ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Sunday, January 4, 2009

ജലനഗരങ്ങളുടെ നിഘണ്ടു (കവിത)

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സമ്പന്നമാകുന്നത്.
നിഴലുകളുടെ ഉടലളവുകള്‍ പൊലെ
നഗര സ്പന്ദനം!
വേലിയേറ്റ,മിറക്കം
തുറമുഖ വലിവുകള്‍
സ്പന്ദനാപതാളം...

നീഹാ? മിയാംഗ്‌ സാം‌ഗ്
നീയീ നഗരകുതിരയുടെ ചാട്ട!
ബെയ്ജിംഗിന്റെ, ഷാംഘായിയുടെ
വിരുത് മേഞ്ഞ
ലോഹച്ചൂളകളില്‍നിന്ന് കപ്പലേറിവന്ന
പാതിവെന്ത പുല്ലു തിന്ന്
വയറു കാഞ്ഞു വലിഞ്ഞോടുന്ന
നഗരാശ്വരഥത്തിന്നരികൊടിഞ്ഞ,
ചക്രാപതാളത്തിലടര്‍‌ന്നു തെന്നുന്ന
യാത്രികര്‍ ഞങ്ങള്‍ പരദേശികള്‍....

ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്‍ക്കാരങ്ങള്‍
മുതുകിലുയരുമ്പോള്‍
കാലികളോര്‍‌ക്കാറുണ്ടാവില്ല..

ചാഞ്ഞ മുള്‍പ്പുല്‍ക്കൊടിത്തീറ്റ
പിറകിലൊഴുകും വിസര്‍‌ജ്ജ്യം
നിന്നുറക്കം, ഉറങ്ങിയോട്ടം....
ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!

ജലനഗരങ്ങളുടെ ചുവപ്പതിരുകളില്‍
വിനിമയങ്ങളുടെ വിലനിര്‍ണ്ണയച്ചാര്‍‌ത്ത്
വന്‍‌കര തിരിച്ചല്ലെന്ന് നഗരമൊഴി...
ഉടലുകളുടെ നിലാക്കുന്നിന്‍
താഴ്‌വാരങ്ങള്‍ പൂക്കുന്നതും
ചുവക്കുന്നതുമനുസരിച്ച്,
നിറസമൃദ്ധിയില്‍,
നീര്‍‌സമൃദ്ധിയില്‍
വിലവിന്യാസ പുനക്രമീകരണം...
അതെന്തായാലും ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്.

Friday, December 12, 2008

മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ!

പകലു വാറ്റിക്കുറുക്കിയ ലഹരിയില്‍
ഇരുട്ടുചെത്തിമിനുക്കിയയിറകളില്‍
നിലാച്ചൂട്ടു മിന്നിപ്പിന്നിച്ചാറുന്ന
എന്നെ നനഞ്ഞൊരുടല്‍ത്താപം,
ഇന്നൊരു കാത്തിരിപ്പിന്റെ നൂല്‍മഴ.
"നിനക്ക് നിറച്ചുണ്ണാം
തിരിച്ചുവരവിലെനിക്കുമൊരു കിഴി"
പടിഞ്ഞാറെ പാതിരാക്കുന്നിലേക്ക്
കണ്ണീര്‍‌ച്ചാലിലൂടൊഴുക്കിവിട്ട്
കാഞ്ഞ വെള്ളത്തിന്റെ വേവ് നോക്കുന്ന
കനല്‍മഴ!

മറുമഴ നനഞ്ഞങ്ങാടി വാണിഭം
മറുമൊഴി നനഞ്ഞവളുടെ മണ്‍തടം
മഴയുരുക്കിക്കുറുക്കിയ കിണറിടം
കഴുകിയുരച്ചു പൊലിച്ചതും
മറന്നുപോയൊരു മഴക്കഥ.
മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

Wednesday, November 26, 2008

കറുത്ത ദിനം..രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണം.....
മുംബെയ് രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

"നമ്മുടെ അഖണ്ഡതയ്ക്ക് വിള്ളലേല്പ്പിക്കാന്‍
അസ്വസ്ഥ വിഭ്രാന്തികളുടെ വൃഥാ ശ്രമം....
അസ്ഥിവാരത്തിന്റെ ഒരു മണ്‍തരിയിളക്കാന്‍
പോലുമീ അവിഹിത ഉച്ചാടനക്രിയകള്‍ക്കാവില്ല..
പക്ഷേ, അശാന്തമാക്കുന്നു, നമ്മുടെ മനവും തനുവും...
മുന്‍പേ പറന്ന പക്ഷികള്‍ക്ക് ആദരാഞ്ജലികള്‍..."
The black day / black week / tha black year.....


ഗൃഹ ബിംബങ്ങള്‍ എന്ന പുതിയ കവിത ഇവിടെ വായിക്കാം വായിച്ചഭിപ്രായമറിയിക്കുമല്ലോ

Sunday, November 23, 2008

ഗൃഹ ബിംബങ്ങള്‍ (കവിത)

അമ്മേ....
ഗുഹാ ഗൃഹത്തിന്റെ കരിയടുപ്പിനുള്ളിലേക്ക്
നീ വിതച്ച നെടുവീര്‍പ്പുകള്‍,
ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
വിളവെടുപ്പിന്
സമുദ്രാന്തര്‍ഭാഗത്തെ ഭുമികുലുക്കത്തിന്റെ
ഗന്ധമായിരുന്നു!..

യാനാ ഇവാനോവിച്ച്,
നൈറ്റ് ക്ലബ്ബിലെ നീലരാത്രികളില്‍
വോഡ്കയുടെ പ്രസരിപ്പില്‍
നിന്റെ ചുണ്ടില്‍ നിന്ന്
ഞാനൂറ്റിയ രക്തരസം,
ഒരു വെളിപാടിനിപ്പുറം
കുളയട്ടയെ വച്ച് ഞാന്‍ തിരിച്ചെടുക്കുന്നു!

ചേച്ചിക്ക്,
അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
സേവനക്കൊയ്ത്തിന് പോയ നിന്നെ,
ഒരു വ്യാഴവട്ടത്തിനിപ്പുറം
ഞാന്‍ കാണാന്‍ വന്നേയ്ക്കാം...
പൊടിഞ്ഞ നിന്റ‌സ്ഥിയിലിനിയും
ചില തെളിവെടുപ്പുകള്‍ കൂടി ബാക്കിയുണ്ട്..

അച്ചാ....
ഒരു മഴുവും കയറുമുണ്ടെങ്കിലേതു മരവും
വെട്ടിവീഴ്ത്താമെന്നെന്നെ തനിച്ചിട്ട കാട്ടില്‍,
എതിര്‍‌ദിശയില്‍ കടപുഴകിയ
ഒരു വംശവൃക്ഷത്തിനടിയില്‍പ്പെട്ട്
ഞാന്‍ നിരങ്ങി നീന്തുന്നു.....

Tuesday, November 18, 2008

ജോലി, കൂലി, വയറ് തുടങ്ങിയവയെക്കുറിച്ച് ഒരുമണല്‍‌വാസിക്കവിത....

ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,
ഒരു കനത്ത കൂട്ടിയിടിയുടെ നരച്ച കനിവിലൂടെ,
മൂന്നക്ക യന്ത്ര വേഗതയില്‍ ഞാനെന്നും
ജോലിക്കു പോയി വരുന്നു!

വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,
സ്ഥാനമേറി, നോക്കി നിന്ന് പത്തിരട്ടിയവരും
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...

'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും
കറുത്തടര്‍ന്ന ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങി ഞാനും
വയറു നിറയ്ക്കുന്നു...

Friday, November 14, 2008

പ്രണയ ബലി..(കവിത)

നോവൂറിപ്പിളര്‍ന്ന കൈവഴി,
നിണക്കരിയോര്‍മ്മയൊലിപ്പിച്ച്,
നിലാബലി ചെയ്തിന്നു നീ, നിളേ...
നിന്റെ തെളിനീരിലിതളും തുളസിയും
നുകര്‍ന്നതിറ്റു നെറുകിലും ചാര്‍ത്തി ഞാന്‍..
കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രമിനി,യെന്റെയുഷ്ണങ്ങളില്‍!

ബലിപ്പൊള്ളലേറ്റ നിന്‍ മാറിടം..
കെട്ടുതാലിയറ്റ കരയിടം..
മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍‌ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍
പവിത്രക്കെട്ടില്‍ മുറുകിയ വയറിടം
മണല്‍‌പ്പൊക്കിളിലൊരുതുടം വെള്ളരി...

യവനസുന്ദര മദ മാമലപ്പെണ്ണു നീ,
കാവ്യമീരടി തേടിയലഞ്ഞ ഞാന്‍
നിന്റെ മാറിലൂടാറിപ്പടര്‍ന്നതും
നിന്നിലാടിത്തിമിര്‍ത്തു പൊഴിഞ്ഞതും
പിന്നെയാറിയിറങ്ങിയ മദതപം
കാവ്യ കൈവഴിയായിപ്പിറന്നതും...

ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....

Thursday, October 30, 2008

മൂന്ന് കവിതകള്‍



ചാവേര്‍

വേരുറഞ്ഞാറുകളില്‍
നീണ്ടുരുളന്‍ കാലുകള്‍
ജട ചുറ്റിയുറച്ച തലപ്പാവ്
നൂറുചേര്‍ത്തരച്ച ദേഹ, ച്ചോര
പോരാഞ്ഞ്,
ചക്രവേഗ പാത മദ്ധ്യേ,
കടപുഴകിത്തെറിച്ചുലഞ്ഞ്
നാക്കുനീട്ടിച്ചെംനീര്‍ നുണയുന്ന
ചാവേറുകളെന്നും പാലങ്ങള്‍...
____________________________

വേലക്കാരി

ഉപ്പു നിറച്ച പാത്രത്തിന്
പഞ്ചസാരപ്പാത്രത്തേക്കാള്‍
വെടിപ്പും നിറവുമുണ്ടായപ്പോള്‍,
കൊതിച്ചായക്കൂട്ടിന്‍ തിളപ്പില്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........
________________________
കവിത

ചെമ്പട്ടു കെട്ടിച്ചുറ്റി
ആടതോട ചേര്‍ത്ത്
മഞ്ഞളാടി, ചെഞ്ചാന്തണിഞ്ഞു-
ടവാളും ചിലങ്കയുമേറി-
യാര്‍ത്തുലഞ്ഞുതുള്ളി ചൊല്ലുന്ന
നാട്ടുകാളിയാണെന്റെ കവിത.

picture courtesy by google search
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner