ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, June 25, 2011

എൻ ആർ ഐ ഡിവൈസ്

നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.


മഞ്ഞ് പൊടി മണത്ത്,
മഴ ചവച്ച്, നനവുടുത്ത്,
നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക് കോപ്പി ചെയ്ത്
ഭദ്രമായ പുറന്തോടിട്ട്
ആവശ്യാനുസരണം ഏത്
സിസ്റ്റവുമായി ഘടിപ്പിക്കാവുന്നതരം
പ്ളഗ്ഗിൻ അവയവങ്ങള് ചേർത്തു വച്ച്
തിരിച്ചു വരവിന്റെ തുറമുഖങ്ങളടച്ച്,
മുകളിലേയ്ക്കും പിന്നെ തിരശ്ചീനമായും
കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്.ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിച്ച്
ഊരിയെടുത്ത്, പുറന്തോട് മാറ്റി
ക്രഷ് ചെയ്യപ്പെടുന്നതു വരെ
പ്രത്യുൽപ്പാദനത്തിന്റെ
പ്രലോഭനങ്ങളിലൂടെ…..
പ്രതിപ്പവർത്തിച്ചുക്കൊണ്ടിരിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.


നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner