ഒരു പ്രവാസിയുടെ കാവ്യപുസ്തകം...
Monday, July 4, 2016
ദുബായ് സ്പാ (ഫുൾ ബോഡി )
ടിഷ്യൂ റോൾ ബെഡ്ഷീറ്റിന്റെ ഓളപ്പരപ്പിൽ
അലഞ്ഞൊഴുകുന്നൊരു പായ്ക്കപ്പൽ
കപ്പൽപ്പായ്ശീലുകൾക്കിടയിലൂടെ എവിടെയോ
ഒരു കവിത തിണർത്തു.
കവിതയെ ബംഗാളിൽ കബിത എന്നു വിളിക്കും
കടൽ നീങ്ങി കരയായ, വളഞ്ഞുപുളഞ്ഞ
തീരദേശത്തിന്റെയരികിലൂടെ
വടം തടഞ്ഞിടാനൊരു മരക്കുറ്റി തേടിയലയുന്ന
ഓരുവെള്ളക്കാഴ്ച്ചകൾ വരികൾക്കിടിയിലെ ബിംബങ്ങളായി.
സ്പാ ഒരു ഒഴുക്കാണ് ഇടയ്ക്കെവിടെയോ വടം കെട്ടി
തടഞ്ഞിട്ട്, വഴി മദ്ധ്യേ അഗാധതയിലേയ്ക്ക് ആണ്ടു പതിച്ച്
മറ്റിടങ്ങളിലേയ്ക്ക് കുത്തിയൊലിച്ച്....
കബിത ചാറ്റർജ്ജിയുടെ വിരൽത്തെരുവുകളിലൂടെ
കത്തിയൊലിച്ചഗ്നിപർവ്വത ശേഷിപ്പുകളുടെ
ലാവാസ്റ്റോൺ കരിരൂപങ്ങൾ...
ഇളം വേവിൽ ചുട്ടെടുത്ത കറുത്തമറുകകൾ
തവിട്ടു തൊലികളിലേയ്ക്ക് പകർന്ന് പകർന്ന്
മുന്നിലും പിറകിലും അഗ്നിപർവ്വതങ്ങളുടെ
കുഞ്ഞുങ്ങളെ മുളപ്പിച്ച് ചുണ്ടൊഴിച്ച് ചൂട് പകർന്ന്
കടുകെണ്ണ മണമുള്ള വിടർന്ന പൂവുകളിലൂടെ
പലായനത്തിന്റെ നാട്ടുശീലുകൾ.
ശീലുകൾക്കപ്പുറത്ത് വംഗദേശത്ത്
ചുട്ട മീനിന്റെ നാട്ടുവരികൾ..
കുമ്പളം തിളയ്ക്കുന്ന കറിക്കൂട്ടുകൾ
സ്പാ ചിലപ്പോൾ പന്തൊഴുക്കു പോലെയാണ്...
എവിടെ എപ്പോൾ എങ്ങിനെയെന്നൊന്നും അറിയാത്ത
ചില പാസുകൾ ഗോൾവലകൾ കുലുക്കി
അലയൊലിയുതിർത്ത്.
മറ്റു ചിലവ പുറത്തേയ്ക്ക് പതറി
തല കീഴായ ഗ്യാലറികളിലൂടെ
ആരാവാരങ്ങളോടെ
ചെത്തിപ്പോയ പുൽഞെട്ടുകളിലൂടെ
ഭ്രാന്ത താളം, വന്യ ജനിതകം.
ഉള്ളിലെ അഗ്നിഗർഭത്തിൽ
മഞ്ഞുചുണ്ടുകൾ തുന്നിച്ചുചേർത്ത്
അവൾ സാംബിയൻ സ്പായുടെ
ലഹരിമുളകൾ രോമകൂപങ്ങളിലേക്കാവേശിച്ചു
കിളിമഞ്ചാരോ, വന്യം നിന്റെയുടൽനീളം
എണ്ണ മെഴുകിയ നിന്റെ പീഠഭൂമി പിന്നിട്ട്
എന്നിലെ പർവ്വതാരോഹകൻ
ലാർവയുറഞ്ഞ ആരോഹണപാത കണ്ടെത്താനുള്ള ശ്രമത്തിലാണ്
ഒടുവിൽ മഞ്ഞുപുതപ്പിനുള്ളിലൂടെ ലാർവയുറഞ്ഞ
അസ്ഥികൾക്കിടയിലേയ്ക്ക് ആരോഹണ വിജയത്തിന്റെ
കോടി നാട്ടണം, കൊടിക്കപ്പുറം ചെങ്കടൽ.
ചെങ്കടൽ വിടവിലൂടെ ഒരു നിഷ്ക്രിയതാളം
പലായനത്തിന്റെ ആഫ്രോ വിരലുകൾ
കനൽ വേവിൽ കരിയുന്ന പച്ചമാംസം
അതിജീവനത്തിന്റെ ദ്വീപ് വാസം
ചെളിത്തോട്ടിലെ ജാക്വിസി നീരാട്ടം
കണ്ടൽ ചതുപ്പുകളിൽ ഞണ്ടു ചുട്ട രസമേളം .
Wednesday, January 23, 2013
ഹൈഡ്രോളിക് രാജ്യത്തെ കുടിയേറ്റക്കാർ
ബിസിനസ് ടവറിന്റെ പതിമൂന്നാം നിലയിലേയ്ക്ക്
എന്നോടൊപ്പം ലിഫ്റ്റ് പങ്കിട്ടത്
(1) സമിറാ റാഷിദ് ലോക്കൽ ഇമാറാത്തി
XYZ ജനറൽ റ്റ്രേഡിംഗ്, ദുബായ് യു.എ.ഇ
(3) ക്രിസ്റ്റീന ജെറോം ഫ്രം മനില, റിസപ്ഷനിസ്റ്റ്
വൺ റ്റു ത്രി റിയൽ എസ്റ്റേറ്റ് ദുബായ്
(4) Mariya മരിയാ ഇമ്മൻകോവിച്ച്,ദുഷാംബെ തജിക്കിസ്ഥാൻ..
(ജോബ് ഹണ്ടിംഗ് ഓൺ വിസിറ്റ് വിസ
അതൊന്നും ശരിയായില്ലെങ്കിൽ ചുവപ്പിന്റെ ഗലികളിലേയ്ക്ക്
ഉഴിഞ്ഞുവെയ്ക്കപ്പെട്ടവൾ)
(5) മൊഹമ്മദ് ഒസ്മാൻ ഫ്രം ചിറ്റഗോംഗ്
റൂം ബോയ് അൽ അറബ് കോണ്ട്രാക്റ്റിംഗ്.
നിയമപരമായ മുന്നറിയിപ്പ് :
മാക്സിമം പാസഞ്ചേഴ്സ് 10 ഓർ
നോട്ട് എക്സീഡഡ് 800 കിലോ.
ഇരുപത്തി നാല് കാരറ്റിൽ
ചെമ്പിച്ച മോതിരമിട്ട നീണ്ട ചായമിടാത്ത വിരൽ
ക്ലോസ് ബട്ടണിൽ അമരുന്നു
ഡോർ അടയുന്നു, പ്രതലം കണ്ണിൽ നിന്ന്
താഴേയ്ക്ക് കൊഴിയുന്നു.
ലിഫ്റ്റ് സുരക്ഷിതമായ ഒരു രാജ്യമല്ല,
കയ്യൂക്കുള്ള രണ്ട് രാജ്യക്കാർ താങ്ങിനിർത്തുന്ന അതിർത്തികൾ
നിറയെ നെടുകെ പിളരുന്ന അതിർത്തിരേഖകളിലൂടെ
പല വൻകരയിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ,
ഒറ്റക്കണ്ട്രോൾ പാനലിൽ വിരലമർത്താൻ ഒരുമയില്ലാത്ത വിരലുകൾ
ഒരു യുദ്ധത്തിലും ലക്ഷ്യത്തിലെത്താതെ വീണും പൊന്തിയും
വീണ്ടും വീണും പൊന്തിയും അത് നിരന്തരം
കുടിയേറ്റക്കാരെ പേറിക്കൊണ്ടിരിക്കുന്നു.
നിറയെ താടിയും വളഞ്ഞ് പിരിഞ്ഞ മീശയും
തലയിലൊരു തൊപ്പിയും നരപ്പു കളറുള്ള പൈജാമയും
രണ്ട് പാക്കിസ്ഥാനികളിലൂടെ
മുന്നാം നിലയിൽനിന്നാണ് നുഴഞ്ഞ് കയറിയത്.
പരസ്യക്കമ്പനിക്കാരുടെ 14" എൽ ഇ ഡി മോണിറ്ററിൽ
നിന്ന് കിട്ടുന്നതിനെക്കാൾ ഉൽപ്പന്ന മാഹാത്മ്യം
കിട്ടാൻ സാധ്യത ഏകരാജ്യങ്ങളിലെ
നിമിഷ ജീവിതങ്ങളിൽ തന്നെയാണ്...
ഫിലിപ്പീൻസ്, കടലെടുക്കുകയും കടലിലേക്കെടുക്കുകയും
ചെയ്യുന്ന ജാഡകളുടെ മൂന്ന് കരയാണെന്ന്
മൂക്ക് പൊത്തി വായടച്ച്
പുച്ചതാളഭംഗത്തിൽ കണ്ണുകാണിച്ച്
വെയിലൊട്ടിച്ച മുഖം നോക്കി, നരച്ച താടി നോക്കി
മുഷിഞ്ഞ തൊലി നോക്കി,
ജെന്നി അഗസ്റ്റസും ക്രിസ്റ്റീന ജെറാമും..
വായ് തുറന്നാൽ ചുട്ട ഞെണ്ടിന്റെ മണം വരുന്നവർ
മുഖം മാത്രം റൂഷിട്ട് ചെമ്പിച്ചോർ
വിക്റ്റോറിയാ സീക്രട്ടിന്റെയും സ്മാർട്ട് കലക്ഷന്റെയും
വിലകുറഞ്ഞ മണവാട്ടികൾ...
ചില പൗരോൽപ്പന്നങ്ങൾ മാതൃരാജ്യത്തെ മണപ്പിക്കുന്നത്
ലിഫ്റ്റിലെ ചുമരുകൾ നേരങ്ങളെ മണപ്പിക്കുന്നത് പോലെയാണ്.
(“രാവിലെ അവളുടെ ഊദും ഉച്ചയ്ക്ക് തന്തൂരി റൊട്ടിയും
അന്തിക്ക് റമ്മും മണക്കുന്ന ഹൗസിംഗ് കോളനിയിലെ
ല്ഫ്റ്റുകളെക്കുറിച്ച് മുൻപൊരു സ്റ്റാറ്റ്സ് ഇട്ടിരുന്നല്ലോ..”)
പുത്തനന്തേവാസികൾ മുഷിഞ്ഞ പ്രവാസത്തിന്റെ
'ഹമാലി'പ്പരദേശികൾ
‘വ അലൈക്കും മുസ്സലാം’ എന്ന മറുമൊഴിയിൽ
തജിക്കിസ്ഥാൻ പെണ്പ്രതലങ്ങളുടെ മുലവടിവും
പിന്മുനമ്പും യഥാവിധി കുലുക്കിക്കുലുക്കി....
വോഡ്കയും രതിയുമാണ് ലോകം നിലനിർത്തുന്നതെന്ന്
മഞ്ഞുപേറിത്തണുത്ത ചില ശീതരക്തവാഹകർ എത്രമേൽ
നാടുകടത്തിയിട്ടും മഞ്ഞിൽ വെയിലേറ്റപോൽ
ഉതിർന്നുതിർന്ന് മുൻപൊഴുകിയ ചാലിലൂടെ..
ചില ഊടുവഴികളെ ഓർമ്മിപ്പിക്കുന്നു.
Friday, December 21, 2012
ഷാർജ്ജ
എത്ര പറിച്ചെറിഞ്ഞാലും വീണ്ടു വീണ്ടും കണ്ണിൽ കുത്തുന്ന
തെറിച്ച കൺപീലികൾ പോലെ.
നോക്കി നോക്കി നിൽക്കേ നീറി നീറി കണ്ണ് ഒടുവിൽ
പച്ച ഇരുട്ടിന്റെ ഒരു കൊടും കാടായി വളരും
അല്ലെങ്കിൽ ഒറ്റപ്പിഴുതിൽ
പുതിയ വെളിച്ചത്തിലേയ്ക്ക് ഇമ ചിമ്മിത്തുറക്കും.
റോള സ്ക്വയറിലെ ആല്മരക്കൊമ്പുകൾ നിറയെ,
കാലത്ത് അഞ്ച് മണിക്ക് വാങ്ങിയ
പൊതിച്ചോറുകൾ ഉച്ചയൊഴിവില്ലാതെ
വൈകി റൂമിലെത്തിയിട്ട് കഴിക്കാമെന്ന
വലഞ്ഞു കുമിഞ്ഞ പ്രതീക്ഷയിൽ
മഞ്ഞയും നീലയും കവറുകളിൽ തൂങ്ങിക്കിടപ്പുണ്ട്.
താഴെ വണ്ടി കാത്ത് വലഞ്ഞ മണമുള്ള കവറോളുകൾ
കാലു പൂട്ടി കൈ പിണച്ച് 'ഉ'കാരങ്ങൾ പോലെ
മലയാളത്തെ മണപ്പിക്കുന്നു...
അന്നത്തിനും ഒഴിവിനുമിടയിലെ
ചില നട്ടുച്ചകൾക്ക് ചോരയുടെ ചൂരാണ്.
ഷാർജയിലെ വീട്ടുമുറ്റത്തെ ആല്മരത്തിന് ഉമ്മകൊടുക്കുന്ന
വിൽസണെ ഓർമ്മവന്നു,
കൂഴൂർക്കവിയില്ലാത്ത ഷാർജ്ജയെയും...
തൊട്ടടുത്തുള്ള പുസ്തകക്കടയിൽ 'ആടു ജീവിതം'
അറബ് പത്രം നൽകിയ ഫ്രീ സ്റ്റാൻഡിൽ കുന്തിച്ചിരിക്കുന്നു.
ക്രൈം, മുത്തുച്ചിപ്പി.....
അന്യദേശക്കാർവരെ
ചില ചിത്രങ്ങളിലൂടെ മലയാളത്തെ സ്നേഹിക്കുന്നു
ബംഗാളിക്കും പാക്കിസ്ഥാനിക്കുമുണ്ടോ
ബെന്യാമിനെയറിയുന്നു;നജീബിനെയും.
മുനിസീപ്പൽ അറവുശാലയ്ക്ക് കൊലക്കരം കൂടുതലായതിനാൽ
വില്ലയിൽ വെച്ച് അറവ് നടത്തുന്ന ഇരുപത്തഞ്ച് രൂപയുടെ
പാക്കിസ്ഥാനികള് ഇരുതല മൂർച്ച എളിയിൽ തിരുകി
ഇളം തൊലിയുള്ള ആടുകളെ കാത്ത് നസ്വാർ ചവയ്ക്കുന്നു..
മുകളിലെ അൽ സലാം ക്ലിനിക്കിലേയ്ക്ക്
സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാൻ
കൈ നിറയെ ചൊറിയുമായി ഒരു അറബിപ്പെണ്ണ്
രണ്ട് ഇന്തോനീഷ്യൻ വേലക്കാരികളോടൊപ്പം
പർദ്ദയിലൂടെ പടി കയറി.
മൂക്കിന് ഒരു മണവും കിട്ടുന്നില്ലെന്ന് ഞാൻ
ക്ലിനിക്കുകളുടെ ഫ്ലാറ്റിൽ
ഇൻ എൻ ടി യെ മണത്തു നടന്നു.
ദുബായ് ദുബായ്, ദസ് ദിർഹം എന്ന് മന്ത്രിച്ച് ബംഗാളികളും
പച്ചകളും കള്ള ടാക്സികൾ ദൂരെ ദൂരെ ഇലകൊണ്ട് മറച്ച
സ്വപ്നക്കാടുകളിൽ പാർക്ക് ചെയ്തിരിക്കുന്നു....
കാടുകൾക്കിപ്പ്പ്പൊഴും മഞ്ഞ നിറംതെന്നെയാണ്..
വെയിലുകൊണ്ട് വെട്ടിയ കാട്...
ചോരവാർന്ന് വിളറിയ കാട്...
മണൽതുരുമ്പിച്ച കാട്...
റാഷിദിയ വരെ വന്ന ഒരു മെട്രോ ട്രെയിൻ
ഷാർജയിലേയ്ക്ക് കടക്കാതെ ചില
ശരീയത്ത് നിയമങ്ങളെപ്പോലെ
ബർമുഡ താഴ്ത്തി മാറു മറച്ച്
ദുബായിലേയ്ക്ക് തിരിച്ച് പോകുന്നു...
ദുബായുടെ ചുവന്ന കുന്നിറങ്ങുന്ന പാതിരാസൂര്യന്
സുരതഭയമില്ലാതെ പുലരുറക്കത്തിന്
പാ വിരിക്കുന്നത് ഷാർജ്ജയിലെ
താഴ്വാരങ്ങലിലായിരിക്കണം....
സിഗ്നലുകളെപ്പോഴും ചോരമണമുള്ള
ചുവപ്പിനെ കൂട്ടു പിടിക്കുന്നു.
പച്ച വല്ലപ്പോഴും വരുന്ന ഏമ്പക്കം പോലെ
ഒന്നു നീണ്ടുനിവർന്ന് അമർന്നടങ്ങുന്നു..
ചുവപ്പുകളുടെ ഇടവേള കാഴ്ചകളുടെതു കൂടിയാണെന്ന്
പുത്തനോട്ടക്കാർ റിയർവ്യൂ മിററുകൾ തിരിക്കുന്നു.
മുലകൾക്കിടയിലൂടെ സീറ്റ് ബെൽറ്റ്
ഇട്ടിരിക്കുന്നത് കാണുമ്പോൾ മാത്രമാണ്
പെണ് ഡ്രൈവിന് കാഴ്ചഭംഗിയുള്ളതെന്ന്
ആൺ ഡ്രൈവുകളുടെ അതിവേഗ ട്രാക്കുകൾ
ഹോൺ മുഴക്കങ്ങൾ കൊണ്ട് പെരുക്കുന്നു.
Friday, July 8, 2011
"ഈയെഴുത്തിലെ കവിതകൾ"
ദൃഡവൽക്കരിക്കുന്ന, ആധുനികതാളത്തിന്റെ ചേരുവകൾ പകർന്നു തരികയുംചെയ്യും.ആത്മഗതം
പോലെ നിർമ്മലമായവയെ മൃദുലമായ സ്നേഹഭാഷണങ്ങളിലൂടെ അക്ഷരസ്നാനത്തിനുള്ള ചൂടു പകരും....
അച്ചുകൂടത്തിന്റെ ആദികാലം പറയാതെ പോയത്, ആധുനികതയുടെയന്ത്രവേഗം അദൃശ്യമായ ചായക്കൂട്ടുകൾ നിറച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണമില്ലാത്ത, കനമില്ലാത്ത, നൂൽബന്ധമില്ലാത്ത പകർത്തെഴുത്തുകളിലേയ്ക്ക് ആവേശിക്കപ്പെടുന്നു....
നാം കാലത്തിനുംമുകളിലേയ്ക്ക് വളരുകയാണ്, യാന്ത്രികമെന്ന പോലെ ഉദ്ദീപിക്കപ്പെട്ട ചോദനകളിലൂടെ യുവതയുടെ ക്രിയത അതിസമ്പന്നമായ ദാർശനികതയിലൂടെ പകർത്തെഴുത്ത് തുടരുകയാണ്, ദശാബ്ദങ്ങൾക്ക് പിൻപേ ഫ്രീസ് ചെയ്യപ്പെട്ട ഒരു നിഷ്ക്രിയാവസ്ഥയിൽ നിന്ന്, ഒരദൃശ്യമായ കാന്തികപ്രേരണയുടെ ജൈവികസ്ഫുലിംഗങ്ങളോടെ, ഇന്നിന്റെ സാക്ഷികൾ, സൈബർ എഴുത്തിന്റെ മുന്നണിപ്പോരാളികളായി, സർവ്വസൈന്യാധിപന്മാരായി അക്ഷരങ്ങളുടെ മാന്ത്രികതാളത്തിലൂടെ മുന്നേറുകയാണ്...
അത്തരത്തിലുള്ളഒരു സൈബർ സാഹിത്യവിപ്ളത്തിന്റെ മുൻ നിരക്കാരായ ഒരു തലമുറ അവരുടെ അടയാളങ്ങൾ വിർച്വൽലോകത്തിന്റെ അർദ്ധനോട്ടത്തിൽ നിന്ന്, പകർന്നെടുത്ത് അതിസാധാരണമായ വായനക്കാരിലേയ്ക്കു കൂടി എത്തിക്കുകയെന്ന ചരിത്രകർമ്മത്തിന്റെ വിളവെടുപ്പാണ് ഒറ്റവാക്കിൽ പറഞ്ഞാൽ “ഈയെഴുത്ത്” എന്നബ്ലോഗ് മാഗസിൻ!
ബ്ളോഗ് എന്ന സ്വയം പ്രസിദ്ധീകരോണാപാധിയുടെ സർവ്വസ്വാതന്ത്ര്യവും ഏറ്റെടുത്ത് നിയന്ത്രണങ്ങളിൽ കുരുങ്ങിപ്പോകാത്ത ചോദനയുടെ പിന്തുടർച്ചക്കാർ, അവരുടെ അനർഗ്ഗളമായ ആവേശത്തെ തന്റേടത്തോടെ അക്ഷരവൽക്കരിക്കുമ്പോൾ, മലയാള സാഹിത്യ ലോകം ഇന്നോളം കാണാത്ത അൽഭുതസൃഷ്ടികൾ അക്ഷരകൈരളിക്ക് കാണിക്കയായി കിട്ടിക്കൊണ്ടിരിക്കുന്നു.
"ഈയെഴുത്ത് 2011"എന്ന് പേരിൽ പുറത്തിറങ്ങിയ 'ബ്ളോഗ് സ്മരണിക' തുഞ്ചൻ പറമ്പിൽ
വെച്ചു നടന്ന ബ്ളോഗ് മീറ്റിന്റെ ഒരുചരിത്രസ്മരണികയായാണ് അച്ചടിയിലൂടെ പുറത്തിറങ്ങിയത്. അതിബൃഹത്തായ ഈ കൂട്ടായ്മയുടെ പുസ്തകത്തിന്റെ അണിയറയിൽ, പ്രശസ്തരും പ്രതിഭാധനന്മാരുമായ ബ്ളോഗേഴ്സിന്റെ കൂടെ വളരെ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു, എന്നത് എന്റെ ബ്ളോഗെഴുത്തിന്റെ നാൾവഴിയിലെ ഏറ്റവും വലിയ ഭാഗ്യമായി എന്നു കരുതുന്നു...
കടലാസിന്റെയും അച്ചടിമഷിയുടെയും ഉന്മാദമണത്തോടെ, കൈകളിലൊതുക്കി ജൈവികമായ ആത്മബന്ധത്തോടെ താളുകൾ മറിച്ചു വായിക്കുക എന്ന അതി പുരാതന വായനാപാരമ്പര്യത്തിന്റെ ഉത്തമരൂപമായ പുസ്തകരൂപത്തിൽ കഴിഞ്ഞയാഴ്ച ദുബായിൽ ലഭ്യമായി...!
എഴുത്തുകാരുടെയെല്ലാം ബ്ളോഗ് ലിങ്കുങ്കുകൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ കാവ്യാനുയാത്രികരായ മലയാള വായനക്കാർക്ക് ഇതൊരു കാവ്യോൽസവം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.
മലയാളം ബ്ളൊഗിലെ കവിതകൾ സമാഹരിച്ചുകൊണ്ട് ഡി.സി. ബുക്സ് പുറത്തിറക്കിയ
സി.എൽ.എസ് ബുക്സ് പുറത്തിറക്കിയ 'ദലമർമ്മരങ്ങൾ', കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ' തുടങ്ങിയ കവിതാസമാഹാരങ്ങൾ ബ്ളൊഗെഴുത്തിലെ നല്ല കവിതകളെ തിരഞ്ഞെടുത്ത് സമാഹരിച്ചിരുന്നു....
ഇതിൽ നിന്നൊക്കെ വളരെ മുന്നോട്ടു പോയാണ് ഇരുനൂറോളം കവിതകളും കവിതാപഠനങ്ങളും കവിതാസമാഹരങ്ങളെ പരിചയപ്പെടുത്തലുമൊക്കെയായി 'ഈയെഴുത്ത്' നമുക്ക് മുന്നിൽ ചരിത്രസ്മരണികയായി നിലനിൽക്കുന്നത്....
2. സെറീന
3 ജ്യോനവന്റെ കവിതകളുടെ വായന/നസീർ കടിക്കാട്
4. കല
5. മുകില്‍
6. പി.ശിവപ്രസാദ്/മൈനാഗന്‍
7. പി.ഇ.ഉഷ
8. ദീപ ബിജോ അലക്സാണ്ടര്‍
9. എം.ആര്‍ .വിബിന്‍
10.ചന്ദ്രകാന്തം
11. അജിത് (നീർവിളാകന്‍)
12.രമ്യആന്റണി, അനുസ്മരണം, കവിത/കെ.ജി.സൂരജ്
13. ജ്യോതിബായ് പരിയാടത്ത്
14. നീന ശബരീഷ്
15. വിശാഖ് ശങ്കര്‍
16. വിഷ്ണുപ്രിയ.എ.ആര്‍
17. ഹരിശങ്കര്‍ കര്ത്ത
18 സുമിത്ര.കെ.വി
19. ഉല്ലാസ്
20. നിരഞ്ജന്‍.ടിജി
21. ജെയിന്‍
22. ഷിഹാബ് മോഗ്രല്‍
23. ധനലക്ഷ്മി
24. ശ്രീകുമാര്‍ കരിയാട്
25. കുളക്കടക്കാലം
26. രവീന രവീന്ദ്രന്‍
27. അനഘ സുരേന്ദനാഥ്
28. വിനോദ് കുമാര്‍ തള്ളശ്ശേരി
29. സോണ.ജി.നാഥ്
30. നാമൂസ്
32. റീമ അജോയ്
33. ജയകൃഷ്ണന്‍ കാവാലം
34. കുഴൂർ വിൽസൺ
35. സുനിൽ വരവൂരാൻ
36. അരുൺ ചുള്ളിക്കൽ
37. കുരീപ്പുഴ സുനില്‍ രാജ്
38. കെ.പി.റഷീദ്
39. എന്‍.ടി.സുപ്രിയ (ശങ്കൂന്റമ്മ)
40. ഗീതാരാജന്‍
41. വിഷ്ണുപ്രസാദ് **
42. യൂസുഫ്പ **
43. ഡോണ മയൂര **
44. റെയർ റോസ് **
45. ലക്ഷ്മി ലച്ചു
46. ശ്രീദേവി
47. സ്മിതാ മീനാക്ഷി
48. ടി.പി.വിനോദ്
49. ഗൌരീ നന്ദന
50. സുനിലൻ കളീക്കൽ
51. പി.എ.അനീഷ്
52. സനല്‍ ശശിധരന്‍
53. ഹാരിസ്
54. സന്തോഷ് പല്ലശ്ശന
55. ഹൻലല്ലത്ത്
56. വിജീഷ് കാക്കാട്ട്
57. ശ്രീജിത് അരിയല്ലൂര്‍
58. ശ്രദ്ധേയന്‍
59. ഇന്ദ്രസേന
60. മൈ ഡ്രീംസ്
62. ശ്രീ
63. ഗോപകുമാര്‍ (പാമരന്‍)
64. മഹേന്ദര്‍
65. വിനീത് രാജൻ
66. ഷെയ്ന്‍ പ്രേമരാജന്‍ ഇന്ദ്രജിത്ത്
67. പാപ്പാത്തി
68. ഗോപി വെട്ടിക്കാട്
69. അനസ് മാള
70. ജിഷ എലിസബത്ത്
71. അഭിലാഷ് മേലേതില്‍
72. കാപ്പിലാന്‍
73. ധന്യദാസ്
74. ശശിധരന്‍ എം.എന്‍
75. അനിയന്സ് (അനു വാര്യർ)
76. ഗൌരി
77. രാമചന്ദ്രന്‍ വെട്ടിക്കാട്
78. പി.എസ്.ശ്രീകല
79. ഹാരിസ് എടവന
80. സരിത സേതുനാഥ്
81. മനോജ് മേനോന്‍
82. ഷാജി അമ്പലത്ത്
83. ആരിഫ
84. ഭൂമിപുത്രി
85. പ്രമോദ് .കെ.എം
86. ആറങ്ങോട്ടുകര മുഹമ്മദ്
87. ജുനൈദ്
88. മായ.എസ്
89. അനീഷ് ഹസ്സന്‍
90. നജൂസ്
92. രാജേഷ് ചിത്തിര
93. എം.ആര്‍.അനിലന്‍
94. പ്രിയദര്ശിനി (മഞ്ഞുതുള്ളി)
95. ടി.പി.അനില്‍ കുമാര്‍
96. ഉമേഷ് പീലിക്കോട്
97. ബിനു.എം.ദേവസ്യ
98. ടി.എ. ശശി
99. ഉമാ രാജീവ്
100. സ്വപ്ന. അനു.ബിജോര്ജ്ജ്
101. എ മാന്‍ ടു വാക്ക് വിത്
102. മോഹനന്‍ പുത്തന്‍ ചിറ
103 പാവപ്പെട്ടവന്‍
104 പലജന്മം - ഹേന രഹുല്‍
105 രാജു ഇരിങ്ങല്‍
106. മായ
107. പ്രതാപ് ജോസഫ്
108. തണല്‍
109. ഗിരീഷ് വര്മ്മ ബാലുശ്ശേരി
110.വി.രവികുമാര്‍
112. ചിരുതക്കുട്ടി
113. ചിത്രാംഗദ
114. മധുസൂദനന്‍ പെരാടി
115. രശ്മി മേനോൻ
116. ഉമ്പാച്ചി
117. ക്രിസ്പിന്‍ ജോസഫ്
118. ഹരിയണ്ണന്‍
119. രാമൊഴി (ചിത്ര)
120. അശ്വിന്‍ (അപ്പു)
121. മാണിക്യം
122. ദീപ വിലാസന്‍
123. യദു കൃഷ്ണന്‍
124. ഹരിയാനന്ദകുമാര്‍ കാലടി
125. ഇ.എം.സജിം തട്ടത്തുമല
126. ഉണ്ണിശ്രീദളം
127. മായ.എസ്
128. നിശാസുര്ഭി
129. സെഫയര്‍ സിയ
130. സൂര്യ (ഒസ്വത്ത്)
132. നാസര്‍ കുട്ടാളി
133. സുനിൽ പണിക്കർ
134. പേരൂരാന്‍
135. മേല്‍ മീശ - സുധീര്‍ വാര്യര്‍
136. ചിതല്‍
137. പ്രസന്ന ആര്യന്‍
138. എബി കുറകച്ചാല്‍
139. സന്ദീപ് സലിം
140. ദേവസേന
141. വനിത വിനോദ്
142. വാഴക്കോടൻ
143. ഷീജ സി.കെ.
144. തേജസ്വിനി
145. ദിലീപ് നായർ (മത്താപ്പ്)
146. ശശികുമാർ
147. സ്നെമ്യാ ഷമീർ (മഴയുടെ മകൾ)
ഇരുനൂറിനു മേൽ തിരഞ്ഞെടുത്ത കവിതകൾ പലതും സ്ഥലപരിമിതി മൂലം ഒഴിവാക്കേണ്ടി വന്നു എന്നത് തികച്ചും ദുഖകരമായ കാര്യമാണെന്ന് എഡിറ്റോറിയൽ അംഗങ്ങൾ അറിയിക്കുന്നു.
സുവനീർ ലഭ്യമാകുന്നതിന് link4magazine@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുകയോ? മനോരാജ് : 9447814972, യൂസുഫ്പ : 9633557976, ജിക്കു വർഗ്ഗീസ് 9747868503 എന്നിവരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം...
കൂടാതെ സൈകതം ബുക്സിൽ നിന്നും നേരിട്ട് ലഭ്യമാകുകയും ചെയ്യും....
Saturday, June 25, 2011
എൻ ആർ ഐ ഡിവൈസ്
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.
മഞ്ഞ് പൊടി മണത്ത്,
മഴ ചവച്ച്, നനവുടുത്ത്,
നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക് കോപ്പി ചെയ്ത്
ഭദ്രമായ പുറന്തോടിട്ട്
ആവശ്യാനുസരണം ഏത്
സിസ്റ്റവുമായി ഘടിപ്പിക്കാവുന്നതരം
പ്ളഗ്ഗിൻ അവയവങ്ങള് ചേർത്തു വച്ച്
തിരിച്ചു വരവിന്റെ തുറമുഖങ്ങളടച്ച്,
മുകളിലേയ്ക്കും പിന്നെ തിരശ്ചീനമായും
കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്.
ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിച്ച്
ഊരിയെടുത്ത്, പുറന്തോട് മാറ്റി
ക്രഷ് ചെയ്യപ്പെടുന്നതു വരെ
പ്രത്യുൽപ്പാദനത്തിന്റെ
പ്രലോഭനങ്ങളിലൂടെ…..
പ്രതിപ്പവർത്തിച്ചുക്കൊണ്ടിരിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.
നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….
Wednesday, February 23, 2011
നഗരത്തെ വരയ്ക്കുന്നത്
![]() |
| OLD TOWN - LEONID AFREMOV |
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
നഗരങ്ങളില്‍ മാത്രമാണ്.
ഉടലുകളുടെ നഗ്നരൂപങ്ങളിലൂടെ
നഗരത്തെ വരയ്ക്കാം...
ചുണ്ടുകള്‍ക്കിടയിലുള്ള
വിടവുകളിലൂടെയും നഗരം വരയ്ക്കാം..
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!
മേല്‍ വസ്ത്രങ്ങളുള്ള നഗരം
ഉമ്മകളേല്‍ക്കാത്ത
ചുണ്ടുകള്‍ പോലെയെന്ന്
ഞാനവളെ നഗ്നയാക്കുമ്പോള്‍,
കാടിറങ്ങിയ മലഞ്ചരക്കുകള്‍ക്കും
കടലിറങ്ങിയ ഉരുപ്പടികള്‍ക്കും
വില പേശുമ്പോള്‍,
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
.......................................................
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്
Sunday, February 20, 2011
സ്വത്വം
![]() |
| pic : courtesy google |
പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്!
'ജാത്യാലുള്ളത് തൂത്താപ്പോകൂലാ'ന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!
'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും
ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.
ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
മലയാളിയായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!
കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള് മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.
പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള് ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..
ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!
പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.
മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!
കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.
POST YOUR COMMENT
Thursday, January 27, 2011
ഡിജിറ്റൽ ഭോഗാ/നന്തര സാധ്യതകൾ

ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
ഒരു ചരിവു നോട്ടത്തിന്റെ
വടം പിടിച്ച് കുത്തനെയുള്ള
പടവുകയറുന്ന,
അശ്രദ്ധയുടെ അരനിമിഷത്തിലൂടെ
വഴുക്കലുള്ള പടവിറങ്ങുന്ന,
ഉഭയജീവികളുള്ള പെരുംകുളത്തിന്റെ
പടവുകളിലൊന്നിലാണ്
എന്റെ പോറ്റുപുര.
കയറ്റിറക്കങ്ങളിലൂടെ പരുപരുത്ത്
പുറംതോടിന് കട്ടി കൂടി
ഓരോ ആൺപൂവും
ഇന്നിലേയ്ക്ക പാകമാകുന്നു..
ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...
ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്
ഏത് മാന്തോപ്പിലെയും
ചുനയിൽ പൊള്ളുന്നുണ്ട്
ഏത് ചെമ്പരത്തിയും
പൂജയ്ക്കെടുക്കുന്നുണ്ട്...
ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്
ഞാൻ സ്വായത്തമാക്കിയത്!
90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്.
POST YOUR COMMENT
Saturday, January 1, 2011
നാല് തരം വീഞ്ഞുണ്ടാക്കാം
![]() |
| pic courtesy : google |
അതിവിശിഷ്ടമായ നാലു തരം
വീഞ്ഞുണ്ടാക്കുന്നതിനിക്കുറിച്ചാണ്!
ഒന്ന് :
മഹാനഗരങ്ങളുടെ താഴ്വാരങ്ങളിൽ
വിളവെടുക്കാത്ത വയലുകളുണ്ട്!
മുളയ്ക്കുകയും ഉണങ്ങുകയും ചെയ്യാത്ത,
വാറ്റിനും വീഞ്ഞിനും പറ്റിയ
നീരു വറ്റാത്ത നേരുകളുണ്ട്.
ഉണ്ടാക്കുന്ന വിധം:
കൈവിരലുകൾ,
(ഒരക്ഷരവും എഴുതാത്തത്)
കാല്പ്പാദങ്ങൾ,
(നടന്നു തേഞ്ഞത്)
കുറുകിയ കണ്ണുകൾ
(പോളയില്ലാതെ)
ദീർഘദൂര വലിവുകൾ
(മീൻ വിഴുങ്ങാത്തത്)
മുറിഞ്ഞ നാവിൻ തുണ്ടുകൾ...
(മൗനം കനച്ചത്)
വക്കു പൊട്ടിയൊരു മൺഭരണിയിലിടുക,
വരണ്ട ചുമ ചേർത്തടച്ച് വയ്ക്കുക !!!!
രണ്ട് :
വിടർന്ന ഇതളുകളിൽ നിന്നുള്ള തേൻ,
ഉമ്മകളിൽ നിന്നുമാത്രം വിളയിച്ച ഗോതമ്പ്,
പാലുകടഞ്ഞെടുത്ത മേല്പ്പാട,
ഗുഹാമുഖങ്ങളിൽ നിന്നെടുത്ത ക്ളാവ്,
കുറഞ്ഞ ആഴത്തിൽ നിന്ന് നുള്ളിയെടുത്ത
താമരക്കിഴങ്ങ്,
ഇവയെല്ലാം ഒരു പളുങ്കു പാത്രത്തിലിട്ട്
കണ്ണു വെട്ടാതെ കാത്തിരിക്കുക.
ഉടഞ്ഞു ചോർച്ച തുടങ്ങിയാൽ
വീഞ്ഞു പാകമായി!!!
മൂന്നാമത്തെയും നാലാമത്തെയും
വീഞ്ഞുകളെക്കുറിച്ച്
അടുത്ത ലക്കത്തിൽ!!!
Tuesday, November 30, 2010
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ

ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എല്ലാ വ്യാഴാഴ്ചയും
ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്
ന്യൂനമർദ്ദം ഉൽഭവിച്ച്
കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്
മുറിയിലേക്ക് ഉരുണ്ടു കൂടും
പാളത്തിലുടക്കി ചുഴിയിൽപെരുക്കി
പൊത്തിലുരച്ച് പത്തിവിരിച്ച്
ഉറപൊഴിച്ച് അത് കോറിഡോറിലൂടെ
ഇഴഞ്ഞിറങ്ങിയിരുന്നു...
ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ തീവണ്ടി പാളം തെറ്റാറുണ്ടായിരുന്നു
ഒന്നാമനൊരു ഐ.ടി. അഡ്മിനിസ്റ്റ്രേറ്റർ!
ചെവിയും ഫോണും തമ്മിലുള്ള ദൂരത്തെ
ബ്ളൂടൂത്തുകൊണ്ടളന്ന് മൈക്രോവേവ്
റേഡിയോ സിഗ്നലുലുകളുടെ
പ്രസരണവ്യതിയാനങ്ങളിൽ
വേവലാതി പൂണ്ട്
ഭാര്യയിലേക്കുള്ള ഡയലിനെ
മറവികൊണ്ട് ഹരിച്ച്
തിരിഞ്ഞും മറിഞ്ഞും...
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
രണ്ടാമൻ നെറ്റ്‌വർക് എഞ്ചിനീയർ!
കട്ടിലും ടിവിയും തമ്മിലുള്ള
അകലത്തെ എട്ടായിപ്പെരുത്ത്
ഒരു പൊത്തിനുള്ളിലേക്ക്
വലിഞ്ഞുരുണ്ട് മകന്റെ
പിറന്നാൾ ദിനം പോലും
മറന്ന്....മറന്ന്....
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
മൂന്നാമനൊരു സോഫ്റ്റ്‌വെയർ ഡിസൈനർ
ഡോർ ആക്സസ്സിന്റെയും
തമ്പ് ഇമ്പ്രഷന്റെയും
ബാകപ് അപ്‌ലോഡിംഗ്
പ്രൊസ്സസ്സുകളിലൂടെ നടുവൊടിഞ്ഞ്
സ്വയം ഭോഗം ചെയ്യാൻപോലുമാകാതെ
കാമുകിയെ കോൾ,ബാർ ചെയ്ത്
മലർന്ന് കമിഴ്ന്ന്....
ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!
Tuesday, November 9, 2010
അറബിക്കല്യാണം
ഓളെ അറബിസൗദീക്കെണ്ടോയി, കൊണ്ടന്നപ്പോള്‍ക്കി
പസര്‍മ മുയുമനും പോയി
അവടൊന്ന് മുറുക്കാനും കൂടി കുട്ടൂല,
കുടീന്ന് പൊറത്തെറങ്ങണെങ്കെ പര്‍ദ്ദടും മാണം
അപ്പപ്പിന്നെ മാന്തലും കോറലും കാണൂലല്ലോ?
സെക്കന്റ് ടെര്‍മിനലിലെ ക്ലിയറന്‍സ് ലൈനില്‍
ഉമ്മുട്ടിമ്മ ഒരു വേലിത്തറി നാട്ടി
വേലി വിടവുകളുള്ള ഒരു സാരിയാണ്
വേലിയിലൂടെ ചുരുണ്ടും,
തോളില്‍ ചുറ്റിയും കാലില്‍ പിണച്ചും
അരയില്‍ ചുറ്റിയും
ഉമ്മുട്ടിമ്മ വേലിയിലൂടെയൊഴുകി.
വേലി വളഞ്ഞും തിരിഞ്ഞും
നീണ്ടും കുറുകിയുമൊഴുകി.
വേലി എവിടെ മുളച്ചാലും
അപ്പുറം ചുണ്ടുകള്‍ മുളയ്ക്കും
ഇപ്പുറം കാതുകളും
വേലിക്കപ്പുറത്ത്‌ന്ന് രണ്ടു കണ്ണുമാത്രമുള്ള പര്‍ദ്ദ!
ങ്ങളോട്ന്നാ? ഞാന്‍ മാഹീന്ന്,
ങ്ങളോ? നെലമ്പൂര്!
ഒട്ടോരൊ കിട്ട്യോ?
പ്പാനോട് ചോയ്ച്ച്‌ട്ട്‌ല്ലാ,
ലച്ചത്തിന്റെ മോള്‌ലുണ്ടാവും
ഈത്തപ്പഴത്തിന് ഷുഗറില്ലെന്നും
ഒട്ടകയിറച്ചിയില്‍ കൊളസ്റ്റോറില്ലെന്നും
ഈത്തപ്പഴക്കുരുവിന്റെ വിടര്‍ന്ന വിള്ളലിലേക്ക്
വിരലു ചലിപ്പിച്ചൊരു സ്വദേശികണ്ണിറുക്കി
ടെര്‍മിനലിനടിയില്‍ മെട്റോ മാളുണ്ട്!
അവിടെ അര വിക്ക്‌ണ ലബനോണ്‍ തരുണികള്‍
കുന്നോളം മൊലയുള്ള ആഫ്രിക്കരും
വടിവൊത്ത മിസിരികളും
ആണിന്റെം പെണ്ണിന്റെം ഉള്ള
ഫിലിപ്പിനോ കുണ്ടന്മാരും!
എന്നിട്ടും ഞങ്ങളെന്തിനാ ങ്ങളെ ത്ര ദൂരെന്ന്
കെട്ടിക്കൊണ്ടോര്ണ്ന്നറിയോ
പത്തോളം പെറാന്‍ മലബാറിക്കേ പറ്റൂ
താക്കത്ത് അച്ചാ ഹൈ,
ജഗടാ ബീ നഹീ കര്‍ത്തേ,
ഇന്തോനീഷ്യ രണ്ടെണ്ണം പെറ്റാല്‍ നടുവിന്
കൊള്ളി കുത്തണം
മിസിരിയാണേല്‍ പെറാനേ സമ്മതിക്കില്ല
തജിക്കി, കസാക്കി പെറ്റിട്ടാല്‍ പിന്നെ
കാശു ചെലവാക്കുന്ന വഴിയറിയില്ല
ഹ്യൂമന്‍ റിസ്സോര്‍സ്സസ്സ് ആര്‍ അവര്‍
നെക്സ്റ്റ് സെഞ്ച്വറീസ് സ്റ്റ്റ്റ്റെംഗ്‌ത്!
സോ ഇറ്റ്സ് മൈ സിക്സ്ത് വണ്‍ ഫ്രം കേരള.
നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.
Saturday, August 21, 2010
ഓണത്തിന്റെ ഭോഗസൂത്രം
...

ഇരുണ്ട വെട്ടത്തിനിരുവശവുമിരിക്കുന്ന
എതിര്‍ലിംഗ സൗഹൃദങ്ങളുടെ ക്ഷമ
ഉമിനീരിലലിയുന്നതിന്റെ ദൂരം
ഒരു ബര്‍ഗ്ഗനിരുവശവും ചീസ് തേച്ച് വെച്ച
ബണ്ണിന്റെ ആയുസ്സിന് തുല്യമാണെന്ന ഭോഗകാവ്യം
അയല്‍ ഫ്ലാറ്റിലെ മരിയാ ഫെര്‍ണ്ണാണ്ടസ്സാണ്
ഭൂഗര്‍ഭ ഭോജനശാലയിലെ എല്‍.ഇ.ഡി.
റാന്തലിനപ്പുറമിരുന്ന് ഒരോണ ട്രീറ്റില്‍
എന്നോട് മന്ത്രിച്ചത്!
ഹോളണ്ടിലൊരു പോത്തിന്‍ തോട്ടമുണ്ടെന്നും
ഉതിരാത്ത സുരതങ്ങളും മണ്ണു ദാഹിക്കുന്ന
കുളമ്പുകളുമായി ചതുരപ്പാത്രങ്ങളില്‍
പോത്തിന്‍ കുഞ്ഞുങ്ങള്‍ വളരുന്നുവെന്നും
ബര്‍ഗ്ഗര്‍ ബണ്ണിലരഞ്ഞമര്‍ന്ന്
നാവ് നീട്ടുന്ന ഒരു പോത്തിന്റെ ഓണവിലാപം.
തോട്ടിലെ ചേറുമണം
മൂക്കുകയറിന്റെ ചോരമണം
ദാഹം, വെയില്‍, മാട്ടുചന്ത
കന്നുപൂട്ട്, ഇവയെല്ലാം കഴിഞ്ഞാണ്
എന്റെ നാട്ടിലെ പോത്തുകള്‍
കടലുകടക്കുന്നതെന്ന്,
ബീഫ് കറിയും തണുത്ത
ചോറും കൂട്ടിയൊരോണ സദ്യ
ഷാര്‍ജ ലേബര്‍ ക്യാമ്പില്‍...
ചെങ്കടല്‍, ചാവുകടല്‍, കരിങ്കടല്‍
മെഡിറ്ററേനിയന്‍, അറബിക്കടല്‍....
പെണ്‍ചുണ്ടുകളോരോ സമുദ്രത്തിലേക്കുള്ള
തുറമുഖങ്ങളാണെന്ന് ബിയറില്‍
കുതിര്‍ന്ന അതിഥികള്‍ക്ക് ഡിസെര്‍ട്ട് ക്യാമ്പില്‍
ചുണ്ടിതളുകളാല്‍ പൂക്കളം!
യാഡ്‌ലി, ജമന്തി, റോസ്, മുല്ല,
പൂമണങ്ങളോരോന്നും വന്‍കരകളിലെ
പെണ്ണുടലുകളുടെ തിരിച്ചറിവുകളാണെന്ന്
കോമ്രേഡ് ഫ്രെഡറിക് നിക്കോളാസ്,
പെണ്ണുടലുകള്‍ കൊണ്ടൊരു പൂക്കളമിട്ടു
ഇന്റര്‍കോണ്ടിനെന്റല്‍ ഓണപ്പാര്‍ട്ടി.
( കൂടുതല്‍ വായനയ്ക്ക് ബൂലോകകവിത
ഓണപ്പതിപ്പിലേയ്ക്ക്
സ്വാഗതം....
Monday, March 29, 2010
ജനല്‍പ്പാടങ്ങള്‍ (കവിത)
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍
മുക്കള്ളിക്കപ്പുറം മുഴുവയല്‍
വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു...
എ.സി. ഹോളൊരു മഞ്ഞുപാടത്തേയ്ക്കുള്ളിടവഴിയെന്നും,
ഹസ്ബെന്‍ഡ് വിസയില്‍ ഗള്‍ഫിലെത്തിയ
റോസീ തോമസ് ഈയിടെയാണ് കൃഷി തുടങ്ങിയത്!
കര്‍ട്ടന്‍,
ഉപ്പുപാടങ്ങള്‍ക്കും തീന്മേശയ്ക്കുമിടയിലെ
വെയില്‍ വേലിയുടെ ഊടുപാവുകളാണെന്ന്
അകത്തിടകൃഷി ചെയ്യുന്ന
അടുക്കളക്കര്‍ഷകയവശയാകുന്നു.
പെഷവാറിന്റെ ചരിവുപാടങ്ങളില്‍
ഗന്ധകപ്പൂ വിരിയുന്നതും
അരയില്‍ വിരലമര്‍ത്തിയുടപ്പിറപ്പ്
ചുവന്ന പൂപ്പാടമായതും,
പതിനൊന്നാം നിലയിലെ ജനലിനിപ്പുറം
ജമീലയെന്ന പാക് ഹൗസ്മേഡ്
കണ്ണീരുതേവിത്തേവിയൊരു ഗന്ധകപ്പാടം കരിക്കുന്നു.
കുലയില്‍ ഹോര്‍മോണ്‍ മെഴുകിയ
മനിലയിലെ പഴത്തോട്ടങ്ങള്‍,
പാതിമഞ്ഞപ്പഴം തിന്ന പൗരുഷമിടിഞ്ഞ ബക്ലകള്‍!
സ്ലൈഡര്‍ വിന്‍ഡോയ്ക്കപ്പുറം
പുരുഷനെ ദാഹിച്ചൊരു ഫിലിപ്പീനിപ്പെണ്‍കൊടി
ജൈവകൃഷിയ്ക്ക് കന്ന് പൂട്ടുന്നു.
പ്രിയ മരിയാ തജിക്കീ...
പശിമരാശിയില്‍ കൂട്ടുകൃഷിയിറക്കാതെ,
നിന്നെ മുഴവന്‍ പാട്ടത്തിനെടുത്താണ്
കുഴഞ്ഞ ചെളിപ്പശയില്‍ നിനക്കു ചുറ്റും
വരമ്പു പണിഞ്ഞത്.
വെള്ളം തേവിയ രാത്രികള്‍ക്കിപ്പുറം
വിളഞ്ഞവയലിലെ തേക്ക് നിന്നതും
വരമ്പ് പൊട്ടിയൊരാണിച്ചാലായ്
കൂട്ടുകൃഷിയുടെ സുഖം തേടി നീ.
ജനല്‍ വാസ്തുവിനോരോ കൃഷിനേരുകളുണ്ട്.
കള്ളിജനലുകള്‍ സ്വന്തം കണ്ടത്തിലേക്ക്
വെള്ളം തിരിക്കുമ്പോള്‍
സ്ലൈഡര്‍ വിന്‍ഡോകളധികവും
ഇരുകണ്ടം തിരിയുമെന്നും
ഗ്രില്ലില്ലാ കര്‍ട്ടന്‍ ഗ്ലാസുകള്‍
വയല്‍മുഴുപ്പിലേയ്ക്ക് ഒലിച്ചുകൊണ്ടേയിരിക്കുമെന്നും
പറഞ്ഞാണ് വേലുവാശാരി
സീ വ്യൂ നെറ്റ് സ്ലൈഡറിനീയിടെ ഗ്രില്ലിട്ടത്.
Wednesday, March 10, 2010
ഭോഗ വൃക്ഷങ്ങളുടെ കാട്
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!
നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!
നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!
ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.
മാന്‍ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....
നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!
'ഭോഗ വൃക്ഷങ്ങളുടെ കാട്' പുതിയ കവിത, ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
Wednesday, January 20, 2010
അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം
Tuesday, November 17, 2009
സൈബര്‍ പ്ലാന്‍(കവിത)
കുഞ്ഞിന്‍റെ തോരാത്ത മൂക്കൊലിപ്പ്,
മേഘം പുരട്ടിയ കരിനിഴല്‍ കാറിന്‍റെ
ഗ്ലാസില്‍ കനച്ചെന്‍റെ കാഴ്ച മങ്ങി.
മഴ വേണ്ട മണ്‍സൂണും,
അത് മറിച്ച് വില്‍ക്കാം
യൂടൂബിലൊന്ന് വിരലമര്‍ന്നാല്‍
മഴ വീഴും;ഹെഡ്സെറ്റിലിടി മുഴങ്ങും
ഡസ്ക് ടോപ്പാണിന്നെന്‍റെ കൃഷിയിടം
ടൂള്‍സില്‍ പരതുന്ന വിരലുകള്‍ കര്‍ഷകര്‍
ആദ്യമൊരു തെങ്ങ് നടാം
ബോക്സ് ടൂളെടുത്തൊരു നീണ്ട വര!
സി.എം.വൈ.കെ.യില്‍ നിറം പകര്‍ത്താം
വര വളച്ചിത്തിരി മണ്ണിളക്കം
മഞ്ഞയും സിയാനുമൊരിത്തിരി വട്ടത്തില്‍,
വെറുതേകലര്‍ത്തിയാല്‍ തേങ്ങയായി.
ക്ലോണ്‍ ടൂളിലെത്രയും കുല പകര്‍ത്താം
മണ്ഡരിയില്ലാത്ത, കൂമന്‍ കുത്താത്ത,
കാമ്പൊന്നുമില്ലാത്ത നല്ലതേങ്ങ!
കാമ്പെന്തിന് കാഴ്ചയുണ്ടേല്‍....
അതിരിലൊരിത്തിരി മുളവരയ്ക്കാം
സിയാനില്‍ മഞ്ഞചേര്‍ത്തൊരു
വളഞ്ഞ വര! മുള.
അര്‍ദ്ധവൃത്തം വെച്ച് കമ്പ് ചേര്‍ക്കാം
ഒറ്റയ്ക്ക് നീണ്ട് നിവര്‍ന്ന് പൊങ്ങും
അതിരുകള്‍ കൈയ്യേറി മുള്‍മുദ്രവെയ്ക്കും
ഓരോരുത്തരുമൊറ്റത്തടി, കൊമ്പില്ല,
ചില്ലയില്ലിലപ്പെരുപ്പിന്റെ ജാഡയില്ല,
ഇലയെന്തിന്?
ചപ്പില കത്തിക്കാന്‍ മുത്തിയില്ല
മുക്കാലടുപ്പുമില്ല!
വീടൊന്ന് വയ്ക്കണം,
ഹോം ഫോണ്ടുകളിലത് റെഡിമെയ്ഡ് കിട്ടും
ഇഷ്ടനിറം ചേര്‍ത്ത് മനം നിറയ്ക്കാം
പ്ലാന്റ് ഫോണ്ടിട്ട് ലാന്‍ഡ്സ്കേപ്പ് ചെയ്യാം..
വീട്ടിലിനി പേരിനൊരു പെണ്ണിന്‍റെ കോലം വേണം
രണ്ട് മുഴുവട്ടം, പിന്നൊരു ദീര്‍ഘവൃത്തം!
പെണ്ണായി!
കൈ വേണ്ട കാല്‍ വേണ്ടത് മെനക്കെടാണ്.
ചാറ്റ് ബോക്സുണ്ട്, വേറെ വായ് വേണ്ട
സ്മൈലിയുണ്ട്, കുഞ്ഞിച്ചിരി
വേറെ വേണോ?
Tuesday, November 10, 2009
സ്വന്തക്കാരാകുന്നതിനെക്കുറിച്ച്...(കവിത)
കള്ള ടാക്സിയില്‍ ആളെക്കയറ്റാന്‍
"ഏക് ആദ്മീ ബാകീ ഹൈ ഭായ്"
എന്ന് മന്ത്രിക്കുന്ന ഡ്രൈവറുടെ പിറകില്‍
ഷാര്‍ജ്ജയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുറച്ച് നേരത്തേയ്ക്ക് ഞാന്‍,
കുളിയ്ക്കാത്ത, പല്ല് തേയ്ക്കാത്ത, പൈജാമയലക്കാത്ത
പാക്കിസ്ഥാനി ഡ്രൈവറുടെ സ്വന്തക്കാരനാകുന്നു!
നൈഫ് റോഡില്‍,
മലബാറി, ബംഗാളി, പാക്കിസ്ഥാനി,
ഫിലിപ്പീനി, ചീനി, റൂസി.....
പൂരാ ലഡ്കീ കൊ പച്ചാസ് റുപ്പിയാ ഹൈ ഭായ്
എന്ന് മന്ത്രിച്ചു നില്‍ക്കുന്നവര്‍ക്കിടയിലൊരുവനോട്
പെണ്ണിന്‍റെ നിറവും ഗുണവും ചോദിച്ച്,
ഒരു വെടിമരുന്നിനെങ്ങനെ തീക്കൊടുക്കു-
മെന്നൂറിച്ചിരിച്ചിരിക്കുന്ന രാസയാമങ്ങളില്‍
ഞാന്‍ ആ ബംഗാളി വടുവന്‍റെ
"ഹമാരാ ആദ്മിയാകുന്നു"
തലയില്‍ പൂവും മുലയില്‍ കസവും ചുറ്റി,
ടേബിളിനരികിലിരുന്ന്,
പതയുന്ന ബീറൊഴിച്ച് കുടിപ്പിക്കുന്ന
സുന്ദരിയെയും പിസ്തായും ബിയര്‍ ജഗ്ഗിനെയും
മടുത്ത്, ഇരുട്ടുമുറി വിടുന്നത് വരെ
ഞാനവളെയും അവളെന്‍റെയും .....
"കോപ്പി വാച്ചെസ്, സണ്‍ഗ്ലാസെസ്.....
വെരി ചീപ് പ്രൈസ്, ഹാവ് എ ലുക്ക്"
എന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ വിളിക്കുന്ന,
ഗോള്‍ഡ് സൂക്കിലും മീനാബസാറിലും
കറങ്ങിനടക്കുന്നവരിലൊരുവനോട്
റോളക്സിന്‍റെ കോപ്പിക്കെന്താ വില?
എന്ന് ചോദിച്ച് ഫ്ലാറ്റുകള്‍ക്കുള്ളില്‍
ഒതുക്കിവച്ച വില്പ്പന കേന്ദ്രത്തിലെത്തുന്നതു വരെ
ഞാന്‍ കാസര്‍ഗോടന്‍ ചുള്ളന്‍റെ സ്വന്തക്കാരനാകുന്നു..
ബലദിയ അനുവദിച്ച സമയം കഴിഞ്ഞ്,
ഫിഷ്മാര്‍ക്കറ്റില്‍ ലൈറ്റണച്ചാല്‍
പുറത്ത് പമ്മി നിന്ന് ചാളയും ഹാമൂറിന്റെ തലയും
സ്റ്റോക്കുണ്ടെന്ന് പറഞ്ഞ് നില്‍ക്കുന്ന
മീന്‍കാരന്‍റെ വണ്ടിക്കടുത്തെത്തി
ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മീന്‍ കവര്‍ വാങ്ങുന്നത് വരെ
ഞാനാ മലബാറി മീന്‍കാരന്‍റെ
മ്മടെ ആളാവുന്നു....
അവളില്ലാതെ ഞാനില്ലെന്ന്
മൂര്‍ഛിക്കുന്ന വൈകാരിക സുരക്ഷിതത്വത്തിന്റെ
മേല്പ്പാലത്തിനൊടുവില്‍
അവളുടെ കെട്ട് നടക്കുന്നന്ന് വരെ
ഞാനവളുടെയും അവളെന്‍റെയും
ഉമ്മകള്‍ കൈമാറുന്നു....
Friday, May 1, 2009
മാന്ദ്യം (കവിത)
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്‍
പുറം തേടും വറുതികള്‍!
അകപ്പെട്ടോര്‍ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലികള്‍,
പുറപ്പെട്ടാലൊടിയും
പെരുംപൂരക്കൊടിമരം.
വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍,
മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്‍പ്പില്‍ തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!
വാലറ്റ പാലങ്ങള്‍
തുരുമ്പിച്ച ലോറിക്കടിയില്‍തൂങ്ങി-
ത്തടം വറ്റിയ ചാലിന്റെയന്തി-
ച്ചെളിമണം താഴെ....
കൂടിയാര്‍ത്തു നെയ്ത
വലക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍....
Friday, February 20, 2009
ബ്ലോഗ് മീറ്റ് യു.എ.ഇ.ഒരവലോകനം.
ഊഷ്മളമായ ജൈവീക സമാഗമമായിരുന്നു ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ യു.എ.ഇ. മീറ്റ് ഫെബ്രുവരി!!!!!
മീറ്റിനെകുറിച്ചുള്ള വിശദമായ ഫോട്ടോകളും റിപ്പോര്‍ട്ടുകളും താഴെയുള്ള ലിങ്കുകളില്‍കൂടി കാണാവുന്നതാണ്...
മീറ്റിനിടയിലെ ചില രസകരമായ നുറുങ്ങുകളും ചിത്രങ്ങളും നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.....
"ഉപ്പാ, ഉപ്പാ..., എന്റുപ്പാനെക്കണ്ടോ?"
ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍
ഒരു കുഞ്ഞു പയ്യന്‍ ഇങ്ങനെ ചോദിച്ചുകൊണ്ടാണ്
അവിടേയ്ക്ക് വന്നത്!!!
"നിന്റുപ്പാന്റെ ബ്ലോഗിന്റെ പേരു പറയടാ, എന്നാലേ ആളെ മനസ്സിലാവൂ,"
കോഴിക്കാലില്‍ മിഷന്‍ ഫെബ്രുവരി - 20, ഓപ്പറേഷന്‍ നടത്തുന്ന
ഏറനാടനാണ് കാലില്‍ നിന്ന് ചുണ്ടെടുത്ത് അങ്ങനെ ചോദിച്ചത്...
"തറവാടി"
ദി സ്മാര്‍ട്ട് യംഗ് ബോയുടെ ഉത്തരം ഉടനെ വന്നു...
"ആഹാ തറവാടിയുടെ മോനാ...അപ്പം നിനക്കും കാണുമല്ലോടാ ഒരു ബ്ലോഗ്!?
നിങ്ങള്‍ സകുടുംബ ബ്ലോഗേഴ്സല്ലേ"
ഏറനാടന്‍ കത്തിക്കറയുന്നു....
"നീയെവിടാ? നിന്നെ ഞാന്‍ എവിടെയൊക്കെ തിരക്കി, വാ വന്ന് ബിരിയാണി കഴിക്കാം.."
വല്യമ്മായി കുഞ്ഞുവാവയായ ബ്ലോഗറെയും എടുത്തുകൊണ്ട് കടന്നു വന്ന് അവനെയും കൊണ്ട് പോകുന്നു...
"നിനക്കറിയണോ? കഴിഞ്ഞയാഴ്ച ഞാന്‍ ഒരുറക്കത്തിനിടയില്‍ അര്‍ദ്ധരാത്രി ഉണര്‍ന്നെണീറ്റാണ്
അച്ചന്‍ എന്ന പുതിയ കവിതയെഴുതിയത്!!!!!"
ദോഹയില്‍ നിന്ന് ദുബായിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ
കവി, രാമചന്ദ്രന്‍ വെട്ടിക്കാട്ട് തിരക്കിനിടയിലും മീറ്റിനെത്തി തന്റെ സൃഷ്ടിയെക്കുറിച്ച്
വാചാലനാകുന്നു....
"ശിവേട്ടാ, നിങ്ങള്‍ 'കൂട്ട'ത്തില്‍ മാത്രം പോസ്റ്റാതെ ചിലപ്പോഴെങ്കിലും ബ്ലോഗിലും കവിതകള്‍ പോസ്റ്റണേ....
ഈയുള്ളവന്റെ അപേക്ഷയെ ശിവപ്രസാദ്/മൈനാഗന്‍ എന്ന പ്രിയ കവി ഇങ്ങനെ പ്രതിവചിച്ചു :
"ബ്ലോഗ്സ്പോട്ട് എന്ന സൈറ്റ് തന്നെ കമ്പനി സെര്‍വറില്‍ ബ്ലോക്ക് ചെയ്തതാ!! ഇനി എന്നാണാവോ
'കൂട്ടം'ബാന്‍ ചെയ്യുന്നത് അതു വരെയുണ്ടാകും ഈ പോസ്റ്റിംഗ്....
അള്‍ട്രാസര്‍ഫ് എന്ന പ്രോക്സിയ്ക്ക് വൈറസിനോടുള്ള ആഭുമുഖ്യത്തെ നീരസത്തോടെ കാവലാന്‍
ഓര്‍മ്മിപ്പിക്കുന്നു..സെര്‍വര്‍ കേടുവരുത്തിയതിന്റെ കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല...
അമേരിക്കയില്‍ അനോണി ബ്ലോഗര്‍മാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് മുന്‍പിലിരിക്കുന്ന
ബ്ലോഗേഴ്സിനോട് കൈപ്പള്ളി വാചാലനാകുന്നുണ്ട്....
"നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ഭായ്, നിന്റെ ബ്ലോഗില്‍ നാളെമുതല്‍ അനോണിമാരുടെ ഭരണിപ്പാട്ടാകും"
എന്ന് എന്റെ തൊട്ടുമുന്‍പിലുള്ള ബ്ലോഗര്‍ ആത്മഗതിച്ചത് ഇവിടെ എഴുതാതെ തരമില്ല..
"വീട് കൊടകരയില് ജോലി ജെബലാലിയില്‍ ഡെയ്‌ലി പോയി വരും"
എന്ന് വിശാലമനസ്ക്കന്റെ പുത്തന്‍ പാജിറോയുടെ റിയര്‍ഗ്ലാസില്‍ വെളുത്ത നെടുങ്കന്‍
അക്ഷരത്തില്‍ എഴുതിവെച്ചതു കണ്ട്,
"ഇതു മലയാളത്തില്‍ അസ്സല് തെറിയാണെന്ന് പറഞ്ഞ് നിന്നെ ഞാന്‍ സി.ഐ.ഡി.യെക്കോണ്ട്
കസ്റ്റഡിയിലെടുപ്പിക്കും"
എന്ന് വിരട്ടിയത് മറ്റാരുമല്ല.... നമ്മടെ സ്വന്തം കാവലാന്‍ തന്നെ!!!!
അതിനിടയിലാണ് ആ ഫ്ലാഷ് ന്യൂസ് തേങ്ങാ മുതലാളി 'സുല്‍'സ്ക്രോളിംഗ് ചെയ്തത്!!!
ഏറനാടന്‍ മുഖ്യ വേഷത്തിലഭിനയിച്ച "മണല്‍ക്കാറ്റ്" എന്ന ടെലിഫിലിമിന്റെ
സി.ഡി. അബുദാബി പോലീസ് പിടിച്ചെടുത്തത്രേ!!!
എന്തിനാണെന്നല്ലേ?....
ഏതുവിധ മൂന്നാം പ്രയോഗത്തിലും സത്യം പറയാത്ത പെരുങ്കള്ളന്മാര്‍ക്ക് ഈ
ഫിലിം രണ്ടു തവണ കാട്ടിക്കൊടുത്താല്‍
"സാറേ, ഞങ്ങള്‍ക്ക് ഇനിയും ഈ സില്‍മ കാട്ടിത്തരല്ലേ സാറന്മാരേ...
നിങ്ങളെന്തുപറഞ്ഞാലും ഞങ്ങള്‍ സമ്മതിച്ചോളാം... അല്ലെങ്കില്‍ ഞങ്ങളുടെ തല വെട്ടിക്കൊന്നോളൂ...
എന്നാലും ഈ സിനിമ ഇനിയിടരുതേ" എന്ന് നിലവിളിച്ച് എല്ലാം തുറന്ന് സമ്മതിക്കുമത്രേ!!!
ഈ സി.ഡി.യുടെ കൂടുതല്‍ കോപ്പികള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങി മറ്റ് എമിറേറ്റ്സിലെ
ക്രൈം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുകൂടി എത്തിച്ചുകൊടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നുണ്ടത്രേ...
(ഏറനാടാ എനിക്ക് ജാമ്യം, ഞാനല്ല, സുല്ലാണ് പറഞ്ഞത്!)
പ്രിയാ ഉണ്ണികൃഷ്ണന്റെ 'പ്രയാണം'എന്ന കവിതാസമാഹാരം നോക്കി
'പ്ര...ണ...യം...' എന്ന പേര് തെറ്റിവായിച്ച കുറുമാനെ നോക്കി
ബിരിയാണിയും കോളയും മിക്സ് ചെയ്ത് അടിച്ചാല്‍ ഇങ്ങനെ ഫിറ്റ് ആകുമോ?
എന്ന് അനോണി കമന്റിട്ടത് ആരെന്നറിയുമോ?.....
ലാപുടയുടെയും വിഷ്ണുമാഷിന്റെയും ലീലാ.എം. ചന്ദ്രന്റെയും പുസ്തകങ്ങള്‍ ബാക്കിയായപ്പോള്‍,
ഒരു ഫ്ലാസ്കില്‍ ചായയും മറ്റൊരുപാത്രത്തില്‍ കടല വറുത്തതുമായി,
'അഞ്ച് ദിര്‍ഹത്തിന് ഒരു ബുക്ക് വാങ്ങിയാല്‍ ഒരു ഗ്ലാസ് ചായയും നാല് മണിക്കടലയും
ഫ്രീ' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പുസ്തകവിതരണം ഏറ്റെടുത്ത കിച്ചുച്ചേച്ചിയെ
പ്രോല്‍സാഹിപ്പിച്ച്, " കടന്നു വരൂ 'നിലവിളികള്‍' വാങ്ങുമ്പോള്‍ വളയിട്ട കൈയ്യാല്‍ ചായ ഫ്രീ"
എന്ന് ചേച്ചിയെ പ്രോല്‍സാഹിപ്പിച്ചത് കൈതമുള്ള് മാഷ് തന്നെയായിരുന്നില്ലേ...?
ചുമയുണ്ടോ? അതിനിതാ ബെസ്റ്റ്! രണ്ട് വീതം മൂന്ന് നേരം ഇത് കഴിച്ചാല്‍ മതി
എന്ന് ഹരിയണ്ണന്‍ വിഷ്ണുമാഷിന്റെ കുളം+പ്രാന്തത്തിയുടെ കോപ്പി കൊടുത്ത്,
ഫാര്‍മസിയില്‍ ഇരിക്കുന്ന ഓര്‍മ്മയില്‍ മാറിപ്പറഞ്ഞത് ചിരി പടര്‍ത്തിയെന്ന് ആരോ നുണ
പറഞ്ഞതാണ്...
സലാലയില്‍ നിന്ന് വിശാഖ് ശങ്കര്‍ ബസ്സ് വഴി കൊടുത്തു വിട്ട വിഷ്ണുമാഷിന്റെ
പുസ്തകങ്ങളുടെ കോപ്പിയ്ക്കു വേണ്ടി ഹരിയണ്ണന്‍ കാത്തു നിന്നതോര്‍ക്കുമ്പോള്‍...!!!!
"ലിബിയയില്‍ ജനിച്ചതുകൊണ്ടാണോ കഥാകാരന്‍ സിമി ഫ്രാന്‍സിസ് ഇങ്ങനെ തടിച്ച് ഇരുണ്ടു
പോയത്"
എന്ന് സംശയം ചോദിച്ചപ്പോള്‍ മിണ്ടാണ്ടിരിയെടോ എന്ന് ഞാന്‍ കാലില്‍ ചവിട്ടിപ്പറഞ്ഞതാരോടാണ്..?
നിരര്‍ത്ഥകമായ ബുദ്ധിജീവി ചര്‍ച്ചകളോ സീനിയര്‍ ബ്ലോഗര്‍മാരുടെ
ജാഡാവിലാസങ്ങളോ ഇല്ലാതെ
ഒത്തൊരുമിച്ച് തളം കെട്ടി നിന്ന ഒരു സ്വപ്നതടാകം പോലെ
വശ്യവും സുന്ദരവുമായിരുന്നു 2009 ലെ ആദ്യ ബ്ലോഗ് മീറ്റ്..
എണ്‍പതിലധികം ഘടാഘടിയന്മാരായ ബൂലോഗ പുലികള്‍ ഒത്തു ചേര്‍ന്ന
ഈ മഹാമാമാങ്കം എല്ലാംകൊണ്ടും ഇതുവരെ നടത്തിയതില്‍ വെച്ച്
വിശാലവും അവിസ്മരണീയവുമാണെന്ന് സ്മരിക്കാതെ വയ്യ!!
ആദ്യാവസാനം വരെ ഓടി നടന്ന് മീറ്റിനുവേണ്ട എല്ലാ സൗകര്യങ്ങളും
ചെയ്ത സീനിയര്‍ ബ്ലോഗര്‍മാരായ ദേവേട്ടന്‍, അപ്പു, വിശാലമനസ്കന്‍, അഗ്രജന്‍
സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി തുടങ്ങി ഒട്ടനവധി പേര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ
കൂടി വിളവെടുപ്പാണിതെന്ന് പറയാതെ വയ്യ...!
അസാന്നിദ്ധ്യം കൊണ്ട് നിറസാന്നിദ്ധ്യമായ ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യേച്ചി, തണല്‍ തുടങ്ങി
ഒട്ടനവധി ബ്ലോഗര്‍മാരുടെ ഓര്‍മ്മകള്‍ മൊബൈല്‍ കോളുകളിലൂടെ പങ്കിട്ടെടുത്ത് അവരെയും
വേദിയിലേക്ക് ഓര്‍മ്മപ്പെടുത്തിയതോടെ നിറഞ്ഞ മനസ്സുകളുടെ കൂടിച്ചേരല്‍
അവിസ്മരണീയമായ അനുഭവമായി മാറി...!
യൂറൊപ്പിലെ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമായി
ഐ.ടി. ജോലി ഉപേക്ഷിച്ച് ദുബായിലെ ഊഷരതയിലേക്ക്
കുടിയേറിയ വരവൂരാന്റെ ഷാര്‍ജ്ജയിലെ ഫ്ലാറ്റിനു മുന്നിലൂടെയാണ്
ഈയിടെയായി ദിവസവും പോയി വരാറുള്ളത്...
തൊട്ടടുത്തുള്ള ഈയവതാരത്തെ ഈ മീറ്റില്ലെങ്കില്‍ ഇങ്ങനെ കാണാനും
അടുത്തറിയുവാനും കഴിയുമായിരുന്നോ?
നസീര്‍ കടിക്കാട്, നജൂസ്, മൈനാഗന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, വരവൂരാന്‍, പകല്‍ക്കിനാവന്‍, സുല്‍
തുടങ്ങി പ്രതിഭാധനരായ കവികളാലും സമ്പന്നമായിരുന്നു ഈ കൂട്ടായ്മ എന്ന് പറയാതെ വയ്യ,
കൊടകരപുരാണത്തിന്റെ മുതലാളി വിശാലമനസ്ക്കനെ കുടുംബസമേതം കാണാന്‍ സാധിച്ച നിറഞ്ഞ സന്തോഷം
പുതു ബ്ലോഗര്‍മാരും മറച്ചു വെച്ചില്ല....
ഹൃദ്യമായ വാചാലതയില്‍ പ്രിയങ്കരരായി കുറുമാനും കൈപ്പള്ളിയും
താരതമ്യേന പക്വമാര്‍ന്ന നിശബ്ദദതയാല്‍ ശ്രേഷ്ഠനായ് സീനിയര്‍ ബ്ലോഗര്‍ രാജീവ് ചേലനാട്ടും
നിറഞ്ഞു നിന്നപ്പോള്‍, കൈതമുള്ള് മാഷും അഞ്ചല്‍ക്കാരനും സജീവ സാന്നിദ്ധ്യമായി
ഓടി നടന്നു.....
പേരോര്‍മ്മയില്‍ നില്‍ക്കാത്തതും ഒറ്റപ്പരിചയപ്പെടലില്‍ പച്ചകത്താതെ നില്‍ക്കുന്ന
പുതിയ ബ്ലോഗര്‍മാരാലും, ബ്ലോഗ് രംഗത്ത് ഇപ്പോള്‍ സജീവ സാന്നിദ്ധ്യമാകാത്തതും
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ബ്ലോഗിംഗ് തുടങ്ങിയ ആചാര്യന്മാരാലും സമ്പന്നമായ
വേദിയില്‍ കൊച്ചു കുഞ്ഞുങ്ങളുടെ ചടുല സാമീപ്യവും ഹരം പകര്‍ന്നു...
പതിവു പല്ലവി പ്രകാരം വെള്ളിയാഴ്ച ബ്രഞ്ചിനാണ് ഉണരുക...
ഇത്തവണ അലാറം വെച്ച് ഏഴുമണിക്കുണരുമ്പോള്‍
ഈന്തപ്പനംപട്ടകളില്‍ നിന്ന് മഞ്ഞുതിര്‍ന്ന് തുടങ്ങിയിട്ടില്ലായിരുന്നു...
തണുപ്പുകാലത്തിന്റെ നിത്യസന്ദര്‍ശകരായ,
കഴുത്തില്‍ കറുപ്പു രാശി കലര്‍ന്ന,
വെണ്മയാര്‍ന്ന കടല്‍ക്കാക്കകളുടെ വെള്ളച്ചിറകുകളിലേക്ക്
ഉദയം പടരുന്നതേയുണ്ടായിരുന്നുള്ളൂ...
ഷാര്‍ജ്ജ കോണ്‍കോര്‍ഡ് സിനിമയ്ക്ക് മുന്നില്‍ കാത്തു നിന്ന
'കാവലാ'നുമൊന്നിച്ച് തൊട്ടടുത്തുള്ള
പാര്‍ത്ഥന്‍ ചേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴേക്ക്
ആവി പറക്കുന്ന സാമ്പാറും ഇഡ്ഡിലിയും ചട്നിയും,
മേമ്പൊടിയായ് ഞാലിപ്പൂവന്‍ പഴവും റെഡിയാക്കിവെച്ചിട്ടുണ്ടായിരുന്നു,
പാര്‍ത്ഥന്‍ ചേട്ടന്റെ ശ്രീമതിയും ബൂലോഗരുടെ പ്രിയ കവിയിത്രിയുമായ ചന്ദ്രകാന്തം!!!
പാര്‍ത്ഥന്‍ ചേട്ടന്റെ കാറില്‍ സബീല്‍ പാര്‍ക്കില്‍ എത്തിയതിനു ശേഷമുള്ള
ദൃശ്യ വിസ്മയങ്ങല്‍ ഫോട്ടോഗ്രാഫിയുടെ കുലപതികളായ മറ്റു ബ്ലോഗര്‍മാരുടെ
പോസ്റ്റുകളിലൂടെ ഇനിയും കാണാന്‍ തുടങ്ങുന്നതേയുള്ളൂ....
വിലകൂടിയ ക്യാമറകളും ലെന്‍സുകളുമായി ഒക്കെ എത്തിച്ചേര്‍ന്ന
പാര്‍ത്ഥന്‍, അപ്പു, ദേവേട്ടന്‍, വിശാലന്‍, കൈപ്പള്ളി, അനില്‍ശ്റീ, പകല്‍ക്കിനാവന്‍
തുടങ്ങിയവരുടെ പോട്ടത്തിനിടയില്‍ എന്റെ ഈ ചെറിയ കനോണില്‍ പതിഞ്ഞ
വികലമായ ചിത്രങ്ങള്‍ വെറുതേ ഇതോടൊപ്പം ചേര്‍ക്കുന്നു!
ഒരു മനസ്സമാധാനത്തിന്!!!

മഹോല്‍സവത്തിന്റെ വേദി, സബീല്‍ പാര്‍ക്ക് ദുബായ്

വഴി, ഇതിലേ നടന്ന് ഫസ്റ്റ് റൈറ്റ് എടുത്തോളൂ...

On Road....

ബ്ലോഗര്‍മാരായെലെന്താടോ? ഒന്നിറങ്ങി തള്ളിത്തന്നൂടെ ട്രാഫിക് ബ്ലോക് ആവുന്നത് കണ്ടില്ലേ?....
breakdown on the way...

തറവാടിയ്ക്ക് ചായ കിട്ടിയോന്നാര്‍ക്കറിയാം (വല്യമ്മായിയും സംഘവും)

വിശാല മനസ്ക്കനും വിശാല മനസ്ക്കിയും
വിശാല മനസ്ക്കിനി ജൂനിയേഴ്സും...

പകല്‍ക്കിനാവനും കിനാവിനിയും കിനാവാവയും

"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"

"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"
ബ്ലോഗ് ഡിസ്ക്രിപ്ഷന്‍ വിശാലന്റെ വണ്ടിയിലും...

ഈ ഭൂമീന്ന് പറഞ്ഞത് ഉരുണ്ട ഒരു ഗോളമാണ്!!!!
കൈപ്പള്ളിയുടെ കത്തി....

കാവലാനാണോ കനലാണോ കൂടുതല്‍ ഉയരം...

ഞാന്‍ സമീഹ, ഇന്നെന്റെ പ്രോഗ്രാം കൈരളി ടി.വി. യിലുണ്ടേ
കാണാന്‍ മറക്കരുത്...

ഫോട്ടം കിടിലനായിരിക്കണം, അല്ലെങ്കിലതിന് മെനക്കെടരുത്

അത്തള പിത്തള തവളാച്ചി....
(ഇതതല്ല പോട്ടം പിടിക്കുന്നതാ)

ഞാന്‍ പാര്‍ത്ഥന്‍ ഗാണ്ഢീവം എന്ന ബ്ലോഗിന്റെ മൊയ്ലാളി...

ഇതിന്റെ ഓരോ അഡ്ജസ്റ്റ്മെന്റുകള്...ഓട്ടോ ഫോക്കസാ ഗഡീ നല്ലത്..

രണ്ട് സുന്ദരന്മാരോടൊപ്പം........
സാല്‍ജയോടും ഉഗാണ്ടയോടുമൊപ്പം...

ഡേയ് പുസ്തകത്തിന്റെ കാശ് തന്നിട്ട് പോഡേയ്..

ഇങ്ങനൊന്നും ആയാല്‍പ്പോരാ, ഗൗരവപരമായ ചര്‍ച്ചകളും നടക്കണ്ടേ?
പാര്‍ത്ഥന്‍, രാജീവ് ചേലനാട്ട്, ഷംസുദ്ധീന്‍....

ഉണ്ണിയപ്പം ....

മാഷേ 'പരോളൊ'ന്ന് കാണിച്ച് തര്വോ?...
സങ്കുചിതന്‍ പരിചയപ്പെടുത്തുന്നു.......

കല്യാണമിങ്ങനെ നീണ്ടതോണ്ടല്ലേ!!!!
അല്ലെങ്കില്‍ ഞാനും ഇങ്ങനെയൊരു കുഞ്ഞാവയെയും കൊണ്ട് വരുമായിരുന്നില്ലേ...
അടുത്ത മീറ്റാവട്ടെ കാട്ടിത്തരാം.... ഉഗാണ്ട രണ്ടാമന്റെ കുണ്ടിതം.!!!!!

ഈ വിഷ്ണു മാഷൊരു സംഭവം തന്നെ
എന്തായാലും 'കുളം + പ്രാന്തത്തി ഒന്ന് വാങ്ങിയേക്കാം)
യൂസുഫ്പയുടെ ചിന്തകള്‍..

ഈ ടെന്റിന്റുള്ളില്‍ കേറി രണ്ടെണ്ണം വീശിയാലോ?.
അഗ്രജന്‍ വലിയാനുള്ള പ്ലാനില്‍
പ്രിയ കവി നസീര്‍ കടിക്കാട്, മൈനാഗന്‍, രാമചന്ദ്രന്‍ എന്നിവരോടൊപ്പം.....

'ചിലന്തി'ക്കെങ്ങനെ ചിലവുണ്ടോ സിമീ?
ഒരു കോപ്പി ഫ്രീയായി എനിക്കു തര്വോ കൈയ്യൊപ്പിട്ട്.....
രാജീവ് ചേല്ലനാട്ട് സിമി ഫ്രാന്‍സിസിനോട്..

ഇങ്ങനൊന്നും ആയാ ശരിയാവൂലെടീ, നമുക്കും ഓരോ ബ്ലോഗ് തുടങ്ങണം....
എന്നാലേ ഇവരുടെയിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ...

ഈ കത്തി കേട്ടെന്റെ നടുവൊടിഞ്ഞു....

ദോഹയിലോട്ട് വരുമ്പൊ വിളിക്കണം...
രാമചന്ദ്രന്‍ വെട്ടിക്കാട്ടും അഞ്ചല്‍ക്കാരനും...ഏറനാടനും

ഇതൊന്ന് തീര്‍ത്തിട്ട് വേണം അടുത്ത ഫോട്ടോയെടുക്കാന്‍...
ഫോട്ടോഗ്രാഫര്‍ കൂടിയായ ഷംസുദ്ധീന്‍

കശ്മലന്‍ ഒരു നാണോമില്ല, ഒരു മുണ്ടുടുത്തൂടെ?...
അഗ്രജന്‍ മരത്തിന് മുണ്ടുടുപ്പിക്കുന്നു...!

ഒരു പപ്പടം കൂടി തര്വോ? കരീം മാഷിന്റെ വിഷമം

ആ വെള്ളം മുഴുവനും കുടിച്ചോ വിശാലേട്ടാ അടുത്ത പോസ്റ്റിടാനുള്ളതാ....

ഹൗ, മുളക് കടിച്ചെന്നാ തോന്നണേ....

മധുരം, ശ്ശി കുറവുണ്ടോ?....
ബ്ലോഗര്‍ കിച്ചു, അണ്ടര്‍ ക്വാളിറ്റി കണ്ട്രോള്‍ ടെസ്റ്റ്....

ആ വടം കിട്ടിയാല്‍........ ഒന്ന് വലിക്കാമായിരുന്നു....

പഞ്ഞിമുട്ടായി, പഞ്ഞിമുട്ടായിയേ.... ഇടവേള...

അല്പ്പം കോണ്‍ ആയാലോ?

ഇന്നലെ രാത്രി ഇത്രേ അടിച്ചുള്ളൂ..ന്നിട്ടും മണം വരുന്നുണ്ടോ?
കൈതമുള്ള് മാഷ്, രാമചന്ദ്രന്‍ ശിവപ്രസാദ്/മൈനാഗന്‍

അതേയ് കിലുക്കാം പെട്ടീ ഞങ്ങളിവിടെ തകര്‍ക്കുകയാ....
ശിവേട്ടന്‍, രാമചന്ദ്രന്‍, മീ, ഹരിയണ്ണന്‍, കൈതമുള്ള് മാഷ്...

എന്റെ പോട്ടം ഒറ്റക്കിടുത്താല്‍ മതി : പൊതുവാള്‍

കൈപ്പള്ളിയേക്കാള്‍ വല്യ ലെന്‍സെന്റമ്മോ!!!!!

ഹരിയണ്ണന്‍ കനല്‍ വിശാലന്‍ ഞാന്‍....

ഇതു കിടിലനായിരിക്കും!!!
ശിവേട്ടന്‍, കുറുമാന്‍, വിശാലന്‍, സിദ്ധാര്‍ത്ഥന്‍, സിമി....

ഞാന്‍ മൈനാഗന്‍...

ആരുവാടേ കൂടുതല്‍ ചുള്ളന്‍?
ഉഗാണ്ട രണ്ടാമന്‍ ഏറനാടന്‍

നമുക്കീ വാരഫലം ഇനി ദിവസഫലമാക്കിയാലോ?
അനില്‍ശ്റീയും ....അഞ്ചല്‍ക്കാരനും...
പുസ്തകവില്പ്പന.....
പുസ്തകവില്പ്പന.....

എന്റെ ക്യാമറ വലിച്ചെറിഞ്ഞ് ഞാനീ നാടു തന്നെ വിട്ടു പോകേണ്ടി വരും
ഇതിനിടയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല...കട്ടായം...
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും
ഇവിടെയും കാണാം
യു.എ.യിക്ക് പുറത്ത് ആയിപ്പോയ മറ്റു ബ്ലോഗേഴ്സിനും.....
(ആഗ്നേയ, ബിന്ദു കെ.പി., ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യ, തണല്‍....തുടങ്ങി ഒട്ടനവധി)
പിന്നെ ഈ ഭൂലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന എല്ലാ 'ബൂലോഗ' സൗഹൃദങ്ങള്‍ക്കും
ഈ മീറ്റ് സമര്‍പ്പിക്കുന്നു....
പനിപിടിച്ച് അവധിയെടുത്ത് വീട്ടിലിരിക്കുന്നതിനിടയിലാണ്
മീറ്റിന്റെ വിവരമറിഞ്ഞത്.
പങ്കെടുക്കാന്‍ കഴിയുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല!!!
ചില സൗഹൃദങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് മീറ്റിനെത്തിയത്...
ഇപ്പോള്‍ മനസ്സിലാക്കുന്നു...
പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ഒരുപക്ഷേ ഏറ്റവും വലിയ
നഷ്ടമാകുമായിരുന്നു ഇത്.....


