ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Wednesday, March 10, 2010

ഭോഗ വൃക്ഷങ്ങളുടെ കാട്

കേമനാഷു? രുക്സാനാ ബംഗാളീ,
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!

നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.

മാന്‍‌ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

'ഭോഗ വൃക്ഷങ്ങളുടെ കാട്' പുതിയ കവിത, ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്

27 comments:

Ranjith chemmad / ചെമ്മാടൻ said...

ഇതെന്റെ നഗരം!
"കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!"

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നഗരങ്ങള്‍ അങ്ങനെയാണ്..

Unknown said...

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

പാമരന്‍ said...

you rock da..

Sudhir KK said...

ഈ കവിതയുടെ ആത്മാവ് ഈ നാലു വരികളില്‍ കിനിഞ്ഞു നില്‍ക്കുന്നു!

"നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!"

ഒറിജിനല്‍ മോഡേണ്‍ ഇമേജുകള്‍.

ചന്ദ്രകാന്തം said...

നഗരം!!!

ഗൗരി നന്ദന said...

"മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ"

(വേരുകളിപ്പോഴും ഇവിടെ തന്നെയാണല്ലേ?)

"കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!"

നല്ലൊരു 'നരക' ഭൂപടം..!!!

Junaiths said...

വൈകൃതങ്ങള്‍ മൂടി വച്ച് സൌന്ദര്യത്തിന്റെ മുഖപടമണിഞ്ഞ നഗരം..
നഗരത്തിന്റെ നേര്‍ക്കാഴ്ച്ച
മനോഹരം രഞ്ചിത്ത് ...

ശ്രീ said...

നന്നായി, മാഷേ

തണല്‍ said...

പൂമരങ്ങളെ
കടപുഴക്കി പ്രളയം..
അതിലുമേറെയാഴത്തില്‍ നിന്റെ വരികള്‍!

പകല്‍കിനാവന്‍ | daYdreaMer said...

മനോഹരം രഞ്ജിത് !~

Mayoora | Vispoism said...

da super, u did it again!

ManzoorAluvila said...

ചെളിയിലരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,

ചെളിയിലിരതേടി..എന്നാണോ ഉദ്ദേശിച്ചത്‌..വളരെ നല്ല രചന..എല്ലാ..ആശംസകളും

manzoor

Sudheer K. Mohammed said...

കുറേ കാലത്തിനുസശേഷം വയിച്ച നല്ല നഗര ചിത്രം
www.sudheerkmuhammed.blogspot.com

Ranjith chemmad / ചെമ്മാടൻ said...

നന്ദി, വായിച്ചഭിപ്രായമറിയിച്ച സുമനസ്സുകള്‍ക്ക്....

Ranjith chemmad / ചെമ്മാടൻ said...

മന്‍സൂര്‍, 'ചെളിയിലിരതേടി' എന്നുതന്നെയാണ്!
തിരുത്തിയിട്ടുണ്ട്.....
നന്ദി, അക്ഷരപ്പിശക് ചൂണ്ടിക്കാണിച്ചതിന്....

ഹന്‍ല്ലലത്ത് Hanllalath said...

ലോക്കല്‍ ട്രെയിനുകളില്‍ കൂട്ടമായി വന്നിറങ്ങുന്ന ബംഗാളിപ്പെണ്ണുങ്ങളെക്കാണാം മുംബൈയില്‍..

വീട്ട് ജോലികള്‍ ചെയ്തവര്‍ തിരിച്ച് പോകുമ്പോള്‍
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,അകം ചുമരിലൂടെ കുഴല്‍ നദികളുറവ പൊട്ടും.

....എത്രയോ നാളായി മനസ്സില്‍ കിടന്ന ചിത്രം കവിതയായി കണ്ടതില്‍ സന്തോഷം..നന്ദി...

ഭായി said...

അതെയതെ, ഇത് തന്നെയാണ് നരകം!
നന്നായി ബോധിച്ചു.

Rare Rose said...

അസംതൃപ്തമായ നഗരക്കാഴ്ചകള്‍ ഓരോ വരിയിലും.നന്നായിരിക്കുന്നു..

നിലാവര്‍ നിസ said...

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

പൊള്ളിക്കുന്ന വരി...

drushti said...

ranjith, than kaviyanu, ahankarichu kollu

സെറീന said...

നല്ല കവിത രഞ്ജിത്ത്..
പേര് പോലും മറ്റൊരു കവിത.
അഭിനന്ദനങ്ങള്‍..

sm sadique said...

ഇങ്ങനെയാണ് കവിത എഴുതേണ്ടതെന്നു അറിയാം ;........ ഉഗ്രന്‍ ഇമേജുകള്‍ .

ഗീത said...

നഗരം ഇങ്ങനെയൊക്കെയാണ്...
എങ്കിലും അവിടെ വന്നെത്തിപ്പെടുന്നവര്‍ അവിടെ തന്നെ അടിഞ്ഞുകൂടാനാണിഷ്ടപ്പെടുന്നത്.
അത്രയ്ക്ക് ആവാഹനശക്തി.

Jishad Cronic said...

നല്ല കവിത.....

ഗീത രാജന്‍ said...

മനോഹരം ......

Jishad Cronic said...
This comment has been removed by the author.
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner