ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Google+ Followers

Monday, March 29, 2010

ജനല്‍‌പ്പാടങ്ങള്‍ (കവിത)

ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍
മുക്കള്ളിക്കപ്പുറം മുഴുവയല്‍
വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു...
എ.സി. ഹോളൊരു മഞ്ഞുപാടത്തേയ്ക്കുള്ളിടവഴിയെന്നും,
ഹസ്ബെന്‍‌ഡ് വിസയില്‍ ഗള്‍ഫിലെത്തിയ
റോസീ തോമസ് ഈയിടെയാണ് കൃഷി തുടങ്ങിയത്!

കര്‍ട്ടന്‍,
ഉപ്പുപാടങ്ങള്‍ക്കും തീന്മേശയ്ക്കുമിടയിലെ
വെയില്‍ വേലിയുടെ ഊടുപാവുകളാണെന്ന്
അകത്തിടകൃഷി ചെയ്യുന്ന
അടുക്കളക്കര്‍ഷകയവശയാകുന്നു.

പെഷവാറിന്റെ ചരിവുപാടങ്ങളില്‍
ഗന്ധകപ്പൂ വിരിയുന്നതും
അരയില്‍ വിരലമര്‍ത്തിയുടപ്പിറപ്പ്
ചുവന്ന പൂപ്പാടമായതും,
പതിനൊന്നാം നിലയിലെ ജനലിനിപ്പുറം
ജമീലയെന്ന പാക് ഹൗസ്മേഡ്
കണ്ണീരുതേവിത്തേവിയൊരു ഗന്ധകപ്പാടം കരിക്കുന്നു.

കുലയില്‍ ഹോര്‍മോണ്‍ മെഴുകിയ
മനിലയിലെ പഴത്തോട്ടങ്ങള്‍,
പാതിമഞ്ഞപ്പഴം തിന്ന പൗരുഷമിടിഞ്ഞ ബക്ലകള്‍!
സ്ലൈഡര്‍ വിന്‍ഡോയ്ക്കപ്പുറം
പുരുഷനെ ദാഹിച്ചൊരു ഫിലിപ്പീനിപ്പെണ്‍കൊടി
ജൈവകൃഷിയ്ക്ക് കന്ന് പൂട്ടുന്നു.

പ്രിയ മരിയാ തജിക്കീ...
പശിമരാശിയില്‍ കൂട്ടുകൃഷിയിറക്കാതെ,
നിന്നെ മുഴവന്‍ പാട്ടത്തിനെടുത്താണ്
കുഴഞ്ഞ ചെളിപ്പശയില്‍ നിനക്കു ചുറ്റും
വരമ്പു പണിഞ്ഞത്.
വെള്ളം തേവിയ രാത്രികള്‍‌ക്കിപ്പുറം
വിളഞ്ഞവയലിലെ തേക്ക് നിന്നതും
വരമ്പ് പൊട്ടിയൊരാണിച്ചാലായ്
കൂട്ടുകൃഷിയുടെ സുഖം തേടി നീ.

ജനല്‍‌ വാസ്തുവിനോരോ കൃഷിനേരുകളുണ്ട്.
കള്ളിജനലുകള്‍ സ്വന്തം കണ്ടത്തിലേക്ക്
വെള്ളം തിരിക്കുമ്പോള്‍
സ്ലൈഡര്‍ വിന്‍ഡോകളധികവും
ഇരുകണ്ടം തിരിയുമെന്നും
ഗ്രില്ലില്ലാ കര്‍ട്ടന്‍ ഗ്ലാസുകള്‍
വയല്‍മുഴുപ്പിലേയ്ക്ക് ഒലിച്ചുകൊണ്ടേയിരിക്കുമെന്നും
പറഞ്ഞാണ് വേലുവാശാരി
സീ വ്യൂ നെറ്റ് സ്ലൈഡറിനീയിടെ ഗ്രില്ലിട്ടത്.

37 comments:

Ranjith chemmad said...

ഗള്‍ഫ് വാസികളുടെ ജനല്പ്പാടങ്ങള്‍...

വിഷ്ണു പ്രസാദ് said...

ജനല്‍പ്പാ‍ടങ്ങളും കവിതപ്പാടവും നിറയുന്നു...

Mukesh said...

കര്‍ട്ടന്‍,
ഉപ്പുപാടങ്ങള്‍ക്കും തീന്മേശയ്ക്കുമിടയിലെ
വെയില്‍ വേലിയുടെ ഊടുപാവുകളാണെന്ന്
അകത്തിടകൃഷി ചെയ്യുന്ന
അടുക്കളക്കര്‍ഷകയവശയാകുന്നു.
touchinggg....

പട്ടേപ്പാടം റാംജി said...

ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍

പഴമയെ ആട്ടിയിറക്കാന്‍ പണിതന്നെ.
നന്നായ്‌...

സോണ ജി said...

ഉത്തരാധുനിക കവിതയുടെ എല്ലാ മട്ടും ഭാവങ്ങളും ഉണ്ട് .കണ്ടം എന്നത് ഞങ്ങള്‍ വയലിനും പറയാറുണ്ട്.ഒരു കണ്ടം വയല്‍ എന്നത്......ആശങ്കയുളവാക്കുന്നെന്നില്‍.....

Rahul said...

പ്രിയ രഞ്ജിത്ത്...മനോഹരമായിരിക്കുന്നു ഈ പ്രവാസിജീവിതതിന്റെ നിമിഷങ്ങള്‍ പങ്കുവെയ്കുന്ന കവിത ...
ആശംസകള്‍...അതില്‍ പരം പറയാന്‍ ഞാന്‍ യോഗ്യനല്ല

തണല്‍ said...

ഈ കണ്ടത്തിലാകെ അസ്വസ്ഥതയുടെ ഗന്ധകപ്പൂ പൂത്തുലയും ഗന്ധം!


ഓ.ടോ:-ഈയിടെ കൃഷി തുടങ്ങിയ ഈ റോസി തോമസ് എവിടുത്തുകാരിയാ..?നമ്പറുണ്ടോ കയ്യില്‍?
:)

ഞാന്‍ ഇരിങ്ങല്‍ said...

സ്ത്രീ പക്ഷ കവിത നന്നായിരിക്കുന്നു.
ഹസ്ബെന്‍ ഡ് വിസയില്‍ ഗള്‍ഫിലെത്തിയ റോസി തോമസുമാര്‍ കൃഷി തുടങ്ങുന്നത് അങ്ങിനെയാണ്!.

സകലമാന ജനങ്ങളും അധിവസിക്കുന്ന ഗള്‍ഫ് പശ്ചാത്തലവും വിവ്ധങ്ങളായ ചിന്തകളാല്‍ പ്രക്ഷുബ്ധമാകുന്ന സ്ത്രീ മനസ്സും വരച്ചിടുന്നതില്‍ ഒരു പരിധി വരെ രഞ്ചിത്ത് വിജയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ദുരവസ്ഥയും, ഫിലിപ്പേനിയുടെ പൊതു സ്വഭാവങ്ങളും പറയുന്നുണ്ടെങ്കിലും പൊട്ടിത്തെറിക്കാന്‍ ഇനിയും ഗന്ധകം നിറക്കുക തന്നെ വേണം.

ജനലുകളെ വയലുകളും കൃഷിഭൂമിയുമായി ബന്ധപ്പെടുത്തുന്ന കവിത നന്നായി എന്നു തന്നെ പറയാം.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കവിത വിളയുന്നു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഗ്രില്ലില്ലാ കര്‍ട്ടന്‍ ഗ്ലാസുകള്‍
വയല്‍മുഴുപ്പിലേയ്ക്ക് ഒലിച്ചുകൊണ്ടേയിരിക്കുമെന്നും..


:)

നന്നായി

പകല്‍കിനാവന്‍ | daYdreaMer said...

!! ഹാ രഞ്ജിത്ത് .. ജനൽ..കർട്ടൻ..പാടം..റോസിത്തോമസ്..പെഷവാർ...മനില...മരിയാ ...സീ വ്യൂ നെറ്റ് സ്ലൈഡർ..
:) u SAID!

Yesodharan said...

കവിത അനുഭവമാകുന്നതിന്റെ തീക്ഷ്ണതയുണ്ട് ഈ വരികളില്‍...
മനോഹരം .......

junaith said...

പലതരം കൃഷികളും,കര്‍ഷകരും..
മുന്‍വാതിലൊഴിവാക്കിയീ
ജനാല കര്‍ഷകര്‍...

വഷളന്‍ (Vashalan) said...

ജനല്‍ വരമ്പില്‍ കവികര്‍ഷകന്‍ ഉഴുതു, ഞാറ്റടിച്ചു, വിതച്ചു കൊയ്ത ദൃശ്യവിളവു ഇങ്ങ് ദൂരെ എനിക്ക് ഒരു നേരത്തെ ആസ്വാദനഭോജനമായി.

വളരെ സ്വാദിഷ്ടം. വിശപ്പ്‌ മാറി. ഒരേമ്പക്കവും വിട്ടു.

പാമരന്‍ said...

ഡേയ്‌, തകര്‍ക്കുവാണല്ലോ!

ചന്ദ്രകാന്തം said...

ജനല്‍പ്പാടത്തെ ജൈവവൈവിദ്ധ്യങ്ങള്‍!!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വെള്ളം തേവിയ രാത്രികള്‍‌ക്കിപ്പുറം
വിളഞ്ഞവയലിലെ തേക്ക് നിന്നതും
വരമ്പ് പൊട്ടിയൊരാണിച്ചാലായ്
കൂട്ടുകൃഷിയുടെ സുഖം തേടി നീ.


വരികള്‍ വായിക്കുന്നതിനേക്കാള്‍ ആഴവും പരപ്പും വരികള്‍ക്കിടയില്‍ വിദഗ്ദമായി ഒളിപ്പിച്ചിരിക്കുന്നു .... സബാഷ് ..

ഞാന്‍ വരികള്‍ക്കിടയിലൂടെ ഒന്നു കൂടി വായിക്കട്ടെ ..

അഭിനന്ദനങ്ങള്‍ രഞ്ജിത്ത്

T.A.Sasi said...

ചെമ്മാടിന്റെ കവിത
വല്ലാതെ മാറിയിരിക്കുന്നു
കവിത വായിക്കുമ്പോള്‍
ഒരു കവിയുടെ വളര്‍ച്ച
ആഹ്ലാദം തരുന്നു ..

n.b.suresh said...

ഞാന്‍ അതിവിടെ അവസാനിപ്പിച്ചു,
നമ്മുടെതായ ലോകം
ജനലിലൂടെ നോക്കിനില്‍ക്കാന്‍ വേണ്ടി.
(പാബ്ലോ നെരുദ)
നീ വെറുതെ കളഞ്ഞതാണ്
നിന്റെ സ്വന്തമായിരുന്നത്.
(നെരുദ)
ഞാന്‍ എന്തായിരുന്നു എന്നതിലേക്കും
എന്താണ് എന്നതിലേക്കും
മടങ്ങി വരാനല്ല ഞാന്‍ തിരിച്ചുപോകുന്നത്.
ഇതിലതികം സ്വയം വഞ്ചിക്കാന്‍
ഞാനിഷ്ടപ്പെടുന്നില്ല.
പിന്നോട്ട് അലയുന്നത് അപകടമാണ്.
പെട്ടന്നതാ ഭൂതകാലം തടവറയായി
മാറിയിരിക്കുന്നു.
(നെരുദ)
ജനല്പാടങ്ങള്‍ വായിച്ചപ്പോള്‍
പെട്ടന്ന് ഈ വരികള്‍ ഓര്‍മ്മ വന്നു.
സച്ചിദാനന്ദന്റെ കവിതകളിലും
അയ്യപ്പ പണിക്കരുടെ കവിതകളിലുമാണ്
നമ്മള്‍ അപരിചിത ദേ ശങ്ങലെയും മനുഷ്യരെയും കണ്ടത്.
ആ ഒരു അന്തരീക്ഷം ഇവിടെയുണ്ട്.
കണ്ണീരിലൂടെയും നിലവിളികളിലുടെയും
മനുഷ്യന്റെ ഉള്ളിലേക്കും കാലങ്ങളിലെക്കും പോകുന്നു.
പക്ഷെ, ഏകാഗ്രത നഷ്ടമായി. ഒരുപാട് പേരുടെ ജീവിതങ്ങള്‍
കവിതയിലേക്ക് വന്നപ്പോള്‍ ഫീല്‍ കുറഞ്ഞു.
ഗ്രില്ല്, സ്ലയ്ടെര്‍, ഗന്ധകപ്പാടം, തുടങ്ങി ചില ആവര്‍ത്തനം.
പത്തിടങ്ങഴി വെള്ളമൊഴിച്ച് ഒരിടങ്ങഴിയായി കുറുക്കിയെടുക്കുന്ന
ആയുര്‍വേദ തന്ത്രം കവികള്‍ക്കും പാലിക്കാം.
അരിസ്ടോട്ടില്‍ പറഞ്ഞ പോലെ കല ഒരു ചികിത്സയല്ലേ.
ബാക്കി പോസ്റ്റുകള്‍ പിന്നാല്‍ വായിക്കും.

Neena Sabarish said...

ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍
മുക്കള്ളിക്കപ്പുറം മുഴുവയല്‍
വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു...മനോഹരം....

Ranjith chemmad said...

നന്ദി, വായിച്ചഭിപ്രായമറിയിച്ച എല്ലാവര്‍ക്കും...

Ranjith chemmad said...

വിഷ്ണുമാഷിന്റെ ഒരു കൈയ്യൊപ്പ് വളരെ സന്തോഷം തരുന്നു...
രാജൂ മാഷേ, സുരേഷ് സാര്‍,
വിശദമായി വിലയിരുത്തിയതിന്‌ നന്ദി വാക്കുകളിലൊതുക്കുന്നില്ല....
തുടര്‍ന്നും ഈ വഴി, പ്രതീക്ഷിക്കുന്നു...

എം.പി.ഹാഷിം said...

കവിത നന്നായി
അവിടെ കൂട്ടാത്തില്‍ വായിച്ചതാണിത്.
ഇവിടെ പുതിയ എഴുത്ത് തേടി വന്നതാ.

വീണ്ടും വരാം
സ്നേഹം ........

സ്മിത മീനാക്ഷി said...

ജനലരികില്‍ വിളയുമീ കവിതപ്പാടം മനോഹരം..

നിയ ജിഷാദ് said...

കൊള്ളാം ...

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പ്രവാസത്തിന്റെ തിരിശേഷിപ്പുകള്‍

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

നല്ല വരികള്‍..
വരികള്‍ക്കിടയില്‍ കവിതയുറ്റുന്നു..

വാക്കുകള്‍
വക്കുപൊട്ടാതെ..

ഭാവുകങ്ങള്‍..

Basil Joseph said...

ഈ കവിതയുടെ പ്രചോദനം എത്ര അസ്വസ്ഥവും ഉത്ഭവം എത്ര മനോഹരവുമാണ്.

Anonymous said...

താങ്കള്‍ ഒരു ബിംബ രാജാവ് തന്നെ . പുതിയകാല കവിതകളില്‍ എനിയ്ക്കേറ്റവും ഇഷ്ടമുള്ള ഒരു ശൈലി..കവിതയുടെ ആശങ്ങളിലുപരി ഞാന്‍ നോക്കുന്നത് അതിന്റെ സാങ്കേതികതയാണ്‌ .ഇതും എനിയ്ക്കിഷ്ടമായി...ആശംസകള്‍..

Kalavallabhan said...

ഈ കൃഷിയിലും കവിതയ്ക്ക് നൂറുമേനി

the man to walk with said...

ho..
ishtaayi

Anonymous said...

ഞാനും ഇവിടെയെത്തി.. കവിതയെ പരിചയപ്പെട്ടു .. വളരെ നന്നായി എഴുതിയിരിക്കുന്നു.. ആശംസകൾ

വരവൂരാൻ said...

ഈ മരുഭുമിയിൽ
ജനൽ പാടങ്ങളും ഇല്ലായിരുന്നെങ്കിൽ

കുറെ നാളായ്‌ നെറ്റിലും ബ്ലോഗിലും. നന്നായിട്ടുണ്ട്‌.

Anonymous said...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ManzoorAluvila said...

പ്രവാസത്തിന്റെ പാടങ്ങളിൽ കാണുന്ന, കാണാതെ പോകുന്ന കാഴ്ചകൾ ഈ പാടത്ത്‌ നന്നായ്‌ വിളയിച്ചിരിക്കുന്നു..വ്യത്യസ്തമായ രചനാ ശൈലിയും..രഞ്ജിത്തിനു എല്ലാ ഭാവുകങ്ങളും

Pranavam Ravikumar a.k.a. Kochuravi said...

:-)) Good!!!

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner