ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Thursday, August 14, 2008

സുന്ദരിമുത്തശ്ശിമാര്‍ (കവിത)

സുന്ദരിയാറ്ന്നു ഞാനെന്നു മുത്തശ്ശി
ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍
നാലു ചേര്‍ത്തരപ്പിന്നൊടുവിലെ
ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ,
ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്‍.

അതൊരുകാലമെന്‍ മുത്തശ്ശിയിറയത്ത്
പേന്‍‌വേട്ടയാടുന്ന കാലം!
പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!
മുറ്റത്തടുപ്പില്‍ പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍‌ചിതല്‍ മേയുന്ന കാലം!


സുന്ദരിയാണുഞാനെന്നയല്‍ ഫ്ലാറ്റു മുത്തശ്ശി
സിലിക്കണ്‍ ചുരത്തുന്നു മുലകളില്‍
വേദന തിന്നൊരു സറ്ജ്ജറിയാമുഖം
ചണകമെഴുതു മിനുക്കീ!
വെണ്മതന്‍ ബാക്കിയും തട്ടിത്തെറിപ്പിച്ചു
പോര്‍സിലില്‍ വശ്യം ചിരിച്ചൂ!
കഥകളും പാട്ടുംചുരത്താതെയീ മുത്തി
പാര്‍ക്കിലും ഹാളിലും മേഞ്ഞൂ!
മടിത്തീരത്തണലന്യയായ് പിഞ്ചുകള്‍
സൈബര്‍ വനങ്ങളില്‍ മേഞ്ഞൂ.

ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!
നൂറുപാല്‍ നോറ്റുണ്ട ചിത്രകൂടത്തി-
നുഷ്ണവാതമേല്‍ക്കുന്ന കാലം!
വലമെനഞ്ഞിണഭോഗ ഭോജ്യത്തിനുത്തരം
സംതൃപ്തമാകുന്ന കാലം!
ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.

29 comments:

Ranjith chemmad / ചെമ്മാടൻ said...

ഇങ്ങനെയും ചില ഗള്‍ഫ് മുത്തശ്ശിമാര്‍!

Ranjith chemmad / ചെമ്മാടൻ said...

ഭീകരമായ ജോലിത്തിരക്കിനിടയിലായതിനാല്‍
കഴിഞ്ഞയാഴ്ച്ച ബൂലോഗത്തേക്ക് വരാനോ
പുതിയ രചനകള്‍ വായിക്കാനോ കഴിഞ്ഞില്ല.
എല്ലാ സൗഹൃദങ്ങളോടും ക്ഷമ ചോദിച്ചുകൊണ്ട്......

ചന്ദ്രകാന്തം said...

രണ്‍ജിത്ത്‌,
വേഗത കൂടിയ ജീവിതം, അതിലും വേഗം കൂടിയ ഫാഷന്‍ ഭ്രമം...കുടുംബം എന്ന വാക്കിന്‌ പണ്ടുണ്ടുണ്ടായിരുന്ന മുഖമല്ല ഇപ്പോള്‍. ഓരോ അംഗങ്ങളിലുമുണ്ട്‌ മാറ്റങ്ങള്‍.
അച്ഛനമ്മമാരെ ഓര്‍‌ക്കാന്‍, സ്നേഹമറിയിയ്ക്കാന്‍ ....അങ്ങനെ എന്തിനൊക്കെയോ.. നിശ്ചിത ദിവസങ്ങള്‍.
.....പലതും ഒന്നിച്ചുമിന്നി, ഈ വരികള്‍ വായിച്ചപ്പോള്‍.

കരീം മാഷ്‌ said...

ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!
എൻ മനസ്സിനേയും....!
നന്നായിട്ടുണ്ട് :)

ജിജ സുബ്രഹ്മണ്യൻ said...

ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.

സത്യം..പണ്ടത്തെ തറവാട്ടു മുറ്റവും ഇപ്പോളത്തെ ഫ്ലാ‍റ്റു യുഗവും..വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..

മാധവം said...

നന്നായിരിക്കുന്നു രെഞ്ജിത്ത്,
നിന്നിലെ ഉപ്പായിരിക്കുമെന്നുറപ്പുതന്ന മുത്തശ്ശിയെ
നാമൊടുവില്‍........

ഹരീഷ് തൊടുപുഴ said...

കൊള്ളാം...അഭിനന്ദനങ്ങള്‍

പാമരന്‍ said...

"ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!"

കാലത്തിന്‍റെ നേര്‍ക്കാഴ്ച...


ഓ.ടോ. നിങ്ങളേം തണലിനേം ഇരട്ട പെറ്റതാണോ..? ദേ തൊട്ടുതാഴെ കിടക്കുന്നു അങ്ങേരുടെ കവിത!

ഫസല്‍ ബിനാലി.. said...

നന്നായിരിക്കുന്നു, ആശംസകള്‍......

smitha adharsh said...

കൊള്ളാം..നന്നായിരിക്കുന്നു.നല്ല വരികള്‍..

നരിക്കുന്നൻ said...

ഇത്തരം മുത്തശ്ശിമാര്‍ക്കേ ഇന്ന് കുടുംബത്തില്‍ ജീവിക്കാന്‍ പറ്റൂ. ഫാഷന്‍ പിറകെ പോയില്ലങ്കില്‍ വൃദ്ദസധനത്തിലായിപ്പോകും..

നല്ല കവിത.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്‍."
nalla varikaL!!

കാവലാന്‍ said...

ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലേയ്ക്ക് കവിതകൊണ്ടൊരിടവഴി.ഒരുപാടു സ്മരണകളെ തട്ടിയുണര്‍ത്തുന്ന വരികള്‍.... കൊള്ളാം

ഇനിയും നന്നാക്കി എഴുതാന്‍ രണ്‍ജിത്തിനാവുമെന്നു തോന്നുന്നു. തുടരുക ഭാവുകങ്ങള്‍.

ഓടോ:

"പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!........
......................
വന്‍‌ചിതല്‍ മേയുന്ന കാലം!.."

ഈ വരികളിലെ എല്ലാം ഞാന്‍ മുന്നേ ഗദ്യത്തിലെഴുതി ഡ്രാഫ്റ്റാക്കിയിട്ടുണ്ട് ഒരു കുത്തിക്കുറിപ്പിനു വേണ്ടി. എങ്ങനെ ഇത്ര സാമ്യം വന്നു ആവൊ? എന്റെ ഡ്രാഫ്റ്റിന്നു കോപ്പിയടിച്ചൂന്ന് അരൂപിക്കു പരാതി കൊടുക്കും. ;)

ബിന്ദു കെ പി said...

“ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം”
അഭിനന്ദിക്കാന്‍ വാക്കുകളില്ല ,രഞ്ജിത്ത്

ആഗ്നേയ said...

ഫാഷനബിള്‍ ആയ മുത്തശ്ശിക്ക് മനസ്സില്‍ സ്നേഹം കാണില്ലെന്നത് യോജിക്കാനാവാത്തകാര്യം....നമ്മുടെ മുത്തശ്ശി അവരുടെ മുത്തശിമാരേക്കാള്‍ പരിഷ്കാരിയായിരുന്നില്ലേ?
ലിപ്സ്റ്റിക്കും, ചുരിദാറും ഇട്ട് നല്ല സ്നേഹമുള്ള മനസ്സും,കുലീനമായ പെരുമാറ്റവും ഉള്ള മുത്തശ്ശിമാരെ എനിക്കറിയാം..മുണ്ടും നേര്യതുമുടുത്തവരില്‍ 100%അസൂയയ്ഉം,കുശുംബും ഇല്ലാത്തവരെന്ന് പറയാമോ?ഒരു 5% എങ്കിലും കാണില്ലേ അപവാദമായിട്ട്?മുത്തശ്ശിയെന്നാല്‍ പേരക്കുട്ടിയേക്കാള്‍ ഉലകം കണ്ടവള്‍,അവര്‍ക്ക് ലോകത്തിന്റെ നന്മ തിന്മകള്‍ ചൂണ്ടിക്കാട്ടെണ്ടവള്‍,അച്ഛനമ്മ്മാരേക്കാള്‍ സ്നേഹിക്കുന്നവള്‍.അത്ര പോരേ?അല്ലാതെ മുത്തശ്ശിയെന്നാല്‍ മുറുക്കാന്‍ ചുണ്ടും,മുണ്ടും നേരിയതും എന്ന വാശി വേണോ?ഞാന്‍ പഴഞ്ചന്‍ മുത്തശ്ശിമാര്‍ക്കെതിരേ എന്ന് തെറ്റിദ്ധരിക്കല്ലേ...അച്ഛനുമമ്മക്കും പകരം മുത്തശ്ശിയാല്‍ വളര്‍ത്തപ്പെട്ടവളാണ് ഞാന്‍..ആ കാതിലെ അലുക്കത്തിനേയും,ചൊലിത്തന്ന കഥകളേയും,കൈകളിലെ ചൂടിനേയും,മടിയിലെ സുരക്ഷിതത്വത്തേയും,വളര്‍ന്ന നാടിനേയും വല്ലാതെ സ്നേഹിക്കുന്നവള്‍.പക്ഷേ പഴയതെല്ലാം നല്ലത്,പഴയവരെല്ലാം നല്ലത്...ഇപ്പോഴുള്ളതും,ഇപ്പോഴുള്ളവരും എല്ലാം എന്തിന് എന്ന മട്ടിലുള്ള ചിന്തകളെ എന്തോ എല്ലായ്പ്പോഴും അംഗീകരിക്കാനൊരു മടി..ഞാന്‍ ഈ കാ‍ലഘട്ടതിന്റെ സന്തതിയായതിനാലാവാം.
ഒന്നേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ..എന്നും,ഏതിലുമുണ്ട് നല്ലതും ചീത്തയും..
പക്ഷേ കവിത്യ എനിക്കിഷ്ടമായി ട്ടോ..:)
ഓ.ടോ..മുത്തശ്ശന്റേം,മുത്തശ്ശീടേം ഓണം അവരാഘോഷിച്ചില്ലേ,അച്ഛന്റേം അമ്മയുടേയും അവരും..നമ്മുടെ നമുക്കാഘോഷിക്കാം ന്നേ..മക്കളുടേതവരാഘോഷിക്കട്ടെ...അല്ലേ?

തണല്‍ said...

മകാനേ.....
തിരക്കിലായിപ്പോയീ..ക്ഷമിക്കുക!
നിന്റെ കവിതയ്ക്ക് ആദ്യകമന്റ് ഞാന്‍ എഴുതിയതാണ്..പക്ഷേ സാങ്കേതികമായ തകരാറുകള്‍
സമ്മതിച്ചില്ലാ.ഇനീപ്പോ എന്തു പറയാനാ ഞാന്‍?
ഗദ്ഗദചുണ്ണാമ്പു വെറ്റിലയില്‍ തേച്ച് ഇറയത്ത് പേന്‍ വേട്ടയാടി തുടരട്ടേ ഗദകാലസ്മരണകള്‍..!

(പാമര്‍ജീ...:))

Mahi said...

ഈ മുത്തശ്ശി കവിത ഇഷ്ടപ്പെട്ടു.കഥകളുടെ കരിമ്പന കൊട്ടരങ്ങളില്ലാത്ത കുട്ടികളെയോര്‍ത്ത്‌ വിഷമം തൊന്നുന്നു

ഒരു സ്നേഹിതന്‍ said...

കൊള്ളാം... നന്നായിരിക്കുന്നു...

ആശംസകള്‍......

Ranjith chemmad / ചെമ്മാടൻ said...

പ്രിയ സൗഹൃദങ്ങള്‍ക്ക്,
യാദൃശ്ചികമായുണ്ടായ തസ്തിക മാറ്റത്തില്‍
കൂടുതല്‍ സമയം ഓഫീസില്‍ ചിലവഴിക്കാന്‍
കഴിയാതെ പോകുന്നു.
ഇപ്പോള്‍ പോര്‍ട്ട് ഡ്യൂട്ടിയിലായതിനാല്‍
നെറ്റില്‍ ചിലവഴിക്കാനോ, തന്മൂലം
"ബൂലോഗ" കാര്യങ്ങളറിയാനോ കഴിയുന്നില്ല.
പല പ്രധാന രചനകളും വായിക്കാന്‍ കഴിയാതെ പോകുന്നു.

Ranjith chemmad / ചെമ്മാടൻ said...

മണല്‍ക്കിനാവിലെത്തി, വായിച്ച്, വിലപ്പെട്ട അഭിപ്രായങ്ങള്‍
അറിയിച്ച എല്ലാവര്‍ക്കും നന്ദി....

വിജയലക്ഷ്മി said...

sunddari muthashimar....nannaittund.ningalude ella postum kadukattiya mone.nannaittundu.nanmakal nerunnu.comments malayalathil type cheyyan ariyilla padikkanam.athukonda manglishil type cheyunnathu.

K C G said...

ആ പഴയ മുത്തശ്ശിയെ ഓര്‍ത്ത് കരഞ്ഞു രണ്‍ജിത്തേ. എന്റെ മുത്തശ്ശിയും ഇങ്ങനെ....
അവസാന കാലത്ത്, ഒരിലപ്പൊതിയില്‍ കിട്ടുന്ന നാരങ്ങാ അച്ചാര്‍ കൂട്ടി കഞ്ഞികുടിക്കുന്ന അമ്മൂമ്മയുടെ ചിത്രം ഒരിക്കലും മറക്കില്ല. ആ ഇലയില്‍ അച്ചാറെല്ലാം തീര്‍ന്നു പോയിരുന്നു.എന്നിട്ടും അതു തൊട്ടു നക്കി...
ദൈവമേ..

ഓ.ടൊ. രണ്‍ജിത്തേ, ആ നല്ല കവികളുടെ കൂട്ടത്തില്‍ എന്റെ പേരും കൂടി എഴുതിവച്ച് , രണ്‍ജിത്തിനും അവര്‍ക്കും കൂടി നാണക്കേടുണ്ടാക്കുന്നതെന്തിനേ? രണ്‍ജിത്ത് ചെമ്മാടിന്റെയും, തണലിന്റേയും പാമരന്റേയുമൊക്കെ ഏഴയലത്തു പോലും നില്‍ക്കാനുള്ള യോഗ്യതയില്ലാത്ത എന്നെ അവിടെ പിടിച്ചിരുത്തരുത് ചെമ്മാടേ. സത്യം പറഞ്ഞാല്‍ ഞാനതിശയിച്ചുപോയി, അതുകണ്ടപ്പോള്‍.

Unknown said...

ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.....

പതിവു തെറ്റിച്ചില്ല ചെമ്മാടെ.. മനസ്സില്‍ തറപ്പിച്ചു..

വേണു venu said...

മുറ്റത്തടുപ്പില്‍ പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍‌ചിതല്‍ മേയുന്ന കാലം!
അന്ന് സുന്ദരി മുത്തശ്ശിമാര്‍ ജീവിച്ചിരുന്നു.ഇന്നും.!

Sureshkumar Punjhayil said...

Good Work...Best Wishes...!!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായി... ഫ്ലാറ്റ് മുത്തശ്ശി
ഒരു ഓഫ്:പിന്നെ ഈ ബ്ലോഗ് പേജിന്റെ കളര്‍ അല്‍പ്പം കുറച്ചു കൂടെ.. ഭയങ്കര കളര്‍.

Unknown said...

വായിക്കാന് വൈകി എങ്കിലും വായിച്ചപ്പോ മനസ്സില് തട്ടി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്, രണ്‍ജിത്.
ആശംസകള്‍.

Jayasree Lakshmy Kumar said...

സുന്ദരിയാർന്നു ഞാൻ എന്നൊരു മുത്തശ്ശി
സുന്ദരിയാണു ഞാൻ വേറൊരു മുത്തശ്ശി

സുന്ദരിയായിരുന്ന മുത്തശ്ശിയിൽ നിന്നും സുന്ദരിയാകുന്ന മുത്തശ്ശിയിലേക്കുള്ള ദൂരത്തിൽ, ഉവ്വ്, പേരക്കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നത് പഴമയുടെ, നന്മയുടെ ഏതോ മടിത്തീരഭൂമികൾ തന്നെയാണ്

വളരേ നന്നായിരിക്കുന്നു, രഞിത്

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner