ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, March 29, 2010

ജനല്‍‌പ്പാടങ്ങള്‍ (കവിത)

ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍
മുക്കള്ളിക്കപ്പുറം മുഴുവയല്‍
വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു...
എ.സി. ഹോളൊരു മഞ്ഞുപാടത്തേയ്ക്കുള്ളിടവഴിയെന്നും,
ഹസ്ബെന്‍‌ഡ് വിസയില്‍ ഗള്‍ഫിലെത്തിയ
റോസീ തോമസ് ഈയിടെയാണ് കൃഷി തുടങ്ങിയത്!

കര്‍ട്ടന്‍,
ഉപ്പുപാടങ്ങള്‍ക്കും തീന്മേശയ്ക്കുമിടയിലെ
വെയില്‍ വേലിയുടെ ഊടുപാവുകളാണെന്ന്
അകത്തിടകൃഷി ചെയ്യുന്ന
അടുക്കളക്കര്‍ഷകയവശയാകുന്നു.

പെഷവാറിന്റെ ചരിവുപാടങ്ങളില്‍
ഗന്ധകപ്പൂ വിരിയുന്നതും
അരയില്‍ വിരലമര്‍ത്തിയുടപ്പിറപ്പ്
ചുവന്ന പൂപ്പാടമായതും,
പതിനൊന്നാം നിലയിലെ ജനലിനിപ്പുറം
ജമീലയെന്ന പാക് ഹൗസ്മേഡ്
കണ്ണീരുതേവിത്തേവിയൊരു ഗന്ധകപ്പാടം കരിക്കുന്നു.

കുലയില്‍ ഹോര്‍മോണ്‍ മെഴുകിയ
മനിലയിലെ പഴത്തോട്ടങ്ങള്‍,
പാതിമഞ്ഞപ്പഴം തിന്ന പൗരുഷമിടിഞ്ഞ ബക്ലകള്‍!
സ്ലൈഡര്‍ വിന്‍ഡോയ്ക്കപ്പുറം
പുരുഷനെ ദാഹിച്ചൊരു ഫിലിപ്പീനിപ്പെണ്‍കൊടി
ജൈവകൃഷിയ്ക്ക് കന്ന് പൂട്ടുന്നു.

പ്രിയ മരിയാ തജിക്കീ...
പശിമരാശിയില്‍ കൂട്ടുകൃഷിയിറക്കാതെ,
നിന്നെ മുഴവന്‍ പാട്ടത്തിനെടുത്താണ്
കുഴഞ്ഞ ചെളിപ്പശയില്‍ നിനക്കു ചുറ്റും
വരമ്പു പണിഞ്ഞത്.
വെള്ളം തേവിയ രാത്രികള്‍‌ക്കിപ്പുറം
വിളഞ്ഞവയലിലെ തേക്ക് നിന്നതും
വരമ്പ് പൊട്ടിയൊരാണിച്ചാലായ്
കൂട്ടുകൃഷിയുടെ സുഖം തേടി നീ.

ജനല്‍‌ വാസ്തുവിനോരോ കൃഷിനേരുകളുണ്ട്.
കള്ളിജനലുകള്‍ സ്വന്തം കണ്ടത്തിലേക്ക്
വെള്ളം തിരിക്കുമ്പോള്‍
സ്ലൈഡര്‍ വിന്‍ഡോകളധികവും
ഇരുകണ്ടം തിരിയുമെന്നും
ഗ്രില്ലില്ലാ കര്‍ട്ടന്‍ ഗ്ലാസുകള്‍
വയല്‍മുഴുപ്പിലേയ്ക്ക് ഒലിച്ചുകൊണ്ടേയിരിക്കുമെന്നും
പറഞ്ഞാണ് വേലുവാശാരി
സീ വ്യൂ നെറ്റ് സ്ലൈഡറിനീയിടെ ഗ്രില്ലിട്ടത്.

Wednesday, March 10, 2010

ഭോഗ വൃക്ഷങ്ങളുടെ കാട്

കേമനാഷു? രുക്സാനാ ബംഗാളീ,
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!

നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.

മാന്‍‌ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

'ഭോഗ വൃക്ഷങ്ങളുടെ കാട്' പുതിയ കവിത, ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner