കണ്ണിൽ നിന്ന് മരത്തിലേയ്ക്ക് വളരുന്ന ചില ഇലകളുണ്ട്...
എത്ര പറിച്ചെറിഞ്ഞാലും വീണ്ടു വീണ്ടും കണ്ണിൽ കുത്തുന്ന
തെറിച്ച കൺപീലികൾ പോലെ.
നോക്കി നോക്കി നിൽക്കേ നീറി നീറി കണ്ണ് ഒടുവിൽ
പച്ച ഇരുട്ടിന്റെ ഒരു കൊടും കാടായി വളരും
അല്ലെങ്കിൽ ഒറ്റപ്പിഴുതിൽ
പുതിയ വെളിച്ചത്തിലേയ്ക്ക് ഇമ ചിമ്മിത്തുറക്കും.
റോള സ്ക്വയറിലെ ആല്മരക്കൊമ്പുകൾ നിറയെ,
കാലത്ത് അഞ്ച് മണിക്ക് വാങ്ങിയ
പൊതിച്ചോറുകൾ ഉച്ചയൊഴിവില്ലാതെ
വൈകി റൂമിലെത്തിയിട്ട് കഴിക്കാമെന്ന
വലഞ്ഞു കുമിഞ്ഞ പ്രതീക്ഷയിൽ
മഞ്ഞയും നീലയും കവറുകളിൽ തൂങ്ങിക്കിടപ്പുണ്ട്.
താഴെ വണ്ടി കാത്ത് വലഞ്ഞ മണമുള്ള കവറോളുകൾ
കാലു പൂട്ടി കൈ പിണച്ച് 'ഉ'കാരങ്ങൾ പോലെ
മലയാളത്തെ മണപ്പിക്കുന്നു...
അന്നത്തിനും ഒഴിവിനുമിടയിലെ
ചില നട്ടുച്ചകൾക്ക് ചോരയുടെ ചൂരാണ്.
ഷാർജയിലെ വീട്ടുമുറ്റത്തെ ആല്മരത്തിന് ഉമ്മകൊടുക്കുന്ന
വിൽസണെ ഓർമ്മവന്നു,
കൂഴൂർക്കവിയില്ലാത്ത ഷാർജ്ജയെയും...
തൊട്ടടുത്തുള്ള പുസ്തകക്കടയിൽ 'ആടു ജീവിതം'
അറബ് പത്രം നൽകിയ ഫ്രീ സ്റ്റാൻഡിൽ കുന്തിച്ചിരിക്കുന്നു.
ക്രൈം, മുത്തുച്ചിപ്പി.....
അന്യദേശക്കാർവരെ
ചില ചിത്രങ്ങളിലൂടെ മലയാളത്തെ സ്നേഹിക്കുന്നു
ബംഗാളിക്കും പാക്കിസ്ഥാനിക്കുമുണ്ടോ
ബെന്യാമിനെയറിയുന്നു;നജീബിനെയും.
മുനിസീപ്പൽ അറവുശാലയ്ക്ക് കൊലക്കരം കൂടുതലായതിനാൽ
വില്ലയിൽ വെച്ച് അറവ് നടത്തുന്ന ഇരുപത്തഞ്ച് രൂപയുടെ
പാക്കിസ്ഥാനികള്‍ ഇരുതല മൂർച്ച എളിയിൽ തിരുകി
ഇളം തൊലിയുള്ള ആടുകളെ കാത്ത് നസ്വാർ ചവയ്ക്കുന്നു..
മുകളിലെ അൽ സലാം ക്ലിനിക്കിലേയ്ക്ക്
സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാൻ
കൈ നിറയെ ചൊറിയുമായി ഒരു അറബിപ്പെണ്ണ്
രണ്ട് ഇന്തോനീഷ്യൻ വേലക്കാരികളോടൊപ്പം
പർദ്ദയിലൂടെ പടി കയറി.
മൂക്കിന് ഒരു മണവും കിട്ടുന്നില്ലെന്ന് ഞാൻ
ക്ലിനിക്കുകളുടെ ഫ്ലാറ്റിൽ
ഇൻ എൻ ടി യെ മണത്തു നടന്നു.
ദുബായ് ദുബായ്, ദസ് ദിർഹം എന്ന് മന്ത്രിച്ച് ബംഗാളികളും
പച്ചകളും കള്ള ടാക്സികൾ ദൂരെ ദൂരെ ഇലകൊണ്ട് മറച്ച
സ്വപ്നക്കാടുകളിൽ പാർക്ക് ചെയ്തിരിക്കുന്നു....
കാടുകൾക്കിപ്പ്പ്പൊഴും മഞ്ഞ നിറംതെന്നെയാണ്..
വെയിലുകൊണ്ട് വെട്ടിയ കാട്...
ചോരവാർന്ന് വിളറിയ കാട്...
മണൽതുരുമ്പിച്ച കാട്...
റാഷിദിയ വരെ വന്ന ഒരു മെട്രോ ട്രെയിൻ
ഷാർജയിലേയ്ക്ക് കടക്കാതെ ചില
ശരീയത്ത് നിയമങ്ങളെപ്പോലെ
ബർമുഡ താഴ്ത്തി മാറു മറച്ച്
ദുബായിലേയ്ക്ക് തിരിച്ച് പോകുന്നു...
ദുബായുടെ ചുവന്ന കുന്നിറങ്ങുന്ന പാതിരാസൂര്യന്‍
സുരതഭയമില്ലാതെ പുലരുറക്കത്തിന്
പാ വിരിക്കുന്നത് ഷാർജ്ജയിലെ
താഴ്വാരങ്ങലിലായിരിക്കണം....
സിഗ്നലുകളെപ്പോഴും ചോരമണമുള്ള
ചുവപ്പിനെ കൂട്ടു പിടിക്കുന്നു.
പച്ച വല്ലപ്പോഴും വരുന്ന ഏമ്പക്കം പോലെ
ഒന്നു നീണ്ടുനിവർന്ന് അമർന്നടങ്ങുന്നു..
ചുവപ്പുകളുടെ ഇടവേള കാഴ്ചകളുടെതു കൂടിയാണെന്ന്
പുത്തനോട്ടക്കാർ റിയർവ്യൂ മിററുകൾ തിരിക്കുന്നു.
മുലകൾക്കിടയിലൂടെ സീറ്റ് ബെൽറ്റ്
ഇട്ടിരിക്കുന്നത് കാണുമ്പോൾ മാത്രമാണ്
പെണ് ഡ്രൈവിന് കാഴ്ചഭംഗിയുള്ളതെന്ന്
ആൺ ഡ്രൈവുകളുടെ അതിവേഗ ട്രാക്കുകൾ
ഹോൺ മുഴക്കങ്ങൾ കൊണ്ട് പെരുക്കുന്നു.
3 comments:
അന്നത്തിനും ഒഴിവിനുമിടയിലെ
ചില നട്ടുച്ചകൾക്ക് ചോരയുടെ ചൂരാണ്....
സമകാലികം...
സമഗ്രം...
സരളം.
ഷാര്‍ജ്ജ കാഴ്ച്ച നന്നായിരിക്കുന്നു
Post a Comment