വനഗര്ഭത്തിലേക്ക് നിരങ്ങി നീങ്ങുന്ന
വണ്ടിയുടെ നേര്ക്ക്, വഴിമുടക്കിയൊരാന!
സ്വപ്നങ്ങളിങ്ങനെയാണ്,
ചിതറിയ രംഗങ്ങളൊന്നിച്ച് ചേര്ക്കാനാകാതെ,
ഒന്നും മുഴുമിപ്പിക്കാനാകാതെ,
വഴിവക്കിലിടറിവീഴുന്നു.
വാക്കു പുതച്ച് വര്ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!
ഏത് കാട്ടിലേക്കായിരുന്നു യാത്ര?
ഇനിയും വെളിച്ചം വീഴാത്ത,
ചില്ലകളിലസ്ഥിപൂക്കുന്ന, ആഫ്രിക്കന് വനമ്പാത?
മണലില് മജ്ജകാഞ്ഞ, മരുവില് തൊലിയടര്ന്ന
വെടിയില് ചോരപൂക്കുന്ന
മദ്ധ്യപൂര്വ്വേഷ്യന് ചുടുകാട്?
കുന്ന് ചുട്ട്, പുഴ വാറ്റി, വയലുകാച്ചി
വളച്ചെടുത്ത അക്വോഷ്യന് നാട്ടുകാട്?
കാട്ടുഗര്ഭങ്ങളിലേക്കീയിടെ ശീതോഷ്ണ
തുടര്യാത്ര നടത്തുന്നതിനാലാകാം
ഒന്നൊന്നില്നിന്നിഴപിരിച്ചെടുക്കാനാവാത്തത്!!!
ഏതുവണ്ടിയിലായിരുന്നു യാത്ര?
പതുത്ത, പകുത്തിളംചൂടില് നറുതേന്
നുകര്ന്നെന്റെ ബോസിന്റെ ഹമ്മറില്?
(പോകുന്നത് വനാന്തരത്തേക്കെന്നാലും
യാത്രകളില് വിട്ടുവീഴ്ചയില്ല,
കൊഴുപ്പാര്ന്നധികാരികള്ക്ക്...)
അതോ അവള്ക്കിഷ്ടമുള്ള,ഞങ്ങളിനിയും
വാങ്ങാത്ത ബി.എം.ഫോര്വീലര്?
ലക്ഷ്യ്ത്തിലേക്കെത്തുന്നതിനു മുന്പെ-
പ്പോഴുമെണ്ണതീരുന്ന എന്റെ കൊറോള?
അതോ നാട്ടിലെ ആ പഴയ ഹീറോ ഇരുചക്രം?
ചക്രങ്ങളങ്ങിനെയാണ്, സ്വപ്നത്തിലും വേഗത്തില്
ഫോര്വീല് കണക്ട് ചെയ്ത്,
രണ്ടില് നിന്നും നാലായും ആറായും
പതിനാറായും നീണ്ട് ഒടുവില്
തേരട്ടയെപ്പോലെ ഞെരിഞ്ഞു ചുരുങ്ങുന്നു.)
ഏതായിരുന്നു വഴിമുടക്കിയ ആന?
വൈരൂപ്യത്തിന്നാഫ്രിക്കന് അരക്കെട്ട്,
ദ്രാവിഡനാര്യത്തിടമ്പേറ്റ ഭാരതക്കരിവീരന്,
മാംസ,പ്രണയ, വ്യാപാര'ത്തായ്ലാന്ഡ്' നപുംസകം,
അതോ എന്റെയിറയത്തെ കുഴിയാന!!!
ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള് തുടരുന്നതിനാലാകാം
നിഴല് രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!
എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്ച്ചയില്
ഉരുത്തിരിയാത്തതിനാല് ഒന്നുകൂടിയുറങ്ങിനോക്കാം.