ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Thursday, October 30, 2008

മൂന്ന് കവിതകള്‍



ചാവേര്‍

വേരുറഞ്ഞാറുകളില്‍
നീണ്ടുരുളന്‍ കാലുകള്‍
ജട ചുറ്റിയുറച്ച തലപ്പാവ്
നൂറുചേര്‍ത്തരച്ച ദേഹ, ച്ചോര
പോരാഞ്ഞ്,
ചക്രവേഗ പാത മദ്ധ്യേ,
കടപുഴകിത്തെറിച്ചുലഞ്ഞ്
നാക്കുനീട്ടിച്ചെംനീര്‍ നുണയുന്ന
ചാവേറുകളെന്നും പാലങ്ങള്‍...
____________________________

വേലക്കാരി

ഉപ്പു നിറച്ച പാത്രത്തിന്
പഞ്ചസാരപ്പാത്രത്തേക്കാള്‍
വെടിപ്പും നിറവുമുണ്ടായപ്പോള്‍,
കൊതിച്ചായക്കൂട്ടിന്‍ തിളപ്പില്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........
________________________
കവിത

ചെമ്പട്ടു കെട്ടിച്ചുറ്റി
ആടതോട ചേര്‍ത്ത്
മഞ്ഞളാടി, ചെഞ്ചാന്തണിഞ്ഞു-
ടവാളും ചിലങ്കയുമേറി-
യാര്‍ത്തുലഞ്ഞുതുള്ളി ചൊല്ലുന്ന
നാട്ടുകാളിയാണെന്റെ കവിത.

picture courtesy by google search

Thursday, October 2, 2008

ശ്മശാനത്തിലെ മരങ്ങള്‍ (കവിത)

കന്നിന്‍ മുലമുളച്ചു കോവലായ്
തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി.

ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍.

പാറഗര്‍ഭക്കനിവ് റാഞ്ചി
വേരുചുറ്റിപ്പടര്‍ന്നാടി-
യുഷ്ണ രൗദ്രമേറ്റൂപാടി,
നാട്ടു നനവില്‍ കുടിയേറി
നേതൃ നിരയില്‍ ഫണമുയര്‍ത്തി
വാഗ്ദാനമിലപ്പൊലിപ്പി-
ന്നലക്കിത്തേച്ച നേതൃത്വങ്ങള്‍,
കൊമ്പ് കോര്‍ത്തിലചേര്‍ത്ത
പുനര്‍ജ്ജനിയക്വോഷ്യകള്‍.

കയ്പ്പ്മാറാത്തിളം തളിരില,ത്തണ്ടുകള്‍
ചവച്ചുതുപ്പിയുയിരെടുക്കപ്പെട്ടെന്റെ
നാട്ടിന്‍ പേരക്കിടാങ്ങള്‍
വീണു മണ്ണില്‍ മുളച്ചില-
ച്ചാര്‍ത്തുമായാര്‍ത്താര്‍ത്തു വരുന്നൊരീ
യാരിവേപ്പിന്‍ വെളുത്ത പൂക്കളില്‍
കാതുകുത്തിന്‍ നോവുമാറാത്തവര്‍


പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം.

പൂത്തുമിലച്ചുകായ്ച്ചുമൂട്ടി-
യബല ദേഹമിടറി വീണും
നിലം‌പറ്റെ തളിര്‍ചുരന്നും
പുനര്‍ജ്ജനിച്ചൊരമ്മ മരം മുരിങ്ങകള്‍.

Sunday, September 28, 2008

"തണലിന്" യാത്രാമംഗളം

"മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.

വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം. ......
‌‌------------------------------തണല്‍---------( ചില്ല എന്ന ബ്ലോഗില്‍ നിന്നും)

ഈ വരികളൂര്‍ന്ന തൂലികയുടെ തമ്പുരാന്‍ മടക്കയാത്രയാവുകയാണ്....
(വെറും നാല്പ്പതു ദിവസത്തേക്കു മാത്രമാണെങ്കിലും.....
തണലില്ലാത്ത,
തണല്‍ക്കവിതകളുടെ നാട്ടുപച്ചപ്പില്ലാത്ത നരച്ച ദിനരാത്രങ്ങള്‍
ഞങ്ങളുടെ പ്രവാസത്തിന്റെ ഊഷരതയ്ക്കുമേല്‍ നിപതിക്കാന്‍ പോകുകയാണ്)
തണലണ്ണാ,
ചെറിയ ഇടവേളയുള്ള ഒരു സന്ദര്‍ശക വിസയുമായി
നാടു കാണാന്‍ പോകുന്ന പ്രിയ കവിയണ്ണന് സ്നേഹാദരങ്ങളോടെ
യാത്രാമംഗളം നേരുന്നു.... ബൂലോഗരോടൊപ്പം ഈ പാവം ഞാനും....

"പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്..."
എല്ലാ പ്രിയര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ കൈമാറുക.

Thursday, August 14, 2008

സുന്ദരിമുത്തശ്ശിമാര്‍ (കവിത)

സുന്ദരിയാറ്ന്നു ഞാനെന്നു മുത്തശ്ശി
ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍
നാലു ചേര്‍ത്തരപ്പിന്നൊടുവിലെ
ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ,
ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്‍.

അതൊരുകാലമെന്‍ മുത്തശ്ശിയിറയത്ത്
പേന്‍‌വേട്ടയാടുന്ന കാലം!
പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!
മുറ്റത്തടുപ്പില്‍ പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍‌ചിതല്‍ മേയുന്ന കാലം!


സുന്ദരിയാണുഞാനെന്നയല്‍ ഫ്ലാറ്റു മുത്തശ്ശി
സിലിക്കണ്‍ ചുരത്തുന്നു മുലകളില്‍
വേദന തിന്നൊരു സറ്ജ്ജറിയാമുഖം
ചണകമെഴുതു മിനുക്കീ!
വെണ്മതന്‍ ബാക്കിയും തട്ടിത്തെറിപ്പിച്ചു
പോര്‍സിലില്‍ വശ്യം ചിരിച്ചൂ!
കഥകളും പാട്ടുംചുരത്താതെയീ മുത്തി
പാര്‍ക്കിലും ഹാളിലും മേഞ്ഞൂ!
മടിത്തീരത്തണലന്യയായ് പിഞ്ചുകള്‍
സൈബര്‍ വനങ്ങളില്‍ മേഞ്ഞൂ.

ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!
നൂറുപാല്‍ നോറ്റുണ്ട ചിത്രകൂടത്തി-
നുഷ്ണവാതമേല്‍ക്കുന്ന കാലം!
വലമെനഞ്ഞിണഭോഗ ഭോജ്യത്തിനുത്തരം
സംതൃപ്തമാകുന്ന കാലം!
ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.

Monday, July 28, 2008

മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്

വറുതിപ്പൂരം പൂത്തൊരു ചന്ദ്ര രാത്രിയില്‍
വിശപ്പിന്നമിട്ടുച്ചിയില്‍ പൊട്ടിച്ചിതറിയ
ശാപയാമത്തില്‍
കാവിരന്നലഞ്ഞ ചിത്രകൂടക്കാവലാളിന്‍
വിഷം തീണ്ടി ചിത്രത്തിലായവന്‍....

ഒരു മണിപ്പേഴ്സില്‍ ചില്ലുകടലാസിനുള്ളില്‍
വിശ്രമത്തിലായവന്‍.....


അതിരിന്നരികുകള്‍ പലിശത്താഴില്‍ മുറുകുന്നു
കീറിയ തൊണ്ടയിലമ്മിഞ്ഞ ചുവക്കുന്നു
ഒടുവിലാകാശ ബെല്‍റ്റുകള്‍ മുറുകുന്നു
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

വെയില്‍ക്കോമരക്കനലാട്ടമാടിയൊരാഗസ്റ്റിന്‍ മട്ടുപ്പാവില്‍
ദുബായ് ബാറിലെ നിലാത്തണുപ്പില്‍
പകലവളൊരു വിളമ്പുകാരി.
മുടിയിലുന്മാദ മുല്ലച്ചുറ്റ്
മുല പുഷ്പിച്ച കസവു ബ്ലൗസ്
പൊക്കിള്‍പ്പൂമ്പൊടി ചിതറിയ നേര്യമുണ്ട്....
അരങ്ങിലൊരു കളിവിളക്കെരിയുന്നു
ഒരു കരാറില്‍ കോലമൊരുങ്ങുന്നു.

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

Thursday, July 17, 2008

കര്‍ക്കിടക കലിപ്പുകള്‍

അഗ്രഗേറ്ററ്ജിക്കുള്ളതാണ്‌ കര്‍ക്കിടക കലിപ്പുകള്‍ ഇവിടെ വായിക്കാം

Tuesday, July 15, 2008

കര്‍ക്കിടക കലിപ്പുകള്‍


വെയില്‍ വിരലുകള്‍ വയലിന്നടിവയറില്‍,
കലപ്പയില്‍ പേറെടുക്കപ്പെട്ട്
മാനം നോക്കിക്കരയുന്ന
കറുത്തടറ്ന്നൊരു ചുള്ളിക്കമ്പ്,
ഇലപ്പൊലിപ്പിന്റെ പൂറ്വ്വകാല-
മയവിറക്കുന്നൊരു വേലിപ്പെണ്ണ്,
വായ്പ്പയുടെ ഓരുവെള്ളക്കെട്ടില്‍
സമൃദ്ധകാലം ചീഞ്ഞടറ്ന്ന
വയസ്സന്‍ തൊണ്ടുകള്‍,


വരണ്ടു ചുരുണ്ട പുഴകളില്‍
പ്രതീക്ഷയുടെ ചെളിക്കിനിപ്പുകള്‍
നേറ്ച്ചപ്പൂലിന്റെ കൈത്തോടുകളിലേക്ക്
വഴി തിരിയുന്ന ഞാറ്റുവേലകളില്‍,
ഞണ്ട് മടയുടെ തലമുറച്ചരിവുകളില്‍
നനവു തേടുന്ന പരിഭവപ്പാടുകള്‍,

കൊയ്ത്തിന്റെ വെയില്‍‌പ്പഴുപ്പിലേക്ക്
ചുണ്ടുകൂറ്പ്പിച്ചമ്പോറ്റിയും ഭക്തരും,
കലം കരിക്കണം, പൊങ്കാല നിറയണം,

രക്തം വാര്‍ന്ന്, മാംസമടര്‍ന്ന്,
മുടിനാരു ബാക്കിയായ്
പുനറ്ജ്ജനി നേടി, പിണയപ്പെട്ട
ഒരുതുണ്ട് കയറില്‍ തുടം മുറുകുന്നു.

ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന്‍ കണ്ണെറിയാതെ നടക്കാം

കഴുത്തില്‍ കയറിട്ടതവരല്ലേ?
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner