ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
ഒരു ചരിവു നോട്ടത്തിന്റെ
വടം പിടിച്ച് കുത്തനെയുള്ള
പടവുകയറുന്ന,
അശ്രദ്ധയുടെ അരനിമിഷത്തിലൂടെ
വഴുക്കലുള്ള പടവിറങ്ങുന്ന,
ഉഭയജീവികളുള്ള പെരുംകുളത്തിന്റെ
പടവുകളിലൊന്നിലാണ്
എന്റെ പോറ്റുപുര.
കയറ്റിറക്കങ്ങളിലൂടെ പരുപരുത്ത്
പുറംതോടിന് കട്ടി കൂടി
ഓരോ ആൺപൂവും
ഇന്നിലേയ്ക്ക പാകമാകുന്നു..
ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...
ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്
ഏത് മാന്തോപ്പിലെയും
ചുനയിൽ പൊള്ളുന്നുണ്ട്
ഏത് ചെമ്പരത്തിയും
പൂജയ്ക്കെടുക്കുന്നുണ്ട്...
ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്
ഞാൻ സ്വായത്തമാക്കിയത്!
90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്.
POST YOUR COMMENT