ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, May 10, 2008

ചില നെടുവീര്‍‌പ്പുകള്‍... (പ്രണയകാലത്തെക്കുറിച്ചോര്‍‌ത്ത്)

രാവിന്‍ ചുന പൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍
വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു.

ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ ‍പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും
നാലാം‌വേദത്തിന്റെ
മഹാളിക്കുത്തില്‍ നിന്ന്‌
നീയെന്നെ കാത്തു പോന്നു.

നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
‍ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍...
ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
‍ചന്നിനായകം തേച്ച് നീയും
കയ്പ്പ് അറിഞ്ഞ കടല്‍‌ മല്‍‌സ്യത്തെ
ശുദ്ധജലത്തില്‍ മുക്കിക്കൊന്
ഞാനും, മുണ്ട് മുറുക്കി.

മുരുക്കില്‍ പുഴു വന്നൊരു മലയാള
മുഹൂര്‍‌ത്തത്തില്‍ ഒരു പുഞ്ചയ്ക്ക്
വെള്ളം തേവാന്‍ ഞാനും
കരിങ്കല്‍‌മടയില്‍ ഒറ്റമല്‍‌സ്യമായ്
പിടയുവാന്‍ നീയും
കരാറെടുത്തു പിരിഞ്ഞു....

ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍‌ത്ത് നെടുവീര്‍‌പ്പിടുന്നു.

Sunday, April 20, 2008

മരു മഴയുടെ ബഹുവചനങ്ങള്‍















മരുക്കാടുകളിലെ മഴ,
ഒറ്റമുറിയിലടച്ച മുത്തശ്ശിയുടെ ഗദ്‌ഗദങ്ങളുടെ പെയ്തിറങ്ങലാണ്‌.
ചേതന കൊടും ചൂടില്‍ തിളച്ചാര്‍ത്ത്‌
വിലക്കുകളുടെ ഗിരിശൃംഖങ്ങളില്‍ത്തട്ടി ഘനീഭവിക്കുമ്പോള്‍
മഴക്കോളുണ്ടാകുന്നു,
ചുളിഞ്ഞ കണ്ണുകളിലെ കാര്‍മേഘങ്ങളില്‍നിന്ന്‌
സ്മൃഥികളുടെ വെള്ളിനൂലായ്‌ അവ പെയ്തിറങ്ങുന്നു.

മഴ മണല്‍ക്കാടുകളില്‍ ,
കുഞ്ഞനിയത്തിയുടെയാകാംക്ഷയാകുന്നു.
സൈബര്‍ കരിന്തിരിയെരിയുന്ന മിഴികളിലേക്ക്‌
മുത്തശ്ശിക്കഥകളുടെ എള്ളെണ്ണ പകരുമ്പോള്‍
തപിക്കുന്ന ഇളംകോശങ്ങളില്‍ നിന്ന്‌
നേര്‍ത്ത വെണ്‍മുത്തുകളായ്‌ മഴ ഉരുണ്ടിറങ്ങുന്നു.

മരുപ്പടര്‍പ്പിലെ മഴ,
അമ്മയുടെ നോവായുരിഞ്ഞിറങ്ങുന്നു.
നാട്ടുകിനാവിണ്റ്റെ പാല്‍മേഘങ്ങള്‍ കിഴക്കേയതിരിലെ വൈക്കോല്‍ക്കൂനകളില്‍ത്തട്ടിത്തപിക്കുമ്പോള്‍
കടലതിരുകളുടെ വിലക്കുതീരങ്ങളിലേക്ക്‌
ചുടുനിശ്വസമായ്‌ കൊഴിഞ്ഞു വീഴുന്നു.

മണല്‍പ്പാടങ്ങളിലെ മഴ,
ഉരുകുന്നയച്ചണ്റ്റെ ശിഷ്ടജലമാകുന്നു
ജീവതാളങ്ങളുടെ സമവാക്യങ്ങള്‍
നൈരന്തര്യങ്ങളുടെ ഉമിത്തീയില്‍ ദഹിക്കുമ്പോള്‍
തീരാക്കടങ്ങളുടെ എണ്ണക്കിണറുകളിലേക്ക്‌
സംസ്ക്കരണത്തിണ്റ്റെയമ്‌ളമഴയായ്‌ പതിഞ്ഞിറങ്ങുന്നു

മണല്‍ത്തിട്ടകളിലെ മഴ,
എണ്റ്റെയെഴുത്താണി തട്ടിമുറിയുന്ന ചോരത്തുള്ളികളാണ്‌. പ്രണയകാലത്തിണ്റ്റെ കടലിടുക്കുകളില്‍നിന്ന്
ഞാന്‍ കുറിച്ചു വിട്ട രാസഗീതികള്‍
മണല്‍മടക്കുകളുടെ സ്ത്രൈണബിംബങ്ങളില്‍ തട്ടിത്തപിക്കുമ്പോള്‍
മദജലമായ്‌ മഴ പെയ്തിറങ്ങുന്നു.

മഴ മണല്‍നഗരിയില്‍,
രാസഗണിതങ്ങളുടെ അന്ത്യോത്തരമാകുന്നു.
നിമിഷവിലകളില്‍ അമര്‍ന്നിറങ്ങുന്ന
ജൈവദ്വന്ത്വങ്ങളുടെ കഥാന്ത്യത്തില്‍
മഴമടുപ്പായ്‌ പെയ്തിറങ്ങുന്നു

മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു.

Sunday, March 16, 2008

ചില പേര്‍ഷ്യന്‍ തൊഴിലാളി സ്വപ്നങ്ങള്‍

താരനില്ലാത്ത ഒരു തല,
മൂട്ട പുണരാത്ത ഉറ
ക്കത്തിനൊടുവില്‍
കിളിയൊച്ച കേട്ടുണര്‍വ്വ (തത്യാഗ്രഹമല്ലെങ്കില്‍)
നേരവട്ടത്തിണ്റ്റെ
കാല്‍ക്കിലുക്കത്തിലൊതുങ്ങാത്തൊരു
കുളിയും പല്ലുതേപ്പും,
വയറുനിറഞ്ഞൊരു തൂറല്‍
പ്രാതലിനൊരുണങ്ങാത്ത കുബ്ബൂസ്‌
അതിനെന്തെങ്കിലുമൊരു കറി,
ആറാത്തൊരു ചായയൂറിയൂറുക്കുടി.
ജല്‍ദീ കരോയെന്ന്‌ തെറിക്കു മേമ്പൊടി കേള്‍ക്കാത്തൊരു
പകലറുതിയിലുച്ചയൂണ്‌ (തണുത്തത്‌ മതി)
അതിനൊടുവിലൊരിത്തിരിയുപ്പുവെള്ളം.
ക്യാമ്പിലേക്കൊരു നടുവൊടിയാത്ത മടക്കയാത്ര

തുണിയാറാനൊരിടം,
കട്ടില്‍ഫ്ലാറ്റുകള്‍ക്കിടയിലൊരിത്തിരി നടവഴി,
'കുറ് ' ‍കാരങ്ങളില്ലാത്തൊരുറക്കം

ശീതം സമൃദ്ധം........
വീണ്ടും,
മൂട്ട പുണരാത്ത ഉറക്കത്തിനൊടുവില്‍....

Saturday, March 1, 2008

ഒരു ചുംബനം തരിക


ഒരു ചുംബനം തരിക...
അതിനു മുന്‍പ്,
ജൈവകോശങ്ങളുടെ ബാഹ്യപടലത്തില്‍
‍പകര്‍ന്നെഴുതിയ ഉപദംശകങ്ങളുടെ
വര്‍ണ്ണക്കൂട്ടുകള്‍ തുടച്ചുമാറ്റുക.
ഇന്നിന്റെ പുറങ്കാട്ടിലേയ്ക്ക്
മിഴിയുറപ്പിക്കാന്‍ വച്ച
നിറം പിടിപ്പിച്ച
ചില്ലുകഷ്ണങ്ങളൂരി മാറ്റി,
കരിനാഗക്കണ്ണുകള്‍ അനാവ്റ്‌തമാക്കുക.
ആരവാരങ്ങളുടെ അനന്തതയില്‍
ഇളം കോതലിന്റെ പാഴ്ച്ചിലവൊഴിയാന്‍
‍നീ കത്തിവെച്ച മുടിച്ചുരുളുകള്‍ക്ക്
ഒരു തുളസിക്കതിര‌ര്‍പ്പിക്കുക.
അലകടലുയ‌ര്‍ന്ന്‌താഴുന്ന
നീലരാശിപടര്‍ന്നമ്രതകുംബങ്ങള്‍ക്കുമേല്‍
ഒരു മുലക്കച്ച കെട്ടുക.
എനിക്ക് ഒരു ചുമ്പനം തരിക,
സ്ത്രൈണബിംബങ്ങളുടെ പുതിയ
കോളേണിയല്‍വേര്‍ഷണുകള്‍
അപ്ഡേറ്റ് ചെയ്ത നിന്റെ
ബാഹ്യഭിത്തികളില്‍ ഒരുപക്ഷേ
എന്റെ ജൈവനാളികള്‍
സമന്വൊയിക്കപ്പെടില്ല......
എങ്കിലും ഒരു ചുംബനം തരിക.

Saturday, February 23, 2008

ഞാനെങ്ങനെ കുത്തുകേസില്‍ പെട്ടു

എട്ടു വര്‍ഷം മുന്‍പ്‌ അവരെന്നെ ഇക്കരയ്ക്കെടുത്തിടുമ്പോള്‍
‍ആറേഴ്‌ കുത്ത്കേസ്‌- അതില്‍ മൂന്നെണ്ണം കൊലയായി മാറിയെന്ന്‌ പിന്നീടണറിഞ്ഞത്‌-
പിന്നെ വെട്ടിനിരത്തല്‍, ഗൂഡാലോചന,
ആള്‍മാറാട്ടം, പീഡനം, സംഘം ചേര്‍ന്നുള്ള ഭീഷണി തുടങ്ങി
ഇനിയൊന്നുമുണ്ടായിരുന്നില്ലഎന്നിലാരോപിതമാകാന്‍....
ആരോപണങ്ങളെല്ലാം ഒരളവില്‍ ശരിയുമായിരുന്നു.
പക്ഷേ അതിനു തക്കതായ കാരണവുമുണ്ടായിരുന്നു.
ഞാന്‍ തന്നെ പറയാം..........
വയല്‍ സംരക്ഷണ പ്രകടനങ്ങളും കാര്‍ഷിക വികസനയത്നങ്ങളും
കൊടുമ്പിരി കൊള്ളുന്ന കാലം
ചേനക്കിടയില്‍ ആടു വളര്‍ത്തുന്നവരുടെയും
വാഴയ്ക്കിടയില്‍ പയറു കുത്തുന്നവരുടെയും ഹരിതവിപ്ളവകാലം...
ചാനലുകള്‍ കാര്‍ഷിക വൃത്തിയിലൂടെ പതിനയിരങ്ങള്‍ സ്വരുക്കൂട്ടുന്നതിണ്റ്റെ
തല്‍സമയനുംഎപ്പിസോഡുകളും പകര്‍ത്തുന്ന കാലം....
ആയിടയ്ക്കാണ്‌ കൃഷിഭവനില്‍ റേഷന്‍ കാര്‍ഡ്‌ കാട്ടിക്കൊടുത്താല്‍
വാഴക്കന്ന് കൂട്ടിക്കൊടുക്കുന്നുണ്ടെന്നറിഞ്ഞത്‌ .
ചേതമില്ലാത്ത കാര്യമല്ലേ വാഴ നടാം എന്ന ആശയം ഉടലെടുത്തത്‌ അങ്ങനെയാണെന്ന് പറയാം
താഴത്തെക്കണ്ടത്തില്‍ പുല്ല്ല് നിറഞ്ഞ്‌ വെറുതേ കിടക്കുന്നുമുണ്ടായിരുന്നു.
നട്ടെന്നു പറയേണ്ടല്ലോ വാഴ വല്ല വാശിയും തീര്‍ക്കണപോലങ്ങ്‌
പടപടാന്നു വലുതായി.
വാഴയ്ക്കറിയില്ലല്ലോ കാറ്റടിക്കുമെന്നും മഴ പെയ്യുമെന്നൊന്നും
ഒടുവിലതു സംഭവിച്ചു.
ഒരു തുലാമാസത്തിലെ ദുര്‍ബല നിമിഷത്തില്‍
ഒരുപാടു വാഴകുമാരിമാര്‍ ആനമയക്കിയടിച്ചവരെപ്പോലെ തലകറങ്ങി,
വാളുവെച്ചു വീണു. അടുത്തെങ്ങും എഴുന്നേല്‍ക്കനാവുമെന്ന പ്രതീക്ഷപോലും ബാക്കിവെക്കാതെ...
പിന്നെ എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ
അനിയത്തിയുടെ കല്ല്യാണത്തിന്‌ പന്തലിടാന്‍ കൊണ്ടു വന്ന മുളങ്കാലെടുത്ത്‌
മീശ വെട്ടുന്ന കത്രികപോലെ കെട്ടിയുണ്ടാക്കി
വാഴയെ താങ്ങി നിര്‍ത്തി.
മിച്ചം നിന്ന വാഴകള്‍ക്കെല്ലാം ശ്രമകരമായ ഈ ദുരിതാസ്വാസ പ്രവര്‍ത്തനം നടത്തേണ്ടിയും വന്നു.
ക്ളാസെടുക്കാന്‍ പോകാറുള്ള പാരലല്‍ കോളേജില്‍ രണ്ടു ദിവസം പോകാന്‍ കഴിഞ്ഞില്ല
എന്നത്‌ ഒരു വാസ്തവം ആണ്‌
വീടിനുമുന്നിലൂടെ കോളെജില്‍ പോയിരുന്ന
വിവരദോഷിയായ ഏതോ ഒരു കുട്ടിയാണു ഈ കുത്ത്‌ കേസ്‌ പാട്ടാക്കിയത്‌...
ആ സമയത്തുതന്നെ ഞാന്‍ ദുബായിലെത്തിയതിനല്‍
കൊല കാണാനുള്ള ഭാഗ്യമുണ്ടായില്ല.
കുത്തു കൊടുത്ത വാഴകളില്‍ കുറച്ചെണ്ണം കുത്തില്‍ പിടിച്ചു നിവര്‍ന്നു നിന്നെന്നും
അതില്‍ പിന്നെ 'കൊല' വന്നെന്നും പിന്നെ കത്തിലൂടെയാണറിഞ്ഞത്‌
പിന്നെ കോളേജ്‌ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന സമയത്ത്‌
അപ്രിയമായ കവിതകളും കഥകളും വെട്ടിനിരത്തിയെന്നും
എഡിറ്റോറിയല്‍ ബോര്‍ഡില്‍ തല്‍പ്പരകക്ഷികളെ ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും
താല്‍പ്പര്യമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സ്വയം കവിതയെഴുതി മാഗസിനില്‍ പ്രസിദ്ദീകരിച്ച്‌
ആള്‍മാറാട്ടം നടത്തിയെന്നും മാഗസിനില്‍ പരസ്യം തന്ന് പണം തരാത്തവരെ
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒക്കെ എതിര്‍ ചേരിക്കാര്‍
വെറുതേ പറഞ്ഞുണ്ടാക്കിയതാണെന്ന് മാഗസിനിണ്റ്റെ പ്രസാധനത്തിന്‌ ശേഷം
സഹൃദയര്‍ മനസ്സിലാക്കി എന്നതു ആശ്വാസത്തിനുവക നല്‍കുകയും ചെയ്യുന്നു.

Friday, February 22, 2008

കാലഗണിതം

ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ്‌ ചേര്‍ത്ത്‌
ഋതുക്കളില്‍ നിറം ചേര്‍ത്ത്‌
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചു-
മെണ്റ്റെ കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു.
നഗരം മണ്ണുമാന്തിയിട്ടടിയില്‍ പാത തീര്‍ക്കുന്നു
നരനോ മണ്ണു കോരിയിട്ടരിയില്‍ ചേറ്‍ത്തു തിന്നുന്നു

Monday, February 18, 2008

ഒരു എന്‍. ആര്‍. ഐ. കൊളാഷ്

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...
പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...
പ്രവാസിയുടെ മുറി
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍
‍പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍
‍കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍
സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്..
ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം
ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,
വീട് : തരംഗ സ്വീകരണികളുടെ
ആകെത്തുക.
അച്ചന്‍ : മരുന്നുപുരട്ടിയ ഒരു ചാരുകസേര
മൈക്രോവേവ് തരംഗ വാഹകയായമ്മ
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി
എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് : ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner