ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, January 12, 2009

ഒറ്റയാന്‍ സ്വപ്നങ്ങള്‍

വനഗര്‍ഭത്തിലേക്ക് നിരങ്ങി നീങ്ങുന്ന
വണ്ടിയുടെ നേര്‍ക്ക്, വഴിമുടക്കിയൊരാന!
സ്വപ്നങ്ങളിങ്ങനെയാണ്,
ചിതറിയ രംഗങ്ങളൊന്നിച്ച് ചേര്‍ക്കാനാകാതെ,
ഒന്നും മുഴുമിപ്പിക്കാനാകാതെ,
വഴിവക്കിലിടറിവീഴുന്നു.
വാക്കു പുതച്ച് വര്‍‌ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!

ഏത് കാട്ടിലേക്കായിരുന്നു യാത്ര?
ഇനിയും വെളിച്ചം വീഴാത്ത,
ചില്ലകളിലസ്ഥിപൂക്കുന്ന, ആഫ്രിക്കന്‍ വനമ്പാത?
മണലില്‍ മജ്ജകാഞ്ഞ, മരുവില്‍ തൊലിയടര്‍ന്ന
വെടിയില്‍ ചോരപൂക്കുന്ന
മദ്ധ്യപൂര്‍‌വ്വേഷ്യന്‍ ചുടുകാട്?
കുന്ന് ചുട്ട്, പുഴ വാറ്റി, വയലുകാച്ചി
വളച്ചെടുത്ത അക്വോഷ്യന്‍ നാട്ടുകാട്?

കാട്ടുഗര്‍ഭങ്ങളിലേക്കീയിടെ ശീതോഷ്ണ
തുടര്‍‌യാത്ര നടത്തുന്നതിനാലാകാം
ഒന്നൊന്നില്‍നിന്നിഴപിരിച്ചെടുക്കാനാവാത്തത്!!!

ഏതുവണ്ടിയിലായിരുന്നു യാത്ര?
പതുത്ത, പകുത്തിളംചൂടില്‍ നറുതേന്‍
നുകര്‍ന്നെന്റെ ബോസിന്റെ ഹമ്മറില്‍?
(പോകുന്നത് വനാന്തരത്തേക്കെന്നാലും
യാത്രകളില്‍ വിട്ടുവീഴ്ചയില്ല,
കൊഴുപ്പാര്‍ന്നധികാരികള്‍ക്ക്...)
അതോ അവള്‍ക്കിഷ്ടമുള്ള,ഞങ്ങളിനിയും
വാങ്ങാത്ത ബി.എം.ഫോര്‍‌വീലര്‍?
ലക്ഷ്യ്ത്തിലേക്കെത്തുന്നതിനു മുന്‍പെ-
പ്പോഴുമെണ്ണതീരുന്ന എന്റെ കൊറോള?
അതോ നാട്ടിലെ ആ പഴയ ഹീറോ ഇരുചക്രം?
ചക്രങ്ങളങ്ങിനെയാണ്, സ്വപ്നത്തിലും വേഗത്തില്‍
ഫോര്‍‌വീല്‍ കണക്ട് ചെയ്ത്,
രണ്ടില്‍ നിന്നും നാലായും ആറായും
പതിനാറായും നീണ്ട് ഒടുവില്‍
തേരട്ടയെപ്പോലെ ഞെരിഞ്ഞു ചുരുങ്ങുന്നു.)

ഏതായിരുന്നു വഴിമുടക്കിയ ആന?

വൈരൂപ്യത്തിന്നാഫ്രിക്കന്‍ അരക്കെട്ട്,
ദ്രാവിഡനാര്യത്തിടമ്പേറ്റ ഭാരതക്കരിവീരന്‍,
മാംസ,പ്രണയ, വ്യാപാര'ത്തായ്‌ലാന്‍ഡ്' നപുംസകം,
അതോ എന്റെയിറയത്തെ കുഴിയാന!!!

ഭീതിദമായ ഒറ്റയാന്‍ സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!

എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്‍ച്ചയില്‍
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം.

Sunday, January 4, 2009

ജലനഗരങ്ങളുടെ നിഘണ്ടു (കവിത)

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സമ്പന്നമാകുന്നത്.
നിഴലുകളുടെ ഉടലളവുകള്‍ പൊലെ
നഗര സ്പന്ദനം!
വേലിയേറ്റ,മിറക്കം
തുറമുഖ വലിവുകള്‍
സ്പന്ദനാപതാളം...

നീഹാ? മിയാംഗ്‌ സാം‌ഗ്
നീയീ നഗരകുതിരയുടെ ചാട്ട!
ബെയ്ജിംഗിന്റെ, ഷാംഘായിയുടെ
വിരുത് മേഞ്ഞ
ലോഹച്ചൂളകളില്‍നിന്ന് കപ്പലേറിവന്ന
പാതിവെന്ത പുല്ലു തിന്ന്
വയറു കാഞ്ഞു വലിഞ്ഞോടുന്ന
നഗരാശ്വരഥത്തിന്നരികൊടിഞ്ഞ,
ചക്രാപതാളത്തിലടര്‍‌ന്നു തെന്നുന്ന
യാത്രികര്‍ ഞങ്ങള്‍ പരദേശികള്‍....

ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്‍ക്കാരങ്ങള്‍
മുതുകിലുയരുമ്പോള്‍
കാലികളോര്‍‌ക്കാറുണ്ടാവില്ല..

ചാഞ്ഞ മുള്‍പ്പുല്‍ക്കൊടിത്തീറ്റ
പിറകിലൊഴുകും വിസര്‍‌ജ്ജ്യം
നിന്നുറക്കം, ഉറങ്ങിയോട്ടം....
ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!

ജലനഗരങ്ങളുടെ ചുവപ്പതിരുകളില്‍
വിനിമയങ്ങളുടെ വിലനിര്‍ണ്ണയച്ചാര്‍‌ത്ത്
വന്‍‌കര തിരിച്ചല്ലെന്ന് നഗരമൊഴി...
ഉടലുകളുടെ നിലാക്കുന്നിന്‍
താഴ്‌വാരങ്ങള്‍ പൂക്കുന്നതും
ചുവക്കുന്നതുമനുസരിച്ച്,
നിറസമൃദ്ധിയില്‍,
നീര്‍‌സമൃദ്ധിയില്‍
വിലവിന്യാസ പുനക്രമീകരണം...
അതെന്തായാലും ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്.
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner