ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Wednesday, February 23, 2011

നഗരത്തെ വരയ്ക്കുന്നത്

OLD TOWN - LEONID AFREMOV
കുഴമണ്ണില്‍ വടിവുകളും വിടവുകളും
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
നഗരങ്ങളില്‍ മാത്രമാണ്‌.

ഉടലുകളുടെ നഗ്നരൂപങ്ങളിലൂടെ
നഗരത്തെ വരയ്ക്കാം...
ചുണ്ടുകള്‍ക്കിടയിലുള്ള
വിടവുകളിലൂടെയും നഗരം വരയ്ക്കാം..
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!

മേല്‍ വസ്ത്രങ്ങളുള്ള നഗരം
ഉമ്മകളേല്‍ക്കാത്ത
ചുണ്ടുകള്‍ പോലെയെന്ന്
ഞാനവളെ നഗ്നയാക്കുമ്പോള്‍,
കാടിറങ്ങിയ മലഞ്ചരക്കുകള്‍ക്കും
കടലിറങ്ങിയ ഉരുപ്പടികള്‍ക്കും
വില പേശുമ്പോള്‍,
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
.......................................................
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്   

Sunday, February 20, 2011

സ്വത്വം

ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
pic : courtesy google


പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്!

'ജാത്യാലുള്ളത് തൂത്താപ്പോകൂലാ'ന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!


'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും

ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്‌!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.


ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
മലയാളിയായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!

കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള്‌ മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.

പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള്‌ ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..

ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!

പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.

മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!

കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.

POST YOUR COMMENT

Thursday, January 27, 2011

ഡിജിറ്റൽ ഭോഗാ/നന്തര സാധ്യതകൾ


ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്


ഒരു ചരിവു നോട്ടത്തിന്റെ
വടം പിടിച്ച് കുത്തനെയുള്ള
പടവുകയറുന്ന,
അശ്രദ്ധയുടെ അരനിമിഷത്തിലൂടെ
വഴുക്കലുള്ള പടവിറങ്ങുന്ന,
ഉഭയജീവികളുള്ള പെരുംകുളത്തിന്റെ
പടവുകളിലൊന്നിലാണ്‌
എന്റെ പോറ്റുപുര.

കയറ്റിറക്കങ്ങളിലൂടെ പരുപരുത്ത്
പുറംതോടിന്‌ കട്ടി കൂടി
ഓരോ ആൺപൂവും
ഇന്നിലേയ്ക്ക പാകമാകുന്നു..



ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...



ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്
ഏത് മാന്തോപ്പിലെയും
ചുനയിൽ പൊള്ളുന്നുണ്ട്
ഏത് ചെമ്പരത്തിയും
പൂജയ്ക്കെടുക്കുന്നുണ്ട്...


ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്‌
ഞാൻ സ്വായത്തമാക്കിയത്!

90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്.




POST YOUR COMMENT

Saturday, January 1, 2011

നാല്‌ തരം വീഞ്ഞുണ്ടാക്കാം

pic courtesy : google


അതിവിശിഷ്ടമായ നാലു തരം
വീഞ്ഞുണ്ടാക്കുന്നതിനിക്കുറിച്ചാണ്‌!

ഒന്ന് :
മഹാനഗരങ്ങളുടെ താഴ്വാരങ്ങളിൽ
വിളവെടുക്കാത്ത വയലുകളുണ്ട്!
മുളയ്ക്കുകയും ഉണങ്ങുകയും ചെയ്യാത്ത,
വാറ്റിനും വീഞ്ഞിനും പറ്റിയ
നീരു വറ്റാത്ത നേരുകളുണ്ട്.
ഉണ്ടാക്കുന്ന വിധം:
കൈവിരലുകൾ,
(ഒരക്ഷരവും എഴുതാത്തത്)
കാല്പ്പാദങ്ങൾ,
(നടന്നു തേഞ്ഞത്)
കുറുകിയ കണ്ണുകൾ
(പോളയില്ലാതെ)
ദീർഘദൂര വലിവുകൾ
(മീൻ വിഴുങ്ങാത്തത്)
മുറിഞ്ഞ നാവിൻ തുണ്ടുകൾ...
(മൗനം കനച്ചത്)
വക്കു പൊട്ടിയൊരു മൺഭരണിയിലിടുക,
വരണ്ട ചുമ ചേർത്തടച്ച് വയ്ക്കുക !!!!

രണ്ട് :
വിടർന്ന ഇതളുകളിൽ നിന്നുള്ള തേൻ,
ഉമ്മകളിൽ നിന്നുമാത്രം വിളയിച്ച ഗോതമ്പ്,
പാലുകടഞ്ഞെടുത്ത മേല്പ്പാട,
ഗുഹാമുഖങ്ങളിൽ നിന്നെടുത്ത ക്ളാവ്,
കുറഞ്ഞ ആഴത്തിൽ നിന്ന് നുള്ളിയെടുത്ത
താമരക്കിഴങ്ങ്,
ഇവയെല്ലാം ഒരു പളുങ്കു പാത്രത്തിലിട്ട്
കണ്ണു വെട്ടാതെ കാത്തിരിക്കുക.
ഉടഞ്ഞു ചോർച്ച തുടങ്ങിയാൽ
വീഞ്ഞു പാകമായി!!!

മൂന്നാമത്തെയും നാലാമത്തെയും
വീഞ്ഞുകളെക്കുറിച്ച്
അടുത്ത ലക്കത്തിൽ!!!

Tuesday, November 30, 2010

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ



ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എല്ലാ വ്യാഴാഴ്ചയും
ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്
ന്യൂനമർദ്ദം ഉൽഭവിച്ച്
കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്
മുറിയിലേക്ക് ഉരുണ്ടു കൂടും
പാളത്തിലുടക്കി ചുഴിയിൽപെരുക്കി
പൊത്തിലുരച്ച് പത്തിവിരിച്ച്
ഉറപൊഴിച്ച് അത് കോറിഡോറിലൂടെ
ഇഴഞ്ഞിറങ്ങിയിരുന്നു...


ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!



ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ തീവണ്ടി പാളം തെറ്റാറുണ്ടായിരുന്നു
ഒന്നാമനൊരു ഐ.ടി. അഡ്മിനിസ്റ്റ്രേറ്റർ!
ചെവിയും ഫോണും തമ്മിലുള്ള ദൂരത്തെ
ബ്ളൂടൂത്തുകൊണ്ടളന്ന് മൈക്രോവേവ്
റേഡിയോ സിഗ്നലുലുകളുടെ
പ്രസരണവ്യതിയാനങ്ങളിൽ
വേവലാതി പൂണ്ട്
ഭാര്യയിലേക്കുള്ള ഡയലിനെ
മറവികൊണ്ട് ഹരിച്ച്
തിരിഞ്ഞും മറിഞ്ഞും...


ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
രണ്ടാമൻ നെറ്റ്‌വർക് എഞ്ചിനീയർ!
കട്ടിലും ടിവിയും തമ്മിലുള്ള
അകലത്തെ എട്ടായിപ്പെരുത്ത്
ഒരു പൊത്തിനുള്ളിലേക്ക്
വലിഞ്ഞുരുണ്ട് മകന്റെ
പിറന്നാൾ ദിനം പോലും
മറന്ന്....മറന്ന്....

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
മൂന്നാമനൊരു സോഫ്റ്റ്‌വെയർ ഡിസൈനർ
ഡോർ ആക്സസ്സിന്റെയും
തമ്പ് ഇമ്പ്രഷന്റെയും
ബാകപ് അപ്‌ലോഡിംഗ്
പ്രൊസ്സസ്സുകളിലൂടെ നടുവൊടിഞ്ഞ്
സ്വയം ഭോഗം ചെയ്യാൻപോലുമാകാതെ
കാമുകിയെ കോൾ,ബാർ ചെയ്ത്
മലർന്ന് കമിഴ്ന്ന്....

ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!

Tuesday, November 9, 2010

അറബിക്കല്യാണം

ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്

ഓളെ അറബിസൗദീക്കെണ്ടോയി, കൊണ്ടന്നപ്പോള്‍ക്കി
പസര്‍മ മുയുമനും പോയി
അവടൊന്ന് മുറുക്കാനും കൂടി കുട്ടൂല,
കുടീന്ന് പൊറത്തെറങ്ങണെങ്കെ പര്‍‌ദ്ദടും മാണം
അപ്പപ്പിന്നെ മാന്തലും കോറലും കാണൂലല്ലോ?

സെക്കന്റ് ടെര്‍‌മിനലിലെ ക്ലിയറന്‍സ് ലൈനില്‍
ഉമ്മുട്ടിമ്മ ഒരു വേലിത്തറി നാട്ടി
വേലി വിടവുകളുള്ള ഒരു സാരിയാണ്
വേലിയിലൂടെ ചുരുണ്ടും,
തോളില്‍ ചുറ്റിയും കാലില്‍ പിണച്ചും
അരയില്‍ ചുറ്റിയും
ഉമ്മുട്ടിമ്മ വേലിയിലൂടെയൊഴുകി.
വേലി വളഞ്ഞും തിരിഞ്ഞും
നീണ്ടും കുറുകിയുമൊഴുകി.
വേലി എവിടെ മുളച്ചാലും
അപ്പുറം ചുണ്ടുകള്‍ മുളയ്ക്കും
ഇപ്പുറം കാതുകളും
വേലിക്കപ്പുറത്ത്‌ന്ന് രണ്ടു കണ്ണുമാത്രമുള്ള പര്‍ദ്ദ!
ങ്ങളോട്ന്നാ? ഞാന്‍ മാഹീന്ന്,
ങ്ങളോ? നെലമ്പൂര്!
ഒട്ടോരൊ കിട്ട്യോ?
പ്പാനോട് ചോയ്ച്ച്‌‌ട്ട്‌ല്ലാ,
ലച്ചത്തിന്റെ മോള്‌ലുണ്ടാവും

ഈത്തപ്പഴത്തിന്‌ ഷുഗറില്ലെന്നും
ഒട്ടകയിറച്ചിയില്‍ കൊളസ്റ്റോറില്ലെന്നും
ഈത്തപ്പഴക്കുരുവിന്റെ വിടര്‍ന്ന വിള്ളലിലേക്ക്
വിരലു ചലിപ്പിച്ചൊരു സ്വദേശികണ്ണിറുക്കി

ടെര്‍മിനലിനടിയില്‍ മെട്റോ മാളുണ്ട്!
അവിടെ അര വിക്ക്‌ണ ലബനോണ്‍ തരുണികള്‍
കുന്നോളം മൊലയുള്ള ആഫ്രിക്കരും
വടിവൊത്ത മിസിരികളും
ആണിന്റെം പെണ്ണിന്റെം ഉള്ള
ഫിലിപ്പിനോ കുണ്ടന്മാരും!
എന്നിട്ടും ഞങ്ങളെന്തിനാ ങ്ങളെ ത്ര ദൂരെന്ന്
കെട്ടിക്കൊണ്ടോര്ണ്ന്നറിയോ

പത്തോളം പെറാന്‍ മലബാറിക്കേ പറ്റൂ
താക്കത്ത് അച്ചാ ഹൈ,
ജഗടാ ബീ നഹീ കര്‍ത്തേ,
ഇന്തോനീഷ്യ രണ്ടെണ്ണം പെറ്റാല്‍ നടുവിന്
കൊള്ളി കുത്തണം
മിസിരിയാണേല്‍ പെറാനേ സമ്മതിക്കില്ല
തജിക്കി, കസാക്കി പെറ്റിട്ടാല്‍ പിന്നെ
കാശു ചെലവാക്കുന്ന വഴിയറിയില്ല
ഹ്യൂമന്‍ റിസ്സോര്‍‌സ്സസ്സ് ആര്‍ അവര്‍
നെക്സ്റ്റ് സെഞ്ച്വറീസ് സ്റ്റ്റ്റ്റെംഗ്‌ത്!
സോ ഇറ്റ്സ് മൈ സിക്സ്ത് വണ്‍ ഫ്രം കേരള.

നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.

Saturday, August 21, 2010

ഓണത്തിന്റെ ഭോഗസൂത്രം

( .ബൂലോഗ കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്..
...


ഇരുണ്ട വെട്ടത്തിനിരുവശവുമിരിക്കുന്ന
എതിര്‍‌‌ലിംഗ സൗഹൃദങ്ങളുടെ ക്ഷമ
ഉമിനീരിലലിയുന്നതിന്റെ ദൂരം
ഒരു ബര്‍‌ഗ്ഗനിരുവശവും ചീസ് തേച്ച് വെച്ച
ബണ്ണിന്റെ ആയുസ്സിന്‌ തുല്യമാണെന്ന ഭോഗകാവ്യം
അയല്‍ ഫ്ലാറ്റിലെ മരിയാ ഫെര്‍ണ്ണാണ്ടസ്സാണ്‌
ഭൂഗര്‍‌ഭ ഭോജനശാലയിലെ എല്‍.ഇ.ഡി.
റാന്തലിനപ്പുറമിരുന്ന് ഒരോണ ട്രീറ്റില്‍
എന്നോട് മന്ത്രിച്ചത്!


ഹോളണ്ടിലൊരു പോത്തിന്‍ തോട്ടമുണ്ടെന്നും
ഉതിരാത്ത സുരതങ്ങളും മണ്ണു ദാഹിക്കുന്ന
കുളമ്പുകളുമായി ചതുരപ്പാത്രങ്ങളില്‍
പോത്തിന്‍ കുഞ്ഞുങ്ങള്‍ വളരുന്നുവെന്നും
ബര്‍ഗ്ഗര്‍ ബണ്ണിലരഞ്ഞമര്‍ന്ന്
നാവ് നീട്ടുന്ന ഒരു പോത്തിന്റെ ഓണവിലാപം.

തോട്ടിലെ ചേറുമണം
മൂക്കുകയറിന്റെ ചോരമണം
ദാഹം, വെയില്‍, മാട്ടുചന്ത
കന്നുപൂട്ട്, ഇവയെല്ലാം കഴിഞ്ഞാണ്‌
എന്റെ നാട്ടിലെ പോത്തുകള്‍
കടലുകടക്കുന്നതെന്ന്,
ബീഫ് കറിയും തണുത്ത
ചോറും കൂട്ടിയൊരോണ സദ്യ
ഷാര്‍ജ ലേബര്‍ ക്യാമ്പില്‍...

ചെങ്കടല്‍, ചാവുകടല്‍, കരിങ്കടല്‍
മെഡിറ്ററേനിയന്‍, അറബിക്കടല്‍....
പെണ്‍ചുണ്ടുകളോരോ സമുദ്രത്തിലേക്കുള്ള
തുറമുഖങ്ങളാണെന്ന് ബിയറില്‍
കുതിര്‍ന്ന അതിഥികള്‍ക്ക് ഡിസെര്‍ട്ട് ക്യാമ്പില്‍
ചുണ്ടിതളുകളാല്‍ പൂക്കളം!


യാഡ്‌ലി, ജമന്തി, റോസ്, മുല്ല,
പൂമണങ്ങളോരോന്നും വന്‍‌കരകളിലെ
പെണ്ണുടലുകളുടെ തിരിച്ചറിവുകളാണെന്ന്
കോമ്രേഡ് ഫ്രെഡറിക് നിക്കോളാസ്,
പെണ്ണുടലുകള്‍ കൊണ്ടൊരു പൂക്കളമിട്ടു
ഇന്റര്‍‌കോണ്ടിനെന്റല്‍ ഓണപ്പാര്‍ട്ടി.

( കൂടുതല്‍ വായനയ്ക്ക് ബൂലോകകവിത
ഓണപ്പതിപ്പിലേയ്ക്ക്
സ്വാഗതം....
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner