ബിസിനസ് ടവറിന്റെ പതിമൂന്നാം നിലയിലേയ്ക്ക്
എന്നോടൊപ്പം ലിഫ്റ്റ് പങ്കിട്ടത്
(1) സമിറാ റാഷിദ് ലോക്കൽ ഇമാറാത്തി
M.B.A ഫ്രം അമേരിക്കൻ യൂനിവേഴ്സിറ്റി
XYZ ജനറൽ റ്റ്രേഡിംഗ്, ദുബായ് യു.എ.ഇ
(3) ക്രിസ്റ്റീന ജെറോം ഫ്രം മനില, റിസപ്ഷനിസ്റ്റ്
വൺ റ്റു ത്രി റിയൽ എസ്റ്റേറ്റ് ദുബായ്
(4) Mariya മരിയാ ഇമ്മൻകോവിച്ച്,ദുഷാംബെ തജിക്കിസ്ഥാൻ..
(ജോബ് ഹണ്ടിംഗ് ഓൺ വിസിറ്റ് വിസ
അതൊന്നും ശരിയായില്ലെങ്കിൽ ചുവപ്പിന്റെ ഗലികളിലേയ്ക്ക്
ഉഴിഞ്ഞുവെയ്ക്കപ്പെട്ടവൾ)
(5) മൊഹമ്മദ് ഒസ്മാൻ ഫ്രം ചിറ്റഗോംഗ്
റൂം ബോയ് അൽ അറബ് കോണ്ട്രാക്റ്റിംഗ്.
നിയമപരമായ മുന്നറിയിപ്പ് :
മാക്സിമം പാസഞ്ചേഴ്സ് 10 ഓർ
നോട്ട് എക്സീഡഡ് 800 കിലോ.
ഇരുപത്തി നാല് കാരറ്റിൽ
ചെമ്പിച്ച മോതിരമിട്ട നീണ്ട ചായമിടാത്ത വിരൽ
ക്ലോസ് ബട്ടണിൽ അമരുന്നു
ഡോർ അടയുന്നു, പ്രതലം കണ്ണിൽ നിന്ന്
താഴേയ്ക്ക് കൊഴിയുന്നു.
ലിഫ്റ്റ് സുരക്ഷിതമായ ഒരു രാജ്യമല്ല,
കയ്യൂക്കുള്ള രണ്ട് രാജ്യക്കാർ താങ്ങിനിർത്തുന്ന അതിർത്തികൾ
നിറയെ നെടുകെ പിളരുന്ന അതിർത്തിരേഖകളിലൂടെ
പല വൻകരയിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ,
ഒറ്റക്കണ്ട്രോൾ പാനലിൽ വിരലമർത്താൻ ഒരുമയില്ലാത്ത വിരലുകൾ
ഒരു യുദ്ധത്തിലും ലക്ഷ്യത്തിലെത്താതെ വീണും പൊന്തിയും
വീണ്ടും വീണും പൊന്തിയും അത് നിരന്തരം
കുടിയേറ്റക്കാരെ പേറിക്കൊണ്ടിരിക്കുന്നു.
നിറയെ താടിയും വളഞ്ഞ് പിരിഞ്ഞ മീശയും
തലയിലൊരു തൊപ്പിയും നരപ്പു കളറുള്ള പൈജാമയും
രണ്ട് പാക്കിസ്ഥാനികളിലൂടെ
മുന്നാം നിലയിൽനിന്നാണ് നുഴഞ്ഞ് കയറിയത്.
പരസ്യക്കമ്പനിക്കാരുടെ 14" എൽ ഇ ഡി മോണിറ്ററിൽ
നിന്ന് കിട്ടുന്നതിനെക്കാൾ ഉൽപ്പന്ന മാഹാത്മ്യം
കിട്ടാൻ സാധ്യത ഏകരാജ്യങ്ങളിലെ
നിമിഷ ജീവിതങ്ങളിൽ തന്നെയാണ്...
ഫിലിപ്പീൻസ്, കടലെടുക്കുകയും കടലിലേക്കെടുക്കുകയും
ചെയ്യുന്ന ജാഡകളുടെ മൂന്ന് കരയാണെന്ന്
മൂക്ക് പൊത്തി വായടച്ച്
പുച്ചതാളഭംഗത്തിൽ കണ്ണുകാണിച്ച്
വെയിലൊട്ടിച്ച മുഖം നോക്കി, നരച്ച താടി നോക്കി
മുഷിഞ്ഞ തൊലി നോക്കി,
ജെന്നി അഗസ്റ്റസും ക്രിസ്റ്റീന ജെറാമും..
വായ് തുറന്നാൽ ചുട്ട ഞെണ്ടിന്റെ മണം വരുന്നവർ
മുഖം മാത്രം റൂഷിട്ട് ചെമ്പിച്ചോർ
വിക്റ്റോറിയാ സീക്രട്ടിന്റെയും സ്മാർട്ട് കലക്ഷന്റെയും
വിലകുറഞ്ഞ മണവാട്ടികൾ...
ചില പൗരോൽപ്പന്നങ്ങൾ മാതൃരാജ്യത്തെ മണപ്പിക്കുന്നത്
ലിഫ്റ്റിലെ ചുമരുകൾ നേരങ്ങളെ മണപ്പിക്കുന്നത് പോലെയാണ്.
(“രാവിലെ അവളുടെ ഊദും ഉച്ചയ്ക്ക് തന്തൂരി റൊട്ടിയും
അന്തിക്ക് റമ്മും മണക്കുന്ന ഹൗസിംഗ് കോളനിയിലെ
ല്ഫ്റ്റുകളെക്കുറിച്ച് മുൻപൊരു സ്റ്റാറ്റ്സ് ഇട്ടിരുന്നല്ലോ..”)
ചുണ്ടുകൾക്കിടയിൽ ഒരു
പനിനീർതോട്ടം
ഒളിപ്പിച്ചു വെച്ചവൾ
സമിറാ റാഷിദ്
വിയർപ്പിനറേബ്യൻ
ഊദിന്റെ ചന്ദനരസമുള്ളവൾ,
ദൈവവാക്യത്തിലഭിവാദനമർപ്പിച്ചു.
ഇതേതു രാജ്യമെന്നൽഭുതം കൂറിയവർപുത്തനന്തേവാസികൾ മുഷിഞ്ഞ പ്രവാസത്തിന്റെ
'ഹമാലി'പ്പരദേശികൾ
‘വ അലൈക്കും മുസ്സലാം’ എന്ന മറുമൊഴിയിൽ
വെയിലു കോർത്ത
ജപമാല വിരലിൽ തിടം വച്ചു..
കടൽ വലിഞ്ഞ
തുറമുഖങ്ങളത്രയും
ഏത് സംസ്കാരവും
നെഞ്ചേറ്റാൻ പോരും
ഹൃദയവിശാലയാർന്നവർ
എന്ന് നിശബ്ദം വിളംബരം ചെയ്തവൾ
കടലൊളിപ്പിച്ച
കണ്ണുകളിലതിസൗഹാർദ്ദം...
തജിക്കിസ്ഥാൻ പെണ്പ്രതലങ്ങളുടെ മുലവടിവും
പിന്മുനമ്പും യഥാവിധി കുലുക്കിക്കുലുക്കി....
വോഡ്കയും രതിയുമാണ് ലോകം നിലനിർത്തുന്നതെന്ന്
മഞ്ഞുപേറിത്തണുത്ത ചില ശീതരക്തവാഹകർ എത്രമേൽ
നാടുകടത്തിയിട്ടും മഞ്ഞിൽ വെയിലേറ്റപോൽ
ഉതിർന്നുതിർന്ന് മുൻപൊഴുകിയ ചാലിലൂടെ..
ചില ഊടുവഴികളെ ഓർമ്മിപ്പിക്കുന്നു.
ഒസ്മാൻ ഇടതു ചുണ്ടിനടിയിലെ നസ്വാർ
വലതു ചുണ്ടിനടിയിലേയ്ക്ക് മാറ്റി.....
ഇപ്പോൾ ഞങ്ങളുടെ രാജ്യം പതിമൂന്നാം നിലയിലെ
അതിർത്തി ഭേദിച്ചിരിക്കുന്നു
ഞാനും മറ്റു ചിലരും രാജ്യം
വിടേണ്ടതുള്ളതുകൊണ്ടും
ഉസ്മാൻ എന്താണ് തുടർന്ന് ചെയ്യുന്നതെന്ന്
അറിയാൻ
കഴിയാത്തതുകൊണ്ടും.......
എനിക്ക് മറ്റു ചില തിരക്കിട്ട
ജോലികളുള്ളതുകൊണ്ടും