ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, July 4, 2016

ദുബായ് സ്പാ (ഫുൾ ബോഡി )

ദുബായ് സ്പായിലെ മൊറോക്കൻബാത്ത് കഴിഞ്ഞ്
ടിഷ്യൂ റോൾ ബെഡ്ഷീറ്റിന്റെ ഓളപ്പരപ്പിൽ
അലഞ്ഞൊഴുകുന്നൊരു പായ്ക്കപ്പൽ
കപ്പൽ‌പ്പായ്ശീലുകൾക്കിടയിലൂടെ എവിടെയോ
ഒരു കവിത തിണർത്തു.
കവിതയെ  ബംഗാളിൽ കബിത എന്നു വിളിക്കും
കടൽ നീങ്ങി കരയായ, വളഞ്ഞുപുളഞ്ഞ
തീരദേശത്തിന്റെയരികിലൂടെ
വടം തടഞ്ഞിടാനൊരു മരക്കുറ്റി തേടിയലയുന്ന
ഓരുവെള്ളക്കാഴ്ച്ചകൾ വരികൾക്കിടിയിലെ ബിംബങ്ങളായി.

സ്പാ ഒരു ഒഴുക്കാണ് ഇടയ്ക്കെവിടെയോ വടം കെട്ടി
തടഞ്ഞിട്ട്, വഴി മദ്ധ്യേ അഗാധതയിലേയ്ക്ക് ആണ്ടു പതിച്ച്
മറ്റിടങ്ങളിലേയ്ക്ക് കുത്തിയൊലിച്ച്....

കബിത ചാറ്റർജ്ജിയുടെ  വിരൽത്തെരുവുകളിലൂടെ
കത്തിയൊലിച്ചഗ്നിപർവ്വത ശേഷിപ്പുകളുടെ
ലാവാസ്റ്റോൺ കരിരൂപങ്ങൾ...
ഇളം വേവിൽ ചുട്ടെടുത്ത കറുത്തമറുകകൾ
തവിട്ടു തൊലികളിലേയ്ക്ക് പകർന്ന് പകർന്ന്
മുന്നിലും പിറകിലും അഗ്നിപർവ്വതങ്ങളുടെ
കുഞ്ഞുങ്ങളെ മുളപ്പിച്ച് ചുണ്ടൊഴിച്ച് ചൂട് പകർന്ന്
കടുകെണ്ണ മണമുള്ള വിടർന്ന പൂവുകളിലൂടെ
പലായനത്തിന്റെ നാട്ടുശീലുകൾ.
ശീലുകൾക്കപ്പുറത്ത് വംഗദേശത്ത്
ചുട്ട മീനിന്റെ നാട്ടുവരികൾ..
കുമ്പളം തിളയ്ക്കുന്ന കറിക്കൂട്ടുകൾ

സ്പാ ചിലപ്പോൾ  പന്തൊഴുക്കു പോലെയാണ്...
എവിടെ എപ്പോൾ എങ്ങിനെയെന്നൊന്നും അറിയാത്ത
ചില പാസുകൾ ഗോൾവലകൾ കുലുക്കി
അലയൊലിയുതിർത്ത്.
മറ്റു ചിലവ പുറത്തേയ്ക്ക് പതറി
തല കീഴായ ഗ്യാലറികളിലൂടെ
ആരാവാരങ്ങളോടെ
ചെത്തിപ്പോയ പുൽഞെട്ടുകളിലൂടെ
ഭ്രാന്ത താളം, വന്യ ജനിതകം.

ഉള്ളിലെ അഗ്നിഗർഭത്തിൽ
മഞ്ഞുചുണ്ടുകൾ തുന്നിച്ചുചേർത്ത്
അവൾ സാംബിയൻ  സ്പായുടെ
ലഹരിമുളകൾ രോമകൂപങ്ങളിലേക്കാവേശിച്ചു 
കിളിമഞ്ചാരോ, വന്യം നിന്റെയുടൽനീളം
എണ്ണ മെഴുകിയ നിന്റെ പീഠഭൂമി പിന്നിട്ട്
എന്നിലെ പർവ്വതാരോഹകൻ 
ലാർവയുറഞ്ഞ ആരോഹണപാത കണ്ടെത്താനുള്ള ശ്രമത്തിലാണ്
ഒടുവിൽ  മഞ്ഞുപുതപ്പിനുള്ളിലൂടെ  ലാർവയുറഞ്ഞ
അസ്ഥികൾക്കിടയിലേയ്ക്ക് ആരോഹണ വിജയത്തിന്റെ
കോടി നാട്ടണം, കൊടിക്കപ്പുറം ചെങ്കടൽ. 
ചെങ്കടൽ വിടവിലൂടെ ഒരു നിഷ്ക്രിയതാളം
പലായനത്തിന്റെ  ആഫ്രോ വിരലുകൾ
കനൽ വേവിൽ കരിയുന്ന പച്ചമാംസം
അതിജീവനത്തിന്റെ ദ്വീപ് വാസം
ചെളിത്തോട്ടിലെ ജാക്വിസി നീരാട്ടം
കണ്ടൽ ചതുപ്പുകളിൽ ഞണ്ടു ചുട്ട രസമേളം .
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner