OLD TOWN - LEONID AFREMOV |
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
നഗരങ്ങളില്‍ മാത്രമാണ്.
ഉടലുകളുടെ നഗ്നരൂപങ്ങളിലൂടെ
നഗരത്തെ വരയ്ക്കാം...
ചുണ്ടുകള്‍ക്കിടയിലുള്ള
വിടവുകളിലൂടെയും നഗരം വരയ്ക്കാം..
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!
മേല്‍ വസ്ത്രങ്ങളുള്ള നഗരം
ഉമ്മകളേല്‍ക്കാത്ത
ചുണ്ടുകള്‍ പോലെയെന്ന്
ഞാനവളെ നഗ്നയാക്കുമ്പോള്‍,
കാടിറങ്ങിയ മലഞ്ചരക്കുകള്‍ക്കും
കടലിറങ്ങിയ ഉരുപ്പടികള്‍ക്കും
വില പേശുമ്പോള്‍,
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
.......................................................
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്