ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Google+ Followers

Friday, November 14, 2008

പ്രണയ ബലി..(കവിത)

നോവൂറിപ്പിളര്‍ന്ന കൈവഴി,
നിണക്കരിയോര്‍മ്മയൊലിപ്പിച്ച്,
നിലാബലി ചെയ്തിന്നു നീ, നിളേ...
നിന്റെ തെളിനീരിലിതളും തുളസിയും
നുകര്‍ന്നതിറ്റു നെറുകിലും ചാര്‍ത്തി ഞാന്‍..
കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രമിനി,യെന്റെയുഷ്ണങ്ങളില്‍!

ബലിപ്പൊള്ളലേറ്റ നിന്‍ മാറിടം..
കെട്ടുതാലിയറ്റ കരയിടം..
മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍‌ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍
പവിത്രക്കെട്ടില്‍ മുറുകിയ വയറിടം
മണല്‍‌പ്പൊക്കിളിലൊരുതുടം വെള്ളരി...

യവനസുന്ദര മദ മാമലപ്പെണ്ണു നീ,
കാവ്യമീരടി തേടിയലഞ്ഞ ഞാന്‍
നിന്റെ മാറിലൂടാറിപ്പടര്‍ന്നതും
നിന്നിലാടിത്തിമിര്‍ത്തു പൊഴിഞ്ഞതും
പിന്നെയാറിയിറങ്ങിയ മദതപം
കാവ്യ കൈവഴിയായിപ്പിറന്നതും...

ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....

26 comments:

രണ്‍ജിത് ചെമ്മാട്. said...

നിള...
എന്റെ പ്രണയിനി, ഉടുതുണിക്ക് മറുതുണിയില്ലാതെ,
അരച്ചാണ്‍ വയറു നിറയാതെ, ചിതാഭസ്മവും
ബലിച്ചോറും മാത്രം കഴിച്ച്....
ഒരു പഴയ കവിത പൊടിതട്ടി പോസ്റ്റുന്നു..

ചന്ദ്രകാന്തം said...

പ്രകാശം പരത്തുന്ന എത്രയോ..കാൽ‌പ്പാടുകൾ പതിഞ്ഞതാണാ മണൽത്തിട്ടകൾ....വരും തലമുറയ്ക്കുള്ള അടയാള വാക്കുകൾ ആണ് അവ ഓരോന്നും. വെള്ളിനൂലുപോലെ ശോഷിച്ചുപോയ ആത്മാവിനെ കാണാനാവുന്നു വരികളിൽ.

saijith said...

നന്നായിടുണ്ട് രന്ജിത് , വായനയുടെ ജീവന്‍ എന്നും ഒഴുക്കാണ് ഇവടെ ഞാന്‍ നല്ല ഫ്ലോ കാണുന്നു, നല്ല കാമ്പുള്ള കവിത ...........!!!ഒരു വിയോജിപ്പ്‌ ഞാന്‍ മുകളില്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ട ആളല്ല (സുന്ദരികളും സുന്ദരന്മാരും )ഹേ ഹേ ഹേ .....!!

ബിജു രാജ് said...

ചിതാഭസ്മ നിമഞ്ജനം, ബലിതര്‍പ്പണത്തിനൊരിടം
ഇതൊക്കെയായി ചുരുങ്ങി, നിളയുടെ ദൗത്യം...
കാവ്യതീരങ്ങളിലൂടെ തീര്‍ത്ഥവാഹകയായ് ഒഴുകിയിരുന്ന
നിളയ്ക്കുള്ള ഒരു ശോകഗീതം തന്നെയിത് ...
സഹതപിക്കുന്നു... ഞാനും നിളേ.....

പാമരന്‍ said...

ഒരിക്കലുമൊന്നിറങ്ങി കാലു നനച്ചിട്ടില്ലെങ്കിലും നിള ഒരു നൊസ്റ്റാള്‍ജിയ തന്നെ.

ഭീദിതമായ വിലാപം. ആര്‍ക്കെങ്കിലുമൊന്നു ചൊല്ലിക്കേള്‍പ്പിച്ചൂടെ?

ഓ.ടോ. അച്ചരപ്പിശാശു കേറിയിട്ടുണ്ടല്ലോ

രണ്‍ജിത് ചെമ്മാട്. said...

പാമുവണ്ണാ.. കണ്ടതു തിരുത്തി.. നന്ദി... ചൂണ്ടിക്കാട്ടിയതിന്....

പിന്നെ പറഞ്ഞപോലെ ഇത് പാടിക്കേള്‍പ്പിക്കാനുള്ളതാണ്...
ഇടയ്ക്ക വായിച്ചു ചൊല്ലുന്ന രീതിയില്‍ ഒരു വീഡിയോ ആല്‍ബം പ്രൊജക്ട് ഉണ്ട്...
അതിനു മുന്നോടിയാണിത്...

പാമരന്‍ said...
This comment has been removed by the author.
lakshmy said...

കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രം...
ഇനി ശുഷ്കതാളത്തിലൊഴുകുക..

ഇത് നിളയുടെ ദുഖചിത്രം, കാവ്യമീരടി തേടിയലഞ്ഞ കവിയുടെ ദുഖവും
നല്ല വരികൾ രൺജിത്

മയൂര said...

നിളയുടെ വിലാപം, വാക്കുകളിലുടനീളം ഒഴുക്കൊടെ ഒഴുകുന്നു. വീഡിയോ വേഗം പോരട്ടെ :)

ആശംസകൾ...

ഏകാന്തതാരം said...

ആത്മാക്കളുടെ ശാന്തിക്കായി ഇത്തിരി പ്രാണന്‍ അവശേഷിപ്പിച്ചു കാത്തിരിക്കുന്നു നിള.. വേദന ഞാനും അറിയുന്നു...നന്ദി...

ശ്രീവല്ലഭന്‍. said...

നിളയോടുള്ള പ്രണയം ഒരു വിലാപമായി എഴുതുവാനെ കഴിയൂ! കവിത നന്ന്.....

Mahi said...

നന്നായിട്ടുണ്ട്‌

Rare Rose said...

നിള...അവളിലൂടൊഴുകി തളിര്‍ത്ത കാവ്യവല്ലരികള്‍...അവളൂട്ടി വളര്‍ത്തിയ മഹാന്മാര്‍...കടന്നു കയറ്റങ്ങള്‍ക്കെതിരെ ശോഷിച്ചാണെങ്കിലും ഒരോര്‍മ്മപ്പെടുത്തല്‍ പോലെ അവള്‍ക്കൊഴുകിയേ പറ്റൂ..ശക്തമായ വരികള്‍ രന്ജിത് ജീ...നിളയ്ക്കായുള്ള ഈ വിലാപം വീഡിയോയില്‍ ഉടനെ കാണാകുമെന്നു വിശ്വസിക്കുന്നു.....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല കവിത.

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ സുഹൃത്തിനോടൊപ്പം ലോറിയില്‍ മണല്‍ കൊണ്ടുവരാനായിരുന്നു ആദ്യമായി നിളയില്‍ പോയത്. പിന്നെ ബലിയിടാന്‍. ഇപ്പോള്‍ എല്ലാ ലീവിലും കുറേ നാള്‍ അവിടെ ചിലവഴിക്കുന്നു. (നിളാ തീരത്തും ഇപ്പോള്‍ വീടുണ്ട്)
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം. ആ മണല്‍ത്തിട്ടയിലിരിക്കുമ്പോഴാണ് “പ്രണയം എനിക്കിന്ന് വറ്റി വരണ്ട നിള പോലെ” എന്ന വരികളെന്റെ മന‍സ്സിലേക്ക് വന്നത്. (ഞാന്‍ പോസ്റ്റിയിരുന്നു)

നിളയുടെ ഓര്‍മ്മപെടുത്തലിന് നന്ദി.

ആഗ്നേയ said...

ഞാനും...എന്റെ നിളയോട്..

KUTTAN GOPURATHINKAL said...

നല്ല രചന, രണ്‍ജിത്. എനിക്കൊരുപാടിഷ്ടമായി. വിശേഷിച്ച്, പ്രമേയാവതരണത്തിന് തിരഞ്ഞെടുത്ത പദങ്ങളുടെ ലയവിന്യാസത്തില്‍..
ആശംസകള്‍..

രണ്‍ജിത് ചെമ്മാട് said...

ചന്ദ്രകാന്തം,
saijith,
ബിജു രാജ്,
പാമരന്‍,
ലക്ഷ്മി,
മയൂര,
ഏകാന്തതാരം,
ശ്രീവല്ലഭന്‍,
മഹി,
റോസ്,
രാമചന്ദ്രന്‍ വെട്ടിക്കാട്,
കുട്ടന്‍ ഗോപുരത്തിങ്കല്‍,
ആഗ്നേയ,.....
നന്ദിവാക്കിലൊതുക്കുന്നില്ല...
വായനയ്ക്കും പ്രോല്‍സാഹനത്തിനും
കടപ്പെട്ടിരിക്കുന്നു.....

smitha adharsh said...

ഒരുപാടു പോയിട്ടുണ്ട്..നിളയില്‍..അതില്‍,കുളിക്കാനും,കളിക്കാനും..ഒക്കെ സാധിച്ചിട്ടുണ്ട്..ചെറിയ കുട്ടിയായിരിക്കുമ്പോള്‍..അമ്മ വീട് അതിനടുത്താണ്.
നന്നായി ഇഷ്ടപ്പെട്ടു ഈ കവിത.
വീഡിയോ ആല്‍ബം പ്രൊജക്റ്റ്‌ ഒക്കെ എവിടെ വരെ ആയി?

കാവ്യ said...

ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....

നിളയെപ്പോലെ നിങ്ങളീ "പരദേശികളും"

["ശുഷ്കതാളത്തിലൊഴുകി",
"മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍‌ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍"]

ആണെന്നല്ലേ..ഒരുപാടിഷ്ടമായി...

കാന്താരിക്കുട്ടി said...

നിളയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഭീതിപ്പെടുത്തുന്നവ തന്നെ.ഇനിയും അവള്‍ക്കൊരു പുനര്‍ജ്ജനി ഉണ്ടാകുമോ

ഹരീഷ് തൊടുപുഴ said...

രണ്‍ജിത്,
നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍...

lalu said...

നിള അശാന്തമാണ് നിങ്ങളും..
നല്ല കവിതയ്ക്ക് ആശംസകള്‍....

ഗീതാഗീതികള്‍ said...

ഒന്നുമങ്ങനെ കണക്കുകൂട്ടണ്ട. ഇനിയുമൊരിക്കല്‍ കൂടി നിള നിറഞ്ഞ്, കരകവിഞ്ഞ്, കൂലംകുത്തി ഒഴുകിയേക്കാം....
അല്ലെങ്കില്‍ അങ്ങനെ ഒഴുകുന്നത് സ്വപ്നം കാണാം...
ആ ആല്‍ബം കാത്തിരിക്കുന്നു.

'കല്യാണി' said...

രണ്ജിത് :നല്ല അര്ത്ഥവത്തായ കവിത ,ഒരു പാടിഷ്ട്ടമായി .ഇനിയും പിറക്കട്ടെ ഇതുപോലുള്ള കവിതകള്‍

sv said...

ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി ഒരായിരം നിറമുള്ള ഓര്‍മ്മകള്‍..നിളെയേ കുറിച്ച്...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

നിള എനിക്ക് നലക്കുന്നത് ഒരമ്മയുടെ സേനഹമാണ്.എന്നാണ് ഞാൻ നിളയുടെ ആരാധകനായത് എന്നെനിക്കറിയില്ല.ഏം.ടി.യുടെ കഥ വായിച്ചിട്ടോ?.എം.ടി പറഞ്ഞ പോലെ അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന നിളനദിയെയാണ് ഇഷടം.
എന്തായാലും നിളയുടെ ഇന്നത്തെ അവസ്ഥ വലിയ വേദന തന്നെ

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner