ഒരു പ്രവാസിയുടെ കാവ്യപുസ്തകം...
. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."
Sunday, April 20, 2008
മരു മഴയുടെ ബഹുവചനങ്ങള്
മരുക്കാടുകളിലെ മഴ,
ഒറ്റമുറിയിലടച്ച മുത്തശ്ശിയുടെ ഗദ്ഗദങ്ങളുടെ പെയ്തിറങ്ങലാണ്.
ചേതന കൊടും ചൂടില്‍ തിളച്ചാര്‍ത്ത്
വിലക്കുകളുടെ ഗിരിശൃംഖങ്ങളില്‍ത്തട്ടി ഘനീഭവിക്കുമ്പോള്‍
മഴക്കോളുണ്ടാകുന്നു,
ചുളിഞ്ഞ കണ്ണുകളിലെ കാര്‍മേഘങ്ങളില്‍നിന്ന്
സ്മൃഥികളുടെ വെള്ളിനൂലായ് അവ പെയ്തിറങ്ങുന്നു.
മഴ മണല്ക്കാടുകളില് ,
കുഞ്ഞനിയത്തിയുടെയാകാംക്ഷയാകുന്നു.
സൈബര്‍ കരിന്തിരിയെരിയുന്ന മിഴികളിലേക്ക്
മുത്തശ്ശിക്കഥകളുടെ എള്ളെണ്ണ പകരുമ്പോള്‍
തപിക്കുന്ന ഇളംകോശങ്ങളില്‍ നിന്ന്
നേര്‍ത്ത വെണ്മുത്തുകളായ് മഴ ഉരുണ്ടിറങ്ങുന്നു.
മരുപ്പടര്‍പ്പിലെ മഴ,
അമ്മയുടെ നോവായുരിഞ്ഞിറങ്ങുന്നു.
നാട്ടുകിനാവിണ്റ്റെ പാല്‍മേഘങ്ങള്‍ കിഴക്കേയതിരിലെ വൈക്കോല്‍ക്കൂനകളില്‍ത്തട്ടിത്തപിക്കുമ്പോള്‍
കടലതിരുകളുടെ വിലക്കുതീരങ്ങളിലേക്ക്
ചുടുനിശ്വസമായ് കൊഴിഞ്ഞു വീഴുന്നു.
മണല്‍പ്പാടങ്ങളിലെ മഴ,
ഉരുകുന്നയച്ചണ്റ്റെ ശിഷ്ടജലമാകുന്നു
ജീവതാളങ്ങളുടെ സമവാക്യങ്ങള്‍
നൈരന്തര്യങ്ങളുടെ ഉമിത്തീയില്‍ ദഹിക്കുമ്പോള്‍
തീരാക്കടങ്ങളുടെ എണ്ണക്കിണറുകളിലേക്ക്
സംസ്ക്കരണത്തിണ്റ്റെയമ്ളമഴയായ് പതിഞ്ഞിറങ്ങുന്നു
മണല്‍ത്തിട്ടകളിലെ മഴ,
എണ്റ്റെയെഴുത്താണി തട്ടിമുറിയുന്ന ചോരത്തുള്ളികളാണ്. പ്രണയകാലത്തിണ്റ്റെ കടലിടുക്കുകളില്‍നിന്ന്
ഞാന്‍ കുറിച്ചു വിട്ട രാസഗീതികള്‍
മണല്‍മടക്കുകളുടെ സ്ത്രൈണബിംബങ്ങളില്‍ തട്ടിത്തപിക്കുമ്പോള്‍
മദജലമായ് മഴ പെയ്തിറങ്ങുന്നു.
മഴ മണല്‍നഗരിയില്‍,
രാസഗണിതങ്ങളുടെ അന്ത്യോത്തരമാകുന്നു.
നിമിഷവിലകളില്‍ അമര്‍ന്നിറങ്ങുന്ന
ജൈവദ്വന്ത്വങ്ങളുടെ കഥാന്ത്യത്തില്‍
മഴമടുപ്പായ് പെയ്തിറങ്ങുന്നു
മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു.
എഴുതിയത് : രണ്‍ജിത്ത് ചെമ്മാട്
Ranjith chemmad / ചെമ്മാടൻ
സമയം
6:03 AM
25
സുന്ദരന്മാരും സുന്ദരികളും മൊഴിഞ്ഞതിങ്ങനെ
Labels:
കവിത മരു-മഴയുടെ ബഹുവചനങ്ങള്
Subscribe to:
Posts (Atom)