറ്റ് ചെയ്യുന്നു.

ശ്രീ said...

“കവിള്‍ത്തീരങ്ങളില്‍ കീറിപ്പടര്‍ന്ന
കപ്പല്‍ചാലുകളിലെവിടെയോ ഭൂതകാലത്തിന്റെ
പായക്കപ്പലുകള്‍ നങ്കൂരമിട്ടുവോ?”

ശക്തമായ വരികള്‍, മാഷേ.
:)

കാവലാന്‍ said...

"കരുത്തുറ്റ പേശിയും വെയിലുരുക്കാത്ത കണ്ണുകളുമുണ്ടെങ്കില്‍
പൊക്കിള്‍കയറിനും കൊടിയടയാളങ്ങള്‍ക്കു..."

ചോരത്തെളപ്പുള്ളപ്പോള്‍ കുരുത്തമെന്തിന് എന്ന്,

എന്നാല്‍ പലായനം പോലെ,മരണം പോലെ,നിറഞ്ഞ പച്ചപ്പില്‍ നിന്നും നീരറ്റ മരുവിന്റെ മാറില്‍ വീണ്ടുമൊരു ജനിയുടെ,മുലപ്പാലിന്റെ മാധുര്യം തേടിയും ചിലര്‍.

ബിംബങ്ങളുടെ ധാരാളിത്തത്തില്‍ കവിത ഒളിച്ചു കളിക്കുന്നുണ്ട്.

തുടരുക ഭാവുകങ്ങള്‍.

Anonymous said...

മുഴുവനും എനിക്കങ്ങു മനസിലായില്ലെങ്കിലും കനപ്പെട്ട ചില ബിംബങ്ങളെനിക്കു ചുട്ടും കറങ്ങുന്നു.....

Shooting star - ഷിഹാബ് said...

ഒന്‍പതു സുന്ദരന്‍മാര്‍ക്കും സുന്ദരികള്‍ക്കും ഇടയില്‍ ഒരു വിരൂ‍പന്‍ (ചുമ്മാ) ഇങ്ങീ പറയുന്നു “ എന്തൊരു എഴുത്താണെന്റെ ഇഷ്ട്ടാ. കലക്കീ ട്ടോ”.

ഗീതാഗീതികള്‍ said...

പ്രവാസജീവിതം വിഷമിപ്പിക്കുന്നുവോ രണ്‍ജിത്തേ ?

Kichu & Chinnu | കിച്ചു & ചിന്നു said...

കൊള്ളാം.. ഫോട്ടോയും കലക്കി....

Ranjith chemmad said...

തണല്‍,
പാമരന്‍,
ജ്യോനവന്‍,
ശ്രീ,
കാവലാന്‍,
payyans ,
ഷിഹാബ്,
ഗീതാഗീതികള്‍,
കിച്ചു & ചിന്നു

നന്ദി വായിച്ചതിന്‌
വിലയേറിയ പ്രോല്‍സാഹനത്തിന്‌!

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner