ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Sunday, January 4, 2009

ജലനഗരങ്ങളുടെ നിഘണ്ടു (കവിത)

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സമ്പന്നമാകുന്നത്.
നിഴലുകളുടെ ഉടലളവുകള്‍ പൊലെ
നഗര സ്പന്ദനം!
വേലിയേറ്റ,മിറക്കം
തുറമുഖ വലിവുകള്‍
സ്പന്ദനാപതാളം...

നീഹാ? മിയാംഗ്‌ സാം‌ഗ്
നീയീ നഗരകുതിരയുടെ ചാട്ട!
ബെയ്ജിംഗിന്റെ, ഷാംഘായിയുടെ
വിരുത് മേഞ്ഞ
ലോഹച്ചൂളകളില്‍നിന്ന് കപ്പലേറിവന്ന
പാതിവെന്ത പുല്ലു തിന്ന്
വയറു കാഞ്ഞു വലിഞ്ഞോടുന്ന
നഗരാശ്വരഥത്തിന്നരികൊടിഞ്ഞ,
ചക്രാപതാളത്തിലടര്‍‌ന്നു തെന്നുന്ന
യാത്രികര്‍ ഞങ്ങള്‍ പരദേശികള്‍....

ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്‍ക്കാരങ്ങള്‍
മുതുകിലുയരുമ്പോള്‍
കാലികളോര്‍‌ക്കാറുണ്ടാവില്ല..

ചാഞ്ഞ മുള്‍പ്പുല്‍ക്കൊടിത്തീറ്റ
പിറകിലൊഴുകും വിസര്‍‌ജ്ജ്യം
നിന്നുറക്കം, ഉറങ്ങിയോട്ടം....
ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!

ജലനഗരങ്ങളുടെ ചുവപ്പതിരുകളില്‍
വിനിമയങ്ങളുടെ വിലനിര്‍ണ്ണയച്ചാര്‍‌ത്ത്
വന്‍‌കര തിരിച്ചല്ലെന്ന് നഗരമൊഴി...
ഉടലുകളുടെ നിലാക്കുന്നിന്‍
താഴ്‌വാരങ്ങള്‍ പൂക്കുന്നതും
ചുവക്കുന്നതുമനുസരിച്ച്,
നിറസമൃദ്ധിയില്‍,
നീര്‍‌സമൃദ്ധിയില്‍
വിലവിന്യാസ പുനക്രമീകരണം...
അതെന്തായാലും ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്.

38 comments:

Ranjith chemmad / ചെമ്മാടൻ said...

മദ്ധ്യേഷന്‍ ജലനഗരങ്ങള്‍
പ്രവസിക‌ള്‍‌ക്കുമുന്‍പില്‍
ഏത് സമയവും പൊട്ടാവുന്ന ഒരു ബലൂണ്‍!
"ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു..."
എല്ലാ പ്രിയ സൗഹൃദങ്ങള്‍ക്കും പുതുവല്‍സരാശംസകള്‍....

തേജസ്വിനി said...

ജലനഗരം സമ്മാനിക്കുന്ന വിഹ്വലതകളീലൂടെ കടന്നുപോയപ്പോള്‍ അവ സമ്മാനിക്കുന്ന സമ്പന്നത വേണ്ടെന്നുതോന്നി...പരദേശികളാക്കപ്പെട്ടവരുടെ, ജീവിതം തേടി ജീവിതം ഹോമിക്കുന്നവരുടെ വേദന വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു-
ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്‍ക്കാരങ്ങള്‍
മുതുകിലുയരുമ്പോള്‍
കാലികളോര്‍‌ക്കാറുണ്ടാവില്ല..

വളരെ നന്നായിരിക്കുന്നു..

ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!

സ്നേഹമെന്ന് തിരുത്തിവായിച്ചോട്ടെ ഞാന്‍???

നല്ല കവിത...പദസമ്പത്തും...
പുതുവര്‍ഷം ഗംഭീരമായി ട്ടൊ രഞ്ജിത്ത്.

sreeNu Lah said...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്.

ബാജി ഓടംവേലി said...

"കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്."
വളരെ നന്നായിരിക്കുന്നു..

കാപ്പിലാന്‍ said...

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

പുതുവല്‍സരാശംസകള്‍ .

കവി മനസിലെ ആന്തല്‍ നന്നായി തെളിയുന്നുണ്ട് .കവിത നന്നായി എന്ന് പറയണ്ട കാര്യം ഇല്ലല്ലോ ..തുടരുക ഈ പ്രയാണം .ആശംസകള്‍

ചാണക്യന്‍ said...

:കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്...”

ഒരു പ്രവാസിയുടെ ഉള്‍ത്തുടിപ്പുകള്‍...
ആശംസകള്‍..രണ്‍ജിത്...

പാമരന്‍ said...

"ചാഞ്ഞ മുള്‍പ്പുല്‍ക്കൊടിത്തീറ്റ
പിറകിലൊഴുകും വിസര്‍‌ജ്ജ്യം
നിന്നുറക്കം, ഉറങ്ങിയോട്ടം...."

ഗഹനം. പല വായന വേണ്ടിവന്നു, വായിച്ചിടത്തോളം വായിച്ചെടുക്കാന്‍!

ചന്ദ്രകാന്തം said...

.."ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!"
അതെ, നിഘണ്ടുവിലില്ലാത്ത, അതിനുമുള്‍ക്കൊള്ളാനാവാത്ത...പലതുമാണ്‌ നഗരമുഖങ്ങളില്‍ നിന്നും വായിച്ചെടുക്കേണ്ടി വരുന്നത്‌... നിത്യവും ശീലിയ്ക്കേണ്ടിവരുന്നത്‌.
....പുതിയ വര്‍ഷം നല്ലതുമാത്രം സമ്മാനിയ്ക്കട്ടെ.....

സെറീന said...

ആഴങ്ങളിലേയ്ക്കിറങ്ങാതെ
ഒരാന്തലില്‍ എല്ലാം വെടിപ്പാകുന്നു..
ആശംസകള്‍.

തണല്‍ said...

“പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ“
-വായനകള്‍ പലതു വേണ്ടിവന്നു ഉള്‍ക്കാമ്പിലെത്താന്‍..
കഠിനം..,
തീവ്രം..,
മധുരതരം!!!!
-പുതുവത്സരാശംസകളോടെ

മഴയുടെ മകള്‍ said...

പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

:)

B Shihab said...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്
പുതുവല്‍സരാശംസകള്‍....

ചങ്കരന്‍ said...

മനോഹരം, ഓരോവരികള്‍ക്കിടയിലും ഒരുപാടു ചിന്തിക്കാനുണ്ടല്ലോ..

saju john said...

ചേര്‍ത്തും പേര്‍ത്തും വായിച്ചാല്‍ എന്നും മനസ്സില്‍ ആകുലതകള്‍ ജനിപ്പിക്കുന്ന രന്‍ജിത്തിന്റെ സ്വതസിദ്ധമായ കയ്യോപ്പോടുക്കൂടിയ മറ്റോരു നല്ല കവിത...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു" എനിക്ക് അറിയില്ല അറിവില്ല ഇതുപോലെ തീവ്രമായ വരികള്‍ക്ക് അഭിപ്രായം പറയാന്‍. ഗംഭീരം ...............................

yousufpa said...

എല്ലാം നീര്‍ക്കുമിളകള്‍ പോലെ...

ഭയമാണ് പ്രവാസിക്ക് എപ്പോഴും..

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യം ഈ പുതുവത്സരസമ്മാനം

ആശംസകള്‍

Sureshkumar Punjhayil said...

Renjith .. Manoharam.. Bhavukangal.

Unknown said...

പ്രവാസം മതിയാക്കിയ്യിട്ട് പെട്ടെന്ന് നാട്ടില്‍ വന്ന് കുടുംബസമേതം തൃപ്തിയോടെ ജീവിക്കുന്നവനാണ് ഈയുള്ളവന്‍..

ajeeshmathew karukayil said...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്
നല്ല കവിത,ആശംസകള്‍

ശ്രീവല്ലഭന്‍. said...

കവിത ഇഷ്ടപ്പെട്ടു. :-)

"നീഹാ?" (ചൈനീസില്‍) എന്നത് nee hao ആണ്. മലയാളത്തില്‍ ഇങ്ങനെ എഴുതിയാലും മതിയായിരിക്കും. pronounciation വ്യത്യാസം ഉണ്ട്.

ഗൗരി നന്ദന said...

'ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്‍ക്കാരങ്ങള്‍
മുതുകിലുയരുമ്പോള്‍
കാലികളോര്‍‌ക്കാറുണ്ടാവില്ല..'

പിന്നെ എന്താവും ഓര്‍ക്കുക? ദൂരെയേതോ തീരത്തിരുന്നു തനിക്ക് ഓടാനും ഉരുകാനും ഉള്ള ഊര്‍ജ്ജം പ്രാര്‍ത്ഥന കൊണ്ടു നിറയ്ക്കുന്ന മറ്റു ചില നിസ്സഹായ ജന്മങ്ങളെ കുറിച്ചോ?

'നിന്നുറക്കം, ഉറങ്ങിയോട്ടം....
ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!'

പ്രവാസത്തിന്‍റെ ഒരു പൂര്‍ണ്ണ ചിത്രം....!!!

നന്നായിരിക്കുന്നു എന്നൊരു ഒഴുക്കന്‍ അഭിനന്ദനത്തില്‍ ഒതുക്കാനാവില്ല....
വല്ലാതെ വേദനിപ്പിച്ചു.....

വിജയലക്ഷ്മി said...

Ranjithinte..kavithakal...njanentha abipraayam parayaaaa..Ranjith style!!!bhaavukangal!!

മനോജ് മേനോന്‍ said...

ഒരോ പ്രവാസിയുടെയും നൊമ്പരചിന്തുകള്‍ ഒരു മനസ്സില്‍ നിന്നും ഉരുകി വീണിരിക്കുന്നു...ആശംസകള്‍

കാവ്യ said...

"ബെയ്ജിംഗിന്റെ, ഷാംഘായിയുടെ
വിരുത് മേഞ്ഞ
ലോഹച്ചൂളകളില്‍നിന്ന് കപ്പലേറിവന്ന
പാതിവെന്ത പുല്ലു തിന്ന്
വയറു കാഞ്ഞു വലിഞ്ഞോടുന്ന
നഗരാശ്വരഥത്തിന്നരികൊടിഞ്ഞ,
ചക്രാപതാളത്തിലടര്‍‌ന്നു തെന്നുന്ന
യാത്രികര്‍ ഞങ്ങള്‍ പരദേശികള്‍...."
തീവ്രമായ പ്രവാസവിഹ്വലതകള്‍ക്കിടയിലും
വാക്കുകളുടെ മാസ്മരികവിന്യാസം കൈവെടിഞ്ഞിട്ടില്ല...
പ്രവാസികള്‍ക്ക് മാത്രം പൊട്ടിച്ചെടുക്കാവുന്ന
ചില ബിം‌ബങ്ങള്‍, എന്നെപ്പോലുള്ള സാധാരണക്കാരുടെ
മുന്നില്‍ മിഴിച്ചു നില്‍‌ക്കുന്നു...
ആശംസകള്‍....

നന്ദ said...

ഗഹനം എന്നു പറഞ്ഞാല്‍ പോരാ, അതിഗഹനം! (ഇനി നേരെ ചൊവ്വേ പറയാം, ഒന്ന്-രണ്ട് വായനയിലൊന്നും മനസ്സിലാകുന്നില്ല എന്ന് :P)

അതുകൊണ്ട് കവിത ഇഷ്‌ടപ്പെട്ടു എന്ന് ഒഴുക്കനായി പറഞ്ഞിട്ട് പോകാനും വയ്യ. മുങ്ങുന്നു; നേരമുള്ളപ്പോള്‍ വരുന്നതാണ് :)

(പിന്നെന്തിനാ വന്നതെന്നു ചോദിച്ചാല്‍ ഒപ്പിടാന്‍ എന്ന് ഉത്തരം :)

Ranjith chemmad / ചെമ്മാടൻ said...

തേജസ്വിനീ, പുതുവര്‍‌ഷ പോസ്റ്റിന്റെ
ആദ്യ കമന്റിന്
പ്രത്യേക നന്ദി.....
ശ്രിനു,
ബാജി ഓടം വേലി,
കാപ്പിലാന്‍ മൊയ്ലാളീ,
ചാണൂ,
പാമൂ,
ചന്ദ്രേച്ചീ,
സെറീനാ,
തണലണ്ണാ...
മഴക്കുട്ടീ,
ഷിഹാബ്,
ചങ്കരന്‍,
ഇവിടെ വരെ വന്നതിനും
വായിച്ചതിനും വളരെ വളരെ നന്ദി,

Ranjith chemmad / ചെമ്മാടൻ said...

സജു മാഷേ, തിരക്കിനിടയിലും,
ഇവിടെയൊക്കെ വന്ന് കവിത വായിച്ച്
അഭിപ്രായം പറയാന്‍ സ്ന്‍‌മനസ്സ് കാണൊക്കുന്ന
ആ കവി ഹൃദയത്തിന് പ്രത്യേക നന്ദി....
കിലുക്കാം പെട്ടി,
യൂസുഫ് (പഴയ അത്കന്‍ തന്നെയല്ലെ?)
ഗിരീഷ്,
സുരേഷ് മാഷേ
വായിച്ചഭിപ്രായമറിയിച്ചതിന്
ഹൃദയപൂര്‍‌വ്വം.....
പാലക്കുഴി,
ഭാഗ്യവാന്‍ വീട്ടുകാരോടൊപ്പം താമസിക്കുന്നു
എന്നത് തന്നെ മഹാഭാഗ്യം..
ആഗ്രഹമില്ലാഞ്ഞല്ല...
അതിജീവനത്തിന്റെ പടക്കപ്പലുകളിലിങ്ങനെ,
മരുഭൂമികളുടെ ചൂടുതീരങ്ങളില്‍!
അജീഷ് നന്ദി,

ശ്രീവല്ലഭന്‍ സാര്‍‌.,
സംസാരിക്കുമ്പോള്‍ 'നീ ഹ്വാ' എന്നവരുടെ
അഴകൊഴമ്പന്‍ ഭാഷ വഴങ്ങുന്നതിനുമപ്പുറമാണ്!!! അല്ലേ...
ഒരു പാടു ചൈനീസ് സുഹൃത്തുക്കളിണ്ടിവിടെ
അവരുടെ പ്രാദേശിക, ഭയചകിതമായ
നാടോടിക്കഥകള്‍ കേട്ട് അന്തം വിട്ട് നില്‍ക്കുന്നത്
ഒരു ഹോബിയാണ്...
നന്ദി, ഉച്ചാരണത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടിയതിന്...
എഴുതുവാനെളുപ്പത്തില്‍ 'നീഹാ' യെന്നെഴുതിയേയുള്ളൂ...
തിരക്കിനിടയിലും ഇവിടെ വന്ന് വായിച്ചഭിപ്രായമറിയിച്ച
ആ സുമനസ്സിന് പ്രത്യേക നന്ദി....
ഗൗരീ,
മനോജ്,
വിജയലക്ഷ്മിച്ചേച്ചീ,
കാവ്യ,
നന്ദി വാക്കുകളിലൊതുക്കിക്കളയുന്നില്ല..
നന്ദ,
വന്നൊപ്പിട്ടതിന് പ്രത്യേക ന്‍ണ്ട്രി....

Mahi said...

കവിത വളരെ നന്നായിട്ടുണ്ട്‌

പകല്‍കിനാവന്‍ | daYdreaMer said...

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

കിടിലന്‍ വരികള്‍ ചെമ്മാടാ....നല്ല ചിന്തയും ... ഇനിയും പോരട്ടെ ഇത്തരം വേറിട്ട ചിന്തകള്‍....

Rare Rose said...

ജലനഗരങ്ങളിലുയരുന്ന അഗ്നിത്തിരകളെ ഒറ്റവായനയില്‍ വായിച്ചെടുക്കാനായില്ലെങ്കിലും പുനര്‍വായനയില്‍ തെളിയുന്നയോരോ അര്‍ഥവും ആ ആന്തല്‍ മനസ്സിലാക്കി തന്നു...അഭിനന്ദനങ്ങള്‍ ര‍ഞ്ജിത് ജീ വരികളെ ഓരോ വട്ടവും വ്യത്യസ്തമാക്കുന്നതില്‍....

പി എം അരുൺ said...
This comment has been removed by the author.
പി എം അരുൺ said...

നിർത്തിയിട്ടു പോന്നുകൂടെ, വേഗം..................


ഉറക്കമില്ലാത്ത നഗരങ്ങളിലെ
നിലയ്‌കാത്ത വണ്ടികളിലെ
യാന്തികമായ കുതിരപ്പണിയുപേക്ഷിച്ച്‌..........
മണ്ണിന്റെ മണമാസ്വദിച്ച്‌ ഉള്ളതുകൊണ്ട്‌ നമുക്കിവിടെ കൂടാം.

..........നമ്മുടെ നാടും മാറുകയാണ്‌, പഴതിന്റെ ശേഷിപ്പുകൾ ഇനി അധിക കാലമൊന്നുമുണ്ടാകില്ല........

Dr. Prasanth Krishna said...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സമ്പന്നമാകുന്നത്.

വേലിയേറ്റവും വേലിയിറക്കവും, റാന്തലിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയുന്നു തീരത്തേക്കടുക്കുന്ന ചതഞ്ഞരഞ്ഞ മിയാംഗ്‌ സാം‌ഗ് സന്തതികളുടെ ടാങ്കിന്റെ ചക്രങ്ങള്‍ കയറി ചതഞ്ഞരഞ്ഞ കബന്ധങ്ങള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“..ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!“

കാണുവാന്‍ വൈകി. രഞ്ജിത്തിന്റെ കയ്യൊപ്പോടുകൂടിയ മറ്റൊരു കവിത.

siva // ശിവ said...

കുറെ ചിന്തകളുടെ വരികള്‍....

Unknown said...

കാണുവാന്‍ വൈകി.

Vinodkumar Thallasseri said...

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

ഗംഭീരമായിരിക്കുന്നു, രണ്‍ജിത്‌. പഴമ്പാട്ടുകാരന്‍

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner