ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, August 21, 2010

ഓണത്തിന്റെ ഭോഗസൂത്രം

( .ബൂലോഗ കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്..
...


ഇരുണ്ട വെട്ടത്തിനിരുവശവുമിരിക്കുന്ന
എതിര്‍‌‌ലിംഗ സൗഹൃദങ്ങളുടെ ക്ഷമ
ഉമിനീരിലലിയുന്നതിന്റെ ദൂരം
ഒരു ബര്‍‌ഗ്ഗനിരുവശവും ചീസ് തേച്ച് വെച്ച
ബണ്ണിന്റെ ആയുസ്സിന്‌ തുല്യമാണെന്ന ഭോഗകാവ്യം
അയല്‍ ഫ്ലാറ്റിലെ മരിയാ ഫെര്‍ണ്ണാണ്ടസ്സാണ്‌
ഭൂഗര്‍‌ഭ ഭോജനശാലയിലെ എല്‍.ഇ.ഡി.
റാന്തലിനപ്പുറമിരുന്ന് ഒരോണ ട്രീറ്റില്‍
എന്നോട് മന്ത്രിച്ചത്!


ഹോളണ്ടിലൊരു പോത്തിന്‍ തോട്ടമുണ്ടെന്നും
ഉതിരാത്ത സുരതങ്ങളും മണ്ണു ദാഹിക്കുന്ന
കുളമ്പുകളുമായി ചതുരപ്പാത്രങ്ങളില്‍
പോത്തിന്‍ കുഞ്ഞുങ്ങള്‍ വളരുന്നുവെന്നും
ബര്‍ഗ്ഗര്‍ ബണ്ണിലരഞ്ഞമര്‍ന്ന്
നാവ് നീട്ടുന്ന ഒരു പോത്തിന്റെ ഓണവിലാപം.

തോട്ടിലെ ചേറുമണം
മൂക്കുകയറിന്റെ ചോരമണം
ദാഹം, വെയില്‍, മാട്ടുചന്ത
കന്നുപൂട്ട്, ഇവയെല്ലാം കഴിഞ്ഞാണ്‌
എന്റെ നാട്ടിലെ പോത്തുകള്‍
കടലുകടക്കുന്നതെന്ന്,
ബീഫ് കറിയും തണുത്ത
ചോറും കൂട്ടിയൊരോണ സദ്യ
ഷാര്‍ജ ലേബര്‍ ക്യാമ്പില്‍...

ചെങ്കടല്‍, ചാവുകടല്‍, കരിങ്കടല്‍
മെഡിറ്ററേനിയന്‍, അറബിക്കടല്‍....
പെണ്‍ചുണ്ടുകളോരോ സമുദ്രത്തിലേക്കുള്ള
തുറമുഖങ്ങളാണെന്ന് ബിയറില്‍
കുതിര്‍ന്ന അതിഥികള്‍ക്ക് ഡിസെര്‍ട്ട് ക്യാമ്പില്‍
ചുണ്ടിതളുകളാല്‍ പൂക്കളം!


യാഡ്‌ലി, ജമന്തി, റോസ്, മുല്ല,
പൂമണങ്ങളോരോന്നും വന്‍‌കരകളിലെ
പെണ്ണുടലുകളുടെ തിരിച്ചറിവുകളാണെന്ന്
കോമ്രേഡ് ഫ്രെഡറിക് നിക്കോളാസ്,
പെണ്ണുടലുകള്‍ കൊണ്ടൊരു പൂക്കളമിട്ടു
ഇന്റര്‍‌കോണ്ടിനെന്റല്‍ ഓണപ്പാര്‍ട്ടി.

( കൂടുതല്‍ വായനയ്ക്ക് ബൂലോകകവിത
ഓണപ്പതിപ്പിലേയ്ക്ക്
സ്വാഗതം....

Monday, March 29, 2010

ജനല്‍‌പ്പാടങ്ങള്‍ (കവിത)

ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍
മുക്കള്ളിക്കപ്പുറം മുഴുവയല്‍
വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു...
എ.സി. ഹോളൊരു മഞ്ഞുപാടത്തേയ്ക്കുള്ളിടവഴിയെന്നും,
ഹസ്ബെന്‍‌ഡ് വിസയില്‍ ഗള്‍ഫിലെത്തിയ
റോസീ തോമസ് ഈയിടെയാണ് കൃഷി തുടങ്ങിയത്!

കര്‍ട്ടന്‍,
ഉപ്പുപാടങ്ങള്‍ക്കും തീന്മേശയ്ക്കുമിടയിലെ
വെയില്‍ വേലിയുടെ ഊടുപാവുകളാണെന്ന്
അകത്തിടകൃഷി ചെയ്യുന്ന
അടുക്കളക്കര്‍ഷകയവശയാകുന്നു.

പെഷവാറിന്റെ ചരിവുപാടങ്ങളില്‍
ഗന്ധകപ്പൂ വിരിയുന്നതും
അരയില്‍ വിരലമര്‍ത്തിയുടപ്പിറപ്പ്
ചുവന്ന പൂപ്പാടമായതും,
പതിനൊന്നാം നിലയിലെ ജനലിനിപ്പുറം
ജമീലയെന്ന പാക് ഹൗസ്മേഡ്
കണ്ണീരുതേവിത്തേവിയൊരു ഗന്ധകപ്പാടം കരിക്കുന്നു.

കുലയില്‍ ഹോര്‍മോണ്‍ മെഴുകിയ
മനിലയിലെ പഴത്തോട്ടങ്ങള്‍,
പാതിമഞ്ഞപ്പഴം തിന്ന പൗരുഷമിടിഞ്ഞ ബക്ലകള്‍!
സ്ലൈഡര്‍ വിന്‍ഡോയ്ക്കപ്പുറം
പുരുഷനെ ദാഹിച്ചൊരു ഫിലിപ്പീനിപ്പെണ്‍കൊടി
ജൈവകൃഷിയ്ക്ക് കന്ന് പൂട്ടുന്നു.

പ്രിയ മരിയാ തജിക്കീ...
പശിമരാശിയില്‍ കൂട്ടുകൃഷിയിറക്കാതെ,
നിന്നെ മുഴവന്‍ പാട്ടത്തിനെടുത്താണ്
കുഴഞ്ഞ ചെളിപ്പശയില്‍ നിനക്കു ചുറ്റും
വരമ്പു പണിഞ്ഞത്.
വെള്ളം തേവിയ രാത്രികള്‍‌ക്കിപ്പുറം
വിളഞ്ഞവയലിലെ തേക്ക് നിന്നതും
വരമ്പ് പൊട്ടിയൊരാണിച്ചാലായ്
കൂട്ടുകൃഷിയുടെ സുഖം തേടി നീ.

ജനല്‍‌ വാസ്തുവിനോരോ കൃഷിനേരുകളുണ്ട്.
കള്ളിജനലുകള്‍ സ്വന്തം കണ്ടത്തിലേക്ക്
വെള്ളം തിരിക്കുമ്പോള്‍
സ്ലൈഡര്‍ വിന്‍ഡോകളധികവും
ഇരുകണ്ടം തിരിയുമെന്നും
ഗ്രില്ലില്ലാ കര്‍ട്ടന്‍ ഗ്ലാസുകള്‍
വയല്‍മുഴുപ്പിലേയ്ക്ക് ഒലിച്ചുകൊണ്ടേയിരിക്കുമെന്നും
പറഞ്ഞാണ് വേലുവാശാരി
സീ വ്യൂ നെറ്റ് സ്ലൈഡറിനീയിടെ ഗ്രില്ലിട്ടത്.

Wednesday, March 10, 2010

ഭോഗ വൃക്ഷങ്ങളുടെ കാട്

കേമനാഷു? രുക്സാനാ ബംഗാളീ,
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!

നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.

മാന്‍‌ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

'ഭോഗ വൃക്ഷങ്ങളുടെ കാട്' പുതിയ കവിത, ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്

Wednesday, January 20, 2010

അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം

'അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം' പുതിയ കവിത, ( ബൂലോഗകവിതയില്‍ ഇതുവഴി പോകൂ.........)

Tuesday, November 17, 2009

സൈബര്‍ പ്ലാന്‍(കവിത)

പെരുമഴ പെറ്റിട്ട ചാറ്റലില്‍,
കുഞ്ഞിന്‍റെ തോരാത്ത മൂക്കൊലിപ്പ്,
മേഘം പുരട്ടിയ കരിനിഴല്‍ കാറിന്‍റെ
ഗ്ലാസില്‍ കനച്ചെന്‍റെ കാഴ്ച മങ്ങി.
മഴ വേണ്ട മണ്‍സൂണും,
അത് മറിച്ച് വില്‍ക്കാം
യൂടൂബിലൊന്ന് വിരലമര്‍‌ന്നാല്‍
മഴ വീഴും;ഹെഡ്സെറ്റിലിടി മുഴങ്ങും

ഡസ്ക് ടോപ്പാണിന്നെന്‍റെ കൃഷിയിടം
ടൂള്‍സില്‍ പരതുന്ന വിരലുകള്‍ കര്‍ഷകര്‍

ആദ്യമൊരു തെങ്ങ് നടാം
ബോക്സ് ടൂളെടുത്തൊരു നീണ്ട വര!
സി.എം.വൈ.കെ.യില്‍ നിറം പകര്‍ത്താം
വര വളച്ചിത്തിരി മണ്ണിളക്കം
മഞ്ഞയും സിയാനുമൊരിത്തിരി വട്ടത്തില്‍,
വെറുതേകലര്‍ത്തിയാല്‍ തേങ്ങയായി.
ക്ലോണ്‍ ടൂളിലെത്രയും കുല പകര്‍ത്താം
മണ്ഡരിയില്ലാത്ത, കൂമന്‍ കുത്താത്ത,
കാമ്പൊന്നുമില്ലാത്ത നല്ലതേങ്ങ!
കാമ്പെന്തിന് കാഴ്ചയുണ്ടേല്‍....

അതിരിലൊരിത്തിരി മുളവരയ്ക്കാം
സിയാനില്‍ മഞ്ഞചേര്‍ത്തൊരു
വളഞ്ഞ വര! മുള.
അര്‍ദ്ധവൃത്തം വെച്ച് കമ്പ് ചേര്‍ക്കാം
ഒറ്റയ്ക്ക് നീണ്ട് നിവര്‍ന്ന് പൊങ്ങും
അതിരുകള്‍ കൈയ്യേറി മുള്‍മുദ്രവെയ്ക്കും
ഓരോരുത്തരുമൊറ്റത്തടി, കൊമ്പില്ല,
ചില്ലയില്ലിലപ്പെരുപ്പിന്റെ ജാഡയില്ല,
ഇലയെന്തിന്?
ചപ്പില കത്തിക്കാന്‍ മുത്തിയില്ല
മുക്കാലടുപ്പുമില്ല!

വീടൊന്ന് വയ്ക്കണം,
ഹോം ഫോണ്ടുകളിലത് റെഡിമെയ്ഡ് കിട്ടും
ഇഷ്ടനിറം ചേര്‍ത്ത് മനം നിറയ്ക്കാം
പ്ലാന്റ് ഫോണ്ടിട്ട് ലാന്‍ഡ്സ്കേപ്പ് ചെയ്യാം..

വീട്ടിലിനി പേരിനൊരു പെണ്ണിന്‍റെ കോലം വേണം
രണ്ട് മുഴുവട്ടം, പിന്നൊരു ദീര്‍ഘവൃത്തം!
പെണ്ണായി!
കൈ വേണ്ട കാല്‍ വേണ്ടത് മെനക്കെടാണ്.
ചാറ്റ് ബോക്സുണ്ട്, വേറെ വായ് വേണ്ട
സ്മൈലിയുണ്ട്, കുഞ്ഞിച്ചിരി
വേറെ വേണോ?

Tuesday, November 10, 2009

സ്വന്തക്കാരാകുന്നതിനെക്കുറിച്ച്...(കവിത)

നാസ്സര്‍ സ്ക്വയറില്‍,
കള്ള ടാക്സിയില്‍ ആളെക്കയറ്റാന്‍
"ഏക് ആദ്മീ ബാകീ ഹൈ ഭായ്"
എന്ന് മന്ത്രിക്കുന്ന ഡ്രൈവറുടെ പിറകില്‍
ഷാര്‍ജ്ജയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുറച്ച് നേരത്തേയ്ക്ക് ഞാന്‍,
കുളിയ്ക്കാത്ത, പല്ല് തേയ്ക്കാത്ത, പൈജാമയലക്കാത്ത
പാക്കിസ്ഥാനി ഡ്രൈവറുടെ സ്വന്തക്കാരനാകുന്നു!


നൈഫ് റോഡില്‍,
മലബാറി, ബംഗാളി, പാക്കിസ്ഥാനി,
ഫിലിപ്പീനി, ചീനി, റൂസി.....
പൂരാ ലഡ്കീ കൊ പച്ചാസ് റുപ്പിയാ ഹൈ ഭായ്
എന്ന് മന്ത്രിച്ചു നില്‍ക്കുന്നവര്‍ക്കിടയിലൊരുവനോട്
പെണ്ണിന്‍റെ നിറവും ഗുണവും ചോദിച്ച്,
ഒരു വെടിമരുന്നിനെങ്ങനെ തീക്കൊടുക്കു-
മെന്നൂറിച്ചിരിച്ചിരിക്കുന്ന രാസയാമങ്ങളില്‍
ഞാന്‍ ആ ബംഗാളി വടുവന്‍റെ
"ഹമാരാ ആദ്മിയാകുന്നു"


തലയില്‍ പൂവും മുലയില്‍ കസവും ചുറ്റി,
ടേബിളിനരികിലിരുന്ന്,
പതയുന്ന ബീറൊഴിച്ച് കുടിപ്പിക്കുന്ന
സുന്ദരിയെയും പിസ്തായും ബിയര്‍ ജഗ്ഗിനെയും
മടുത്ത്, ഇരുട്ടുമുറി വിടുന്നത് വരെ
ഞാനവളെയും അവളെന്‍റെയും .....


"കോപ്പി വാച്ചെസ്, സണ്‍ഗ്ലാസെസ്.....
വെരി ചീപ് പ്രൈസ്, ഹാവ് എ ലുക്ക്"
എന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ വിളിക്കുന്ന,
ഗോള്‍ഡ് സൂക്കിലും മീനാബസാറിലും
കറങ്ങിനടക്കുന്നവരിലൊരുവനോട്
റോളക്സിന്‍റെ കോപ്പിക്കെന്താ വില?
എന്ന് ചോദിച്ച് ഫ്ലാറ്റുകള്‍ക്കുള്ളില്‍
ഒതുക്കിവച്ച വില്പ്പന കേന്ദ്രത്തിലെത്തുന്നതു വരെ
ഞാന്‍ കാസര്‍ഗോടന്‍ ചുള്ളന്‍റെ സ്വന്തക്കാരനാകുന്നു..


ബലദിയ അനുവദിച്ച സമയം കഴിഞ്ഞ്,
ഫിഷ്മാര്‍‌ക്കറ്റില്‍ ലൈറ്റണച്ചാല്‍
പുറത്ത് പമ്മി നിന്ന് ചാളയും ഹാമൂറിന്റെ തലയും
സ്റ്റോക്കുണ്ടെന്ന് പറഞ്ഞ് നില്‍ക്കുന്ന
മീന്‍കാരന്‍റെ വണ്ടിക്കടുത്തെത്തി
ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മീന്‍ കവര്‍ വാങ്ങുന്നത് വരെ
ഞാനാ മലബാറി മീന്‍കാരന്‍റെ
മ്മടെ ആളാവുന്നു....


അവളില്ലാതെ ഞാനില്ലെന്ന്
മൂര്‍ഛിക്കുന്ന വൈകാരിക സുരക്ഷിതത്വത്തിന്റെ
മേല്പ്പാലത്തിനൊടുവില്‍
അവളുടെ കെട്ട് നടക്കുന്നന്ന് വരെ
ഞാനവളുടെയും അവളെന്‍റെയും
ഉമ്മകള്‍ കൈമാറുന്നു....

Friday, May 1, 2009

മാന്ദ്യം (കവിത)

പൊന്‍പൊടിമണലേറ്റി
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്‍
പുറം തേടും വറുതികള്‍!

അകപ്പെട്ടോര്‍‌ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലികള്‍,
പുറപ്പെട്ടാലൊടിയും
പെരും‌പൂരക്കൊടിമരം.

വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍,
മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്‍പ്പില്‍ തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!

വാലറ്റ പാലങ്ങള്‍
തുരുമ്പിച്ച ലോറിക്കടിയില്‍‌തൂങ്ങി-
ത്തടം വറ്റിയ ചാലിന്റെയന്തി-
ച്ചെളിമണം താഴെ....

കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍....
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner